• 26 May 2018
  • 07: 03 PM
Latest News arrow

സ്ത്രീധനത്തുക കിട്ടിയില്ല; ഭര്‍ത്താവ് ഭാര്യയുടെ വൃക്ക വിറ്റു

കൊല്‍ക്കത്ത: സ്ത്രീധന തുക കിട്ടാത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ വൃക്കകളിലൊന്ന് വിറ്റു. റീത സര്‍ക്കാര്‍ എന്ന സ്ത്രീയാണ് ഭര്‍ത്താവ് തന്റെ വൃക്ക വിറ്റെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

രണ്ട് വര്‍ഷം മുമ്പ് വയറുവേദനയെത്തുടര്‍ന്ന് റീതയ്ക്ക് അപ്പന്‍ഡിസൈറ്റിസിന്റെ സര്‍ജറി നടത്തിയിരുന്നു. സര്‍ജറിക്ക് ശേഷം സര്‍ജറി നടത്തിയ കാര്യം ആരോടും പറയരുതെന്ന് ഭര്‍ത്താവ് ഇവരോട് ആവശ്യപ്പെട്ടു. മാസങ്ങള്‍ക്ക് ശേഷം 2017ല്‍ റീതയ്ക്ക് പെട്ടെന്ന് സുഖമില്ലാതായി. തുടര്‍ന്ന് നടത്തിയ രണ്ട് വൈദ്യ പരിശോധനയില്‍ ഇവരുടെ കിഡ്‌നികളിലൊരെണ്ണം നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.

സ്ത്രീധനത്തുകയുടെ കാര്യം പറഞ്ഞ് ഭര്‍ത്താവ് എപ്പോഴും തന്നോട് വഴക്കിടുമായിരുന്നുവെന്ന് റീത വെളിപ്പെടുത്തി. ''എന്തുകൊണ്ടാണ് അപ്പന്‍ഡിസൈറ്റിസ് സര്‍ജറിയുടെ കാര്യം ആരോടും പറയരുതെന്ന് ഭര്‍ത്താവ് എന്നോട് ആവശ്യപ്പെട്ടതെന്ന് ഇപ്പോള്‍ മനസ്സിലായി. എന്റെ വീട്ടുകാര്‍ക്ക് സ്ത്രീധനതുക നല്‍കാന്‍ കഴിയാത്തതുമൂലം ഭര്‍ത്താവ് എന്റെ വൃക്ക വിറ്റിരിക്കുന്നു.'' റീത പറഞ്ഞു. 

റീതയുടെ പരാതിയില്‍ റീതയുടെ ഭര്‍ത്താവിനും മറ്റ് രണ്ട് പേര്‍ക്കും എതിരായി കൊലപാതകക്കുറ്റത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നില്‍ അവയവ റാക്കറ്റിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉദയ് ശങ്കര്‍ ഘോഷ് പറഞ്ഞു.