• 22 Sep 2017
  • 07: 56 AM
Latest News arrow

ചൈനയെ നിലംപരിശാക്കി ഇന്ത്യയുടെ വിജയ താണ്ഡവം; ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് കന്നിക്കിരീടം

ഭുവനേശ്വര്‍: സ്വന്തം മണ്ണില്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ച ഇന്ത്യയ്ക്ക് ചരിത്ര നേട്ടം. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 17 തവണ ചാമ്പ്യന്‍മാരായ ചൈനയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളി ആതിഥേയരായ ഇന്ത്യ ആദ്യ കിരീടം ചൂടി. 12 സ്വര്‍ണവും 5 വെള്ളിയും 12 വെങ്കലവുമായി റെക്കോര്‍ഡ് മെഡല്‍ നേട്ടത്തോടെയാണ് ഇന്ത്യ വെന്നിക്കൊടി പാറിച്ചത്. 

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലെ ട്രാക്കിലും ഫീല്‍ഡിലും ഇന്ത്യന്‍ അത്‌ലറ്റുകള്‍ കരുത്ത് അറിയച്ചപ്പോള്‍ 29 മെഡലുകളാണ് ഇന്ത്യ വാരിക്കൂട്ടിയത്. 1989ല്‍ സ്വന്തമാക്കിയ 22 മെഡലിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കിയാണ് ഈ നേട്ടം. സ്വര്‍ണക്കൊയ്ത്തില്‍ 1985ല്‍ ജക്കാര്‍ത്തയില്‍ നേടിയ റെക്കോര്‍ഡും മറികടന്നു. അന്ന് പിടി ഉഷയുടെ നാല് സ്വര്‍ണ മെഡലടക്കം പത്ത് മെഡലുകളാണ് ഇന്ത്യ സമ്പാദിച്ചത്. 

മുഹമ്മദ് അനസ്, അമോജ് ജേക്കബ്, കുഞ്ഞുമുഹമ്മദ്, ആരോക്യ രാജീവ് എന്നിവരുള്‍പ്പെട്ട 4400 മീ റിലേ ടീമാണ് അവസാനമായി സ്വര്‍ണവേട്ട നടത്തിയത്. മീറ്റിന്റെ സമാപന ദിവസമായ ഇന്ന് മാത്രം 5 സ്വര്‍ണവും ഒരു വെള്ളിയും 3 വെങ്കലവുമാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്. ദീര്‍ഘദൂര ഓട്ടക്കാരന്‍ ജി ലക്ഷ്മണ്‍ ആദ്യ ദിവസം 5000 മീറ്ററിലും ഇന്ന് 10,000 മീറ്ററിലും സ്വര്‍ണം നേടിയപ്പോള്‍ 10,000 മീറ്ററില്‍ തന്നെ മലയാളി താരം ടി ഗോപി വെള്ളിയും സ്വന്തമാക്കി. പുരുഷ, വനിതാ വിഭാഗം വിഭാഗം 4x400 മീറ്റര്‍ റിലെ, വനിതാ വിഭാഗം ഹെപ്റ്റാത്തലണ്‍, പുരുഷ വിഭാഗം ജാവലിന്‍ ത്രോ  എന്നീ ഇനങ്ങളിലും ഇന്ത്യ ഇന്ന് സ്വര്‍ണക്കൊയ്ത്ത് നടത്തി. 

അതിനിടെ 800 മീറ്ററില്‍ സ്വര്‍ണം നേടിയ അര്‍ച്ചന അധവിനെ അയോഗ്യയാക്കി. ഫിനിഷ് ചെയ്യുന്നതിനിടെ ശ്രീലങ്കന്‍ താരത്തെ തടസ്സപ്പെടുത്തിയതിനാണ് അര്‍ച്ചനയെ അയോഗ്യയാക്കിയത്. അതേസമയം ഈ ഇനത്തില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളി താരം ടിന്റു ലൂക്ക മത്സരം പൂര്‍ത്തിയാക്കിയാക്കാതെ പിന്‍മാറി. 500 മീറ്റര്‍ കഴിഞ്ഞപ്പോഴായിരുന്നു ടിന്റുവിന്റെ പിന്‍മാറ്റം.