സാമ്പത്തിക അഴിമതി പോലെ ലൈംഗിക അഴിമതിയും ഒരു സാമൂഹ്യ പ്രശ്നമാണ്: ചെറിയാന് ഫിലിപ്പ്

തിരുവനന്തപുരം: രാഷ്ട്രീയ ഉദ്യോഗസ്ഥമേഖലകളിലെ സാമ്പത്തിക അഴിമതി പോലെ ലൈംഗിക അഴിമതിയും ഒരു സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുകയാണെന്ന് ചെറിയാന് ഫിലിപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ചെറിയാന് ഫിലിപ്പിന്റെ അഭിപ്രായ പ്രകടനം.
കേരള രാഷ്ട്രീയത്തില്‍ യുഎഡിഎഫ് അഴിമതി ഏറെ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ള സോളാര്‍ അഴിമതി കേസിനെ ഉദ്ധരിച്ചാണ് സ്ത്രീ പീഡനത്തെക്കുറിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റ്. 'സ്ത്രീകളെ ഇരയാക്കുന്ന പുരുഷന്റെ ലൈംഗിക ചൂഷണവും സ്വാര്‍ത്ഥലാഭത്തിനു പുരുഷനെ വശീകരിക്കുന്ന സ്ത്രീ മനോഭാവവും ഇടകലര്‍ന്ന ലൈംഗിക അഴിമതി തന്നെയാണ്. സ്ത്രീയുടെ മാനം പുരുഷന് കവര്‍ന്നാലും സ്ത്രീ തന്റെ മാനം പുരുഷന് വിറ്റാലും കുറ്റകൃത്യമാണ്.' ചെറിയാന് ഫിലിപ്പ് പറയുന്നു.
തന്നെ ലൈംഗികമായി ചൂഷണം ചെയ്തവരുടെ പേരുകള്‍ സരിതാനായര്‍ വെളിപ്പെടുത്തിയിട്ടും പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രതികരിക്കാത്ത വനിതാ രാഷ്ട്രീയ നേതൃത്വത്തെ ചോദ്യം ചെയ്യുന്ന ചെറിയാന് ഫിലിപ്പ് അത് വെറും ബ്ലാക്ക് മെയിലിംഗ് തന്ത്രമായി മാത്രമായി ലഘൂകരിക്കുകയാണ് ചെയ്തതെന്നും ആരോപിക്കുന്നു.
അവിഹിത കാര്യസാദ്ധ്യത്തിനും പദവികള്‍ നേടുന്നതിനും ലൈംഗികത എന്ന കള്ളപ്പണം ഉപയോഗിക്കുന്ന പ്രവണത സാംസ്കാരിക ജീര്‍ണതയാണെന്ന് ആരോപിക്കുന്ന പോസ്റ്റ് 'അധികാരത്തിലുള്ള പുരുഷന് വിധേയനാകുന്ന അര്‍ഹതയില്ലാത്ത സ്ത്രീകള്‍ക്ക് നേട്ടമുണ്ടാകുമ്പോള്‍ അര്‍ഹതയുള്ള സ്ത്രീകള്‍ക്കാണ് നഷ്ടം സംഭവിക്കുന്നത.് ഇതാണ് യഥാര്‍ത്ഥ സ്ത്രീ പീഡനം' എന്ന വാചകത്തോടെയാണ് അവസാനിപ്പിക്കുന്നത്.