• 22 Sep 2023
  • 04: 53 AM
Latest News arrow

ഒളിംപിക്‌സ് : പുരുഷ ഹോക്കിയില്‍ തോറ്റിട്ടും ഇന്ത്യ ക്വാര്‍ട്ടറില്‍ , വനിതാ ഹോക്കിയില്‍ ഇന്ത്യ പുറത്ത്

റിയോ ഡി ജനീറോ : 36 വര്‍ഷങ്ങള്‍ക്ക്ശേഷം ആദ്യമായി ഒളിംപിക്‌ പുരുഷ ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്തി. ഹോളണ്ടിനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇന്ത്യ തോറ്റിരുന്നു. എങ്കിലും ഗ്രൂപ്പ് ബിയിലെ അര്‍ജന്റീന-ജര്‍മനി മത്സരം സമനിലയിലായതാണ് ഇന്ത്യയെ തുണച്ചത് . അര്‍ജന്റീന നിര്‍ണായക മത്സരത്തില്‍ ജര്‍മനിയോട് 4-4 സമനില വഴങ്ങിയതോടെ ഇന്ത്യ ക്വാര്‍ട്ടര്‍ഫൈനല്‍  ഉറപ്പിക്കുകയായിരുന്നു. 1980 മോസ്‌കോ ഒളിംപിക്‌സിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിംപിക് ഹോക്കി ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത് .

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യനാളെ കാനഡയെ നേരിടും. കാനഡ നേരത്തേ പുറത്തായതിനാല്‍ മത്സരം പ്രസക്തമല്ല .എന്നാല്‍ ഇന്ത്യക്ക് ജയിക്കാനായാല്‍ ക്വാര്‍ട്ടറില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാം. ഗ്രൂപ്പ് ബിയില്‍ ഹോളണ്ടും ജര്‍മനിയും ഇന്ത്യക്കൊപ്പം ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട് . അര്‍ജന്റീനയും അയര്‍ലന്‍ഡും തമ്മിലുള്ള അവസാന മത്സരത്തിലെ വിജയികള്‍ നാലാമതായി ക്വാര്‍ട്ടറിലെത്തും.

1980 മോസ്‌ക്കോ ഒളിംപിക്‌സ് വരെ എട്ടു തവണ ഗോള്‍ഡ് മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം പിന്നീടിങ്ങോട്ട് ആദ്യ റൗണ്ടിനപ്പുറം കടന്നിട്ടില്ല. നിലവില്‍ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും രണ്ട് തോല്‍വിയുമായി ഇന്ത്യ ഗ്രൂപ്പ് ബിയില്‍ മൂന്നാമതാണ്. 

അതേ സമയം , വനിതാ ഹോക്കിയില്‍  ഇന്ത്യ മൂന്നാമതും തോറ്റു ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. അമേരിക്കയ്‌ക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. 13 ന് അര്‍ജന്റീനയുമായി ഇന്ത്യയുടെ അവസാന മത്സരം ബാക്കിയുണ്ട്. ഗ്രൂപ്പ് ബിയില്‍ ഒരു പോയിന്റ് മാത്രമുള്ള ഇന്ത്യ ആറാം സ്ഥാനത്താണ്.