• 14 Dec 2018
  • 03: 21 AM
Latest News arrow

ബലാത്സംഗം ആരോപിച്ച് ഭാര്യ ഭർത്താവിനെതിരെ കേസ് കൊടുത്തു ; ഭർത്താവ് അറസ്റ്റിൽ

കൊൽക്കത്ത: തന്റെ സമ്മതമില്ലാതെ ബലംപ്രയോഗിച്ച് ലൈംഗികബന്ധം നടത്തിയെന്നാരോപിച്ച് ഭാര്യ ഭർത്താവിനെതിരെ കേസ് കൊടുത്തു. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭർത്താവിന്റെ മാതാപിതാക്കൾക്കെതിരെ സ്ത്രീധനം ആവശ്യപ്പെട്ട് ദേഹോപദ്രവം ഏൽപ്പിച്ചതിനും കേസ് കൊടുത്തിട്ടുണ്ട് . താൻ ഗർഭിണിയായ ശേഷവും ശാരീരികപീഡനം തുടർന്നുവെന്ന് സ്ത്രീ അറിയിച്ചു.  വടക്കൻ കൊൽക്കത്തയിലെ സിന്തിയിലാണ് സംഭവം. ഗാർഹികപീഡന കേസുകളിൽ ആദ്യമായാണ് ഭാര്യ ഭർത്താവിനെതിരെ ബലാത്‌സംഗക്കുറ്റം ആരോപിക്കുന്നതെന്ന് നിയമവൃത്തങ്ങൾ അറിയിച്ചു. 

പൊലീസ് പറയുന്നതിങ്ങനെ :

ഒരു സ്വകാര്യബാങ്കിലെ ഉയർന്ന ഓഫീസറാണെന്ന് അവകാശപ്പെട്ടാണ് , ഇപ്പോൾ അറസ്റ്റിലായയാൾ  വിവാഹം കഴിച്ചതെന്നാണ് സ്ത്രീയുടെ മൊഴി. എന്നാൽ വിവാഹശേഷം ഭർത്താവിന്റെ വീട്ടിലെത്തിയപ്പോൾ താൻ വഞ്ചിക്കപ്പെടുകയാണെന്ന് മനസ്സിലായി. ചെറിയൊരു സ്വകാര്യകമ്പനിയിലെ താഴ്ന്ന വരുമാനമുള്ള ജോലിയായിരുന്നു അയാൾക്ക്‌. വിവാഹശേഷം ഈ ജോലിക്കും ഇയാൾ പോകാതായി. ഇതേത്തുടർന്ന് ഭാര്യ ഇയാളെ അവഗണിക്കാൻ തുടങ്ങി. എന്നാൽ അയാൾ ബലംപ്രയോഗിച്ച് ലൈംഗികബന്ധത്തിലേർപ്പെടുകയും അയാളുടെ മാതാപിതാക്കൾ ഉപദ്രവിക്കുന്നത് പതിവാക്കുകയും ചെയ്തു. മറ്റൊരു വഴിയുമില്ലാതെയാണ് കോടതിയെ സമീപിച്ചതെന്നാണ് മൊഴിയിലുള്ളത്. ഇക്കാര്യം പരിശോധിക്കുകയാണെന്ന് പോലീസ് പറയുന്നു. 

അതേ സമയം,  ഈ സ്ത്രീയെ  അഭിനന്ദിച്ച് വനിതാവകാശ സംഘടനകൾ രംഗത്ത്  വന്നിട്ടുണ്ട്. വിവാഹശേഷമായാലും  ഭാര്യയുടെ സമ്മതമോ ഇഷ്ടമോ കൂടാതെ ബലം പ്രയോഗിച്ച് ലൈംഗികബന്ധം പുലർത്തുന്നത് കുറ്റകരമാണെന്ന് ഇന്ത്യൻ നിയമവ്യവസ്ഥയിൽ ഉൾക്കൊള്ളിക്കണമെന്നാണ് ഇവരാവശ്യപ്പെടുന്നത്. ഇതിനായി ഐ.പി.സി യിൽ ഭേദഗതി കൊണ്ടുവരണമെന്നും വനിതാവകാശസംഘടനകൾ ആവശ്യപ്പെടുന്നു.