• 23 Sep 2023
  • 03: 22 AM
Latest News arrow

ഹജ്ജ് കരാര്‍ ഒപ്പുവെച്ചു; ഇന്ത്യന്‍ ഹജ്ജ് ക്വാട്ടക്ക് മാറ്റമില്ല

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിന് ഇന്ത്യയില്‍നിന്നും 1,36,020 തീര്‍ഥാടകര്‍ എത്തും. സൗദി അറേബ്യ കഴിഞ്ഞ തവണത്തെ ക്വാട്ടതന്നെയാണ് ഇത്തവണയും അനുവദിച്ചത്. ഈ വര്‍ഷത്തെ ഹജ്ജ് നടപടിക്രമങ്ങള്‍ക്കു തുടക്കമിട്ട് ഇന്ത്യയും സൗദിയും ചൊവ്വാഴ്ച വൈകിട്ട് ജിദ്ദയില്‍ ഹജ്ജ് കരാര്‍ ഒപ്പുവെച്ചു.

സൗദി ഹജ്ജ് മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ ഹജ്ജ്് മന്ത്രി ഡോ. ബന്ദര്‍ അല്‍ ഹജാറും ഇന്ത്യന്‍ വിദേശ സഹമന്ത്രി റിട്ട. ജനറല്‍ വി കെ സിംഗുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഈ വര്‍ഷം ഹജ്ജ് കരാര്‍ ഒപ്പ് വെക്കുന്ന ആദ്യ വിദേശ രാജ്യമാണ് ഇന്ത്യ. ഇന്ത്യക്കനുവദിച്ച ഹജ്ജ് ക്വാട്ടയില്‍ 100,020 ഹജ്ജ് കമ്മിറ്റിക്കും 36,000 സ്വകാര്യ ഗ്രൂപ്പുകള്‍ക്കുമാണ്.
അംബാസഡര്‍ ഹാമിദ് അലി റാവു, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഖൈസര്‍ ഷമീം, വിദദേശകാര്യ വകുപ്പിലെ ഹജ്ജ് ആന്റ് വിദേശ കാര്യ ജോയിന്റ് സെക്രട്ടറി അജിത് ഗുപ്ത, കോണ്‍സല്‍ ജനറല്‍ ബിഎസ് മുബാറക്, ഹജ് കമ്മിറ്റി സിഇഒ അത്താഉ റഹ്മാന്‍, ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് നൂഹ് റഹ്മാന്‍ ഷെയ്ഖ് എന്നിവരും വ്യോമയാന മന്ത്രാലയ പ്രതിനിധികളും സംബന്ധിച്ചു.  

മന്ത്രി ബന്ദര്‍ ഹജാര്‍ അന്തരിച്ച ഭരണാധികാരി അബ്ദുല്ല രാജാവിന്റെ പരലോക മോക്ഷത്തിനായി പ്രാര്‍ഥിക്കുകയും അദ്ദേഹം രാജ്യത്തിനും ഹാജിമാരുടെ ക്ഷേമത്തിനുമായി നടപ്പാക്കിയ വികസന പദ്ധതികളെ പ്രകീര്‍ത്തിക്കുകയും ചെയ്തു.
അബ്ദുല്ല രാജാവിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച മന്ത്രി വി കെ സിംഗ് ഹാജിമാര്‍ക്ക് നല്‍കുന്ന സേവനങ്ങളെ പ്രശംസിച്ചു. തുടര്‍ന്ന് സല്‍മാന്‍ രാജാവിന് ആശംസയും നേര്‍ന്നു. സൗദിയെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാനും ഹാജിമാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കാനും കഴിയട്ടെയെന്നും വി കെ സിംഗ്  ആശംസിച്ചു. കിരീടാവകാശിയായിരിക്കെ സല്‍മാന്‍ രാജാവ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഡഹിയിലും ജി20 ഉച്ചകോടിക്കിടെ ഓസ്‌ട്രേലിയായിലെ ബ്രിസ്ബണിലും നടത്തിയ കൂടിക്കാഴ്ചകള്‍ മന്ത്രി അനുസ്മരിച്ചു.
ഹാജിമാര്‍ക്ക് മിനയില്‍ ഏര്‍പ്പെടുത്തുന്ന ശീതീകരണ സംവിധാനം, ജിദ്ദ-മക്ക-മദീന ബസ് സര്‍വീസ്, കാറ്ററിംഗ്, ബാഗേജുകളുടെ ഏകീകരണം തുടങ്ങിയ വിഷയങ്ങളിലും ഇരു മന്ത്രിമാരും ചര്‍ച്ച നടത്തി. മന്ത്രി ഹജാര്‍ സൗദി അറേബ്യയുടെ ഉപഹാരവും മന്ത്രി വികെ സിംഗ് ഇന്ത്യയുടെ ഉപഹാരവും കൈമാറി.