യൂറോകപ്പ് : വെയ്ല്‍സ് അടിയറവ് പറഞ്ഞു ; പോര്‍ച്ചുഗല്‍ ഫൈനലില്‍ (2-0)

ലിയോണ്‍ (ഫ്രാന്‍സ്): യൂറോകപ്പില്‍ അട്ടിമറി വിജയങ്ങള്‍ നേടി സെമിയിലെത്തിയ ഇത്തിരിയുള്ള വെയ്ല്‍സിനെ മടക്കമില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ ഫൈനലിലെത്തി .
ഒന്നാം പകുതി ഗോള്‍രഹിത സമനിലയായിരുന്നു. സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് അമ്പതാം മിനിറ്റില്‍ മനോഹരമായൊരു ഹെഡ്ഡറിലൂടെ പോര്‍ച്ചുഗലിന്റെ ആദ്യഗോള്‍ നേടിയത്. യൂറോകപ്പിലെ തന്റെ ഒന്‍പതാം ഗോള്‍. ഇതോടെ ഫ്രാന്‍സിന്റെ ഇതിഹാസതാരം മിഷേല്‍ പ്ലാറ്റിനിയുടെ റെക്കോഡിനൊപ്പമെത്തി റൊണാള്‍ഡോ. മൂന്ന് മിനിറ്റിനുശേഷം നാനി രണ്ടാം ഗോളും നേടി.
സെമിഫൈനലിന് ഒത്ത പോരാട്ടമായിരുന്നില്ല പോര്‍ച്ചുഗലും വെയ്ല്‍സും പുറത്തെടുത്തത്.ചില നേരങ്ങളില്‍ വെയ്ല്‍സിനായിരുന്നു മുന്‍തൂക്കം .
ഏഴു യൂറോ ചാംപ്യന്‍ഷിപ്പുകളില്‍ ആറിലും സെമിയിലെത്തിയ പോര്‍ച്ചുഗല്‍ 2004നു ശേഷം ഫൈനലില്‍ കടക്കുന്നത് ഇതാദ്യമാണ്. 2004ല്‍ ഗ്രീസിനോടാണ് ഫൈനലില്‍ അവര്‍ തോറ്റത്.
ഇന്ന് അര്‍ദ്ധരാത്രിക്കു ശേഷം 12 .30 ന് നടക്കുന്ന ജര്‍മ്മനി ഫ്രാന്‍സ് രണ്ടാം സെമിയിലെ വിജയികളെയാണ് ഫൈനലില്‍ പോര്‍ച്ചുഗല്‍ നേരിടുക.