• 19 Jun 2019
  • 05: 34 PM
Latest News arrow

ബാല ഭാസ്‌ക്കര്‍; വയലിനില്‍ ഇന്ദ്രജാലം തീര്‍ത്ത മാന്ത്രികന്‍

വയലിനില്‍ വിരലുകള്‍ കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത സംഗീതജ്ഞനായിരുന്നു ബാല ഭാസ്‌ക്കര്‍. വയലിനുമായി ബാലു വേദിയിലെത്തിയാല്‍ അതിലലിഞ്ഞ് മറ്റൊരു ലോകത്തിലെത്തും സദസ്സ്. മലയാളികള്‍ക്ക് ഇലക്ട്രിക് വയലിന്‍ പരിയപ്പെടുത്തിയതും ബാല ഭാസ്‌ക്കറായിരുന്നു. അതില്‍ ഫ്യൂഷന്‍ വിസ്മയം തീര്‍ത്ത അദ്ദേഹം എന്നും ആ വഴിയ്ക്ക് പുതുമകള്‍ തേടി. 

മൂന്നാം വയസ്സിലാണ് കുഞ്ഞു ബാലുവിന്റെ കൈകളിലേക്ക് വയലിന്‍ എത്തുന്നത്. അമ്മാവന്‍ ബി ശശികുമാറിന്റെ ശിക്ഷണത്തില്‍ ബാലു വയലിന്‍ പഠനം ആരംഭിച്ചു. പന്ത്രണ്ടാം വയസ്സിലായിരുന്നു ആദ്യ കച്ചേരി. കൗമാരപ്രായത്തില്‍ കാലാമേളകളില്‍ മിന്നിത്തിളങ്ങി. ഇതോടെ സിനിമാ ലോകത്തു നിന്നും ക്ഷണം വന്നു.  മംഗല്യപ്പല്ലക്ക് എന്ന സിനിമയില്‍ സംഗീതം ചെയ്തപ്പോള്‍ ബാലുവിനെ വെറും 17 വയസ്സ് മാത്രം പ്രായം. ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനെന്ന റെക്കോര്‍ഡ് അങ്ങിനെ ബാല ഭാസ്‌ക്കര്‍ നേടിയെടുത്തു. കണ്ണാടിക്കടവത്ത്, പാഞ്ചജന്യം, മോക്ഷം, പാട്ടിന്റെ പാലാഴി എന്നീ ചിത്രങ്ങളിലും ബാല ഭാസ്‌ക്കര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു.

വെള്ളിത്തിരയില്‍ നല്ല തുടക്കം കിട്ടിയിട്ടും സിനിമയുടെ ഗ്ലാമറിന് പിന്നാലെ ബാലു പോയില്ല. വയലിന്‍ സംഗീതത്തിന്റെ അനന്ത സാധ്യതകള്‍ തേടി നടക്കുകയായിരുന്നു ആ യുവാവ്. കര്‍ണാടക സംഗീതത്തെ അടുത്തറിയാന്‍ യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് സംസ്‌കൃതത്തില്‍ എംഎ എടുത്തു. കോളേജ് സുഹൃത്തുക്കളുമായി ചേര്‍ന്ന് ബാന്‍ഡ് രൂപീകരിച്ചു. പരമ്പരാഗതശൈലി കൈവിടാതെ പാശ്ചാത്യസംഗീതത്തെയും ഒപ്പം നിര്‍ത്തിയായിരുന്നു പരീക്ഷണം. ഇതിനിടെ ഈസ്റ്റ് കോസ്റ്റുമായി ചേര്‍ന്ന് ഒരുക്കിയ റൊമാന്റിക് ആല്‍ബങ്ങളെല്ലാം ഹിറ്റായി. നിനക്കായ്, ആദ്യമായ് എന്നിവ അവയില്‍ ചിലതാണ്. 

പിന്നീട് ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി സ്റ്റേജ് ഷോകള്‍. ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസ്, കെഎസ് ചിത്ര, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ശിവമണി എന്നിവര്‍ക്കൊപ്പം നടത്തിയ കലാവിരുന്നുകളില്‍ ആരാധകര്‍ മതിമറുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ സംഗീത്കാര്‍ പുരസ്‌കാരം 2008ല്‍ ബാലുവിനെ തേടിയെത്തി. ബാലലീലയെന്ന ബാന്‍ഡുമായി കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുന്നതിനിടെ ആണ് അപ്രതീക്ഷിത ദുരന്തം.