• 21 Jun 2018
  • 05: 18 PM
Latest News arrow

ഭക്ഷണം കഴിക്കാതെ എത്രനാള്‍ ജീവിക്കും? ദയാവധത്തിന് അപേക്ഷ നല്‍കി മൂന്നാംലിംഗക്കാരന്‍

തൃശൂര്‍: ജീവിക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്ക് മൂന്നാംലിംഗക്കാരന്റെ അപേക്ഷ. പട്ടിണിയേക്കാളും ഒറ്റപ്പെടലിനേക്കാളും ഭേദം മരണമാണെന്നും അതിനാല്‍ തനിക്ക് ദയാവധം അനുവദിക്കണമെന്നുമാണ് തൃശൂര്‍ എടമുട്ടം സ്വദേശിയായ സുജി തൃശൂര്‍ കളക്ടറോട് അപേക്ഷിച്ചിരിക്കുന്നത്. 

1989ല്‍ സര്‍ക്കാര്‍ നഴ്‌സിങ് കോളേജില്‍ നിന്ന് ബിഎസ്‌സി നഴ്‌സിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട് സുജി. തുടര്‍ന്ന് ഒരു ജോലിക്ക് വേണ്ടി ഏറെക്കാലം അലഞ്ഞു. അവസാനം സൗദിയില്‍ ഒരു ആശുപത്രിയില്‍ ജോലി കിട്ടി. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ സുജിയുടെ ലിംഗത്തെച്ചൊല്ലി സംശയങ്ങളും തര്‍ക്കങ്ങളുമുണ്ടാവുകയും സുജി പരിശോധനയ്ക്ക് വിധേയമാവണം എന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ അതിന് നിന്നു കൊടുക്കാതെ സുജി നാട്ടിലേക്ക് തിരിച്ചു വന്നു.

എപ്പോഴും പിന്തുണയുമായി കൂടെ നിന്ന അച്ഛന്‍ മരിച്ചതോടെ കുടുംബത്തിലും സുജി ഒറ്റപ്പെട്ടു. സൗദിയില്‍ ജോലി ചെയ്തുണ്ടാക്കിയ പണം കൊണ്ട് ചെറിയ വീട് വെച്ചെങ്കിലും അതിന്റെ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും കേറിക്കിടക്കാന്‍ ഒരു വീടുണ്ടെന്ന സമാധാനമുണ്ട് സുജിയ്ക്ക്.

ഇക്കാലത്ത് സുജി തൃശൂരിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ ആശുപത്രികളില്‍ ജോലിക്ക് അപേക്ഷിച്ചുവെങ്കിലും ലിംഗം എല്ലായിടത്തും തടസ്സമായി. ആരും ജോലി നല്‍കിയില്ല. ഇപ്പോള്‍ ജീവിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ കഷ്ടപ്പെടുകയാണ് സുജി. തനിക്ക് നഴ്‌സിങ് ജോലി തന്നെ വേണമെന്നില്ലെന്നും എന്ത് ജോലി ചെയ്യാനും തയ്യാറാണെന്നും അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സുജി മൂന്ന് തവണ തൃശൂര്‍ കളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടാകാതെ വന്നപ്പോഴാണ് ദയാവധം അനുവദിക്കണമെന്ന് സുജി കളക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ പാരാ ലീഗല്‍ വോളന്റിയറാണ് സുജി. ഒരു മാസം എട്ട് ദിവസങ്ങളാണ് ആകെ ജോലിയുണ്ടാവുക. ഒരു ദിവസത്തേയ്ക്ക് 750 രൂപ കിട്ടും. ഒരു മാസമാകുമ്പോള്‍ ആറായിരം രൂപയായിരിക്കും ലഭിക്കുക. എന്നാല്‍ ആറ് മാസം കൂടുമ്പോള്‍ ഒന്നിച്ചാണ് ശമ്പളം നല്‍കുന്നത്. അതിനാല്‍ കഷ്ടിച്ച് ജീവിച്ചു പോവുകയാണ് സുജി. കേരളത്തില്‍ ആദ്യമായി വോട്ടേഴ്‌സ് ഐഡന്റിറ്റി കാര്‍ഡ് ലഭിച്ച് വോട്ട് ചെയ്ത മൂന്നാംലിംഗക്കാരന്‍ കൂടിയാണ് സുജി.