• 21 Sep 2018
  • 04: 37 PM
Latest News arrow

മെസ്സിപ്പടയുടെ മരണമണി മുഴങ്ങി; ക്രൊയേഷ്യയോട് നാണം കെട്ട തോല്‍വി

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യയോട് ഞെട്ടിപ്പിക്കുന്ന തോല്‍വി ഏറ്റുവാങ്ങി അര്‍ജന്റീന. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മെസ്സിപ്പട തകര്‍ന്നടിഞ്ഞു. ആന്റേ റെബിക്ക്, ലൂക്കാ മോഡ്രിച്ച്, ഇവാന്‍ റാകിടിച്ച് എന്നിവരാണ് അര്‍ജന്റീന വധം നടത്തിയത്. ഇതോടെ ലോകകപ്പില്‍ അര്‍ജന്റീനയുടെ മുന്നോട്ടുള്ള വഴി തുലാസിലായി.

53-ാം മിനിറ്റിലാണ് ക്രൊയേഷ്യയുടെ ആദ്യഗോള്‍ പിറന്നത്. ഗോള്‍ കീപ്പര്‍ വില്ലി കബല്ലാരോയ്ക്ക് പറ്റിയ അബദ്ധമാണ് ഈ ഗോളില്‍ കലാശിച്ചത്. പന്ത് സ്വീകരിച്ച കബല്ലാരോ മാര്‍കാഡോയ്ക്ക് മറിച്ച് നല്‍കാനുള്ള ശ്രമത്തിനിടെ റെബിക്കിന്റെ കാലിലേക്ക്. ബോക്സില്‍ നിന്നുള്ള ഷോട്ട് ഗോള്‍കീപ്പറുടെ തലയ്ക്ക് മുകളിലൂടെ വലയില്‍ പതിച്ചു.

പ്രതിരോധം മറന്നുള്ള പോരാട്ടമായിരുന്നു മുന്‍ ലോകചാംപ്യന്മാരുടേത്. ഇതിനിടെ രണ്ടാം ഗോളും വഴങ്ങി. 80-ാം മിനിറ്റില്‍ റയല്‍ മാഡ്രിഡ് മധ്യനിരതാരം ലൂക്കാ മോഡ്രിച്ച് ഗോള്‍ നേടി. ഓട്ടോമെന്‍ഡിയെ കാഴ്ചക്കാരാക്കി 25 വാര അകലെ നിന്നുള്ള ഷോട്ട് വളഞ്ഞ് പുളഞ്ഞ് പോസ്റ്റിലേക്ക്. ഗോള്‍ കീപ്പര്‍ ഒരു മുഴുനീളെ ഡൈവിങ്ങിന് ശ്രമിച്ചെങ്കിലും പന്ത് ഗോള്‍ വര കടന്നു. 

ഇഞ്ചുറി ടൈമില്‍ റാകിടിച്ചിന്റെ അവസാന ഗോളും പിറന്നു. റാകിടിച്ചിന്റെ ആദ്യ ഗോള്‍ ശ്രമം ഗോള്‍ കീപ്പര്‍ തട്ടിയകറ്റിയെങ്കിലും പന്ത് കോവാകിച്ചിന്റെ കാലിലൂടെ വീണ്ടും റാകിടിച്ചിലേക്കെത്തി. പിന്നെ ഗോള്‍ പിറക്കാന്‍ താമസമുണ്ടായിരുന്നില്ല.