• 22 Aug 2018
  • 03: 40 AM
Latest News arrow

ആധാറൊക്കെയെന്ത്? ജനങ്ങളുടെ സ്വകാര്യതയിലേക്ക് ക്യാമറയുമായി കടന്നുകയറി ചൈനീസ് സര്‍ക്കാര്‍

ബീജിങ്: സ്വകാര്യതയിലേക്ക് ആധാര്‍ കാര്‍ഡിലൂടെ എത്തിനോക്കുന്ന സര്‍ക്കാരിനെതിരെ ഇന്ത്യന്‍ ജനത പോരാടുമ്പോള്‍ തങ്ങളുടെ സ്വകാര്യത ക്യാമറയില്‍ പകര്‍ത്തുന്ന സര്‍ക്കാരിനെതിരെ ഒന്നു ശബ്ദമുയര്‍ത്താന്‍ പോലും കഴിയാതെ വന്നിരിക്കുകയാണ് ചൈനീസ് ജനതയ്ക്ക്. ആളുകളുടെ മുഖം ക്യാമറയില്‍ ഒപ്പിയെടുത്ത് അവര്‍ കുറ്റവാളികളാണോയെന്ന് പരിശോധിക്കുകയാണ് ഇപ്പോള്‍ ചൈനീസ് സര്‍ക്കാര്‍. ഇതിനായി എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ക്യാമറ ഘടിപ്പിച്ച സണ്‍ഗ്ലാസുകള്‍ നല്‍കിക്കഴിഞ്ഞു.

പൊലീസ് കുറ്റവാളികളെന്ന് സംശയിക്കുന്നവരുടെ പട്ടിക ഈ സണ്‍ഗ്ലാസുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഏത് ആള്‍ക്കൂട്ടത്തെയും ഞൊടിയിടയില്‍ സ്‌കാന്‍ ചെയ്ത് തങ്ങളുടെ പട്ടികയിലുള്ള ആരെങ്കിലും അക്കൂട്ടത്തില്‍ ഉണ്ടോയെന്ന് പൊലീസിന് കണ്ടെത്താം. ഇവരുടെ ഫോട്ടോയെടുത്ത് സണ്‍ഗ്ലാസിന്റെ ഇന്റേണല്‍ ഡേറ്റാബേസിലുള്ള ചിത്രങ്ങളുമായി ഒത്തുനോക്കുകയാണ് ചെയ്യുന്നത്. ചിത്രങ്ങള്‍ തമ്മില്‍ യോജിക്കുന്നുണ്ടെങ്കില്‍ ആളുടെ പേരും മറ്റ് വിവരങ്ങളും ഓഫീസര്‍ക്ക് അയച്ചുകൊടുക്കും. 

ഇതുവരെ 7 പേരെ പൊലീസ് ഇത്തരത്തില്‍ പിടികൂടി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുള്ള 26 ആളുകളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. നഗരങ്ങളിലെ തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തില്‍ പൊലീസ് സണ്‍ഗ്ലാസ് ക്യാമറകള്‍ ഉപയോഗിക്കുന്നത്. 

അതേസമയം ക്യാമറ സണ്‍ഗ്ലാസിനെതിരെ വിമര്‍ശനം ശക്തമാകുന്നുണ്ട്. സര്‍ക്കാരിന് ജനങ്ങളുടെ മേല്‍ കൂടുതല്‍ അധികാരം നല്‍കുന്ന നടപടിയാണിതെന്ന് വിമര്‍ശകര്‍ പറയുന്നു. തങ്ങളുടെ അധികാരത്തിന്‍ കീഴില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരാളെയും അനുവദിക്കില്ലെന്ന് ഓരോ പുതിയ സാങ്കേതിക വിദ്യയിലൂടെയും ഊന്നിപ്പറയുകയാണ്  ചൈനീസ് സര്‍ക്കാറെന്നാണ് ഇവരുടെ ആരോപണം.