• 16 Nov 2018
  • 02: 19 PM
Latest News arrow

അലന്‍സിയർക്കെതിരെ കുരുക്ക് മുറുകുന്നു; ദിവ്യയുടെ ആരോപണങ്ങൾ ശരിവച്ച് 'ആഭാസം' സംവിധായകന്‍

കൊച്ചി: അലന്‍സിയര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി ദിവ്യ ഗോപിനാഥിനെ പിന്തുണച്ച് 'ആഭാസം' സിനിമയുടെ സംവിധായകന്‍ ജുബിത് നംമ്രാടത്ത്. ദിവ്യ പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. അലന്‍സിയര്‍ സെറ്റില്‍ പലപ്പോഴും മോശമായാണ് പെരുമാറിയതെന്നും ഫേസ്ബുക്കിലെ കുറിപ്പില്‍ ജുബിത് പറഞ്ഞു.

'എഴുതിയ വാക്കുകളും, പറഞ്ഞ വാക്കുകളും നൂറ് തവണ ശരിയാണ്. അവള്‍ക്കൊപ്പം തന്നെയാണ് ആഭാസത്തില്‍ വര്‍ക്ക് ചെയ്ത ഏതൊരു തെളിവുള്ള ബോധവും. ആഭാസത്തിന്റെ സെറ്റ് വളരെ രസകരമായിരുന്നു എന്നും, എല്ലാരും എല്ലാരുടെയും മുറികളില്‍ പോകാറുണ്ടെന്നും, എല്ലാവരും മദ്യപിക്കാറുണ്ടെന്നും, മദ്യ ലഹരിയില്‍ തെറ്റു പറ്റി പോയെന്നും, വാതിലില്‍ ചവിട്ടിയില്ല കൊട്ടിയതേ ഉള്ളൂ എന്നും, ദിവ്യ പറയുന്നത് പൂര്‍ണമായും ശരിയല്ലെന്നുമുള്ള അലന്‍സിയറുടെ വാദങ്ങള്‍ വായിച്ചു. ഇങ്ങനെ ഒരു ചുറ്റുപാടിന്റെ വ്യക്തമായ മുതലെടുപ്പാണ് അലന്‍സിയര്‍ നടത്തിയത്.'' 

സൂപ്പര്‍ താരങ്ങള്‍ സെറ്റുകളില്‍ കാണിച്ചു കൂട്ടുന്ന തോന്ന്യാസങ്ങളെ ആരാധനാമനോഭാവത്തോടെ കാണുന്ന ഏതൊരു വ്യക്തിയും ചെന്ന് വീഴുന്ന പടുകുഴിയിലാണ് അലന്‍സിയറും വീണിരിക്കുന്നത്. ഇന്ന് അലന്‍സിയര്‍, നാളെ ആ സൂപ്പര്‍ താരങ്ങളാകട്ടെയെന്നും ജുബിത് പറഞ്ഞു.