• 22 Aug 2018
  • 07: 54 AM
Latest News arrow

കേരളത്തില്‍ അടുത്ത മൂന്ന് ദിവസം കനത്ത മഴ; അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസം കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 20 സെന്റീമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം. കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അഗ്നിശമന സേനകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഈ മാസം മുപ്പത് വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ബീച്ചുകളിലെത്തുന്ന വിനോദ സഞ്ചാരികളെ കടലില്‍ ഇറങ്ങുന്നതില്‍ നിന്നും തടയാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ദുരിതാശ്വാസ ക്യാമ്പുകളാക്കാന്‍ തീരുമാനിച്ചിരിക്കുന്ന കെട്ടിടങ്ങളുടെ താക്കോലുകള്‍ വില്ലേജ് ഓഫീസര്‍മാരോ തഹസില്‍ദാര്‍മാരോ സൂക്ഷിക്കാനും നിര്‍ദേശമുണ്ട്. 

ഉരുള്‍പ്പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴ് മണി മുതല്‍ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താന്‍ പൊലീസിനും നിര്‍ദേശം ലഭിച്ചു. മലയോര മേഖലയിലെ റോഡിന് കുറുകെയുള്ള ചാലുകളില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കാന്‍ പൊലീസ് ശ്രദ്ധിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.