• 23 Sep 2023
  • 02: 58 AM
Latest News arrow

നയന്‍താരക്ക് പിന്നാലെ അവാര്‍ഡ് തിരിച്ചുനല്‍കി കവി അശോക് വാജ്‌പേയിയും

ന്യൂഡല്‍ഹി: പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയായ നയന്‍താര സേഗാളിന് പിന്നാലെ സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കി കവി  അശോക് വാജ്‌പേയിയും. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചും പൗരന്റെ വിയോജിക്കാനുള്ള അവകാശത്തോട് ഐക്യപ്പെട്ടുമാണ് നയന്‍താര സേഗാള്‍ അവാര്‍ഡ് തിരിച്ചുനല്‍കുകയാണെന്ന് പ്രഖ്യാപിച്ചത്.  

എഴുത്തുകാര്‍ക്ക് നിലപാടെടുക്കാനുള്ള ഉന്നതമായ സമയമാണിതെന്ന് മുന്‍ ലളിതകലാ അക്കാദമി ചെയര്‍മാന്‍ കൂടിയായ വാജ്‌പേയി പറഞ്ഞു.

88 കാരിയായ നയന്‍താര സേഗാള്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ മരുമകളാണ്. ഉത്തര്‍പ്രദേശിലെ ദാദ്രയില്‍ പശുവിറച്ചി ഭക്ഷിച്ചെന്നാരോപിച്ച് ഒരു സംഘമാളുകള്‍ 50 കാരനെ ആക്രമിച്ച് കൊലപ്പെടുത്തിയതും, തീവ്രഹിന്ദു സംഘടനകള്‍ ആക്രമിച്ച് കൊലപ്പെടുത്തിയ കന്നട ഴെുത്തുകാരന്‍ എം എം കല്‍ബുര്‍ഗ്ഗി, നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ മരണത്തില്‍ കേന്ദ്രം വേണ്ട രീതിയില്‍ നടപടിയെടുക്കാത്തതാണ് ഇവരെ ചൊടിപ്പിച്ചത്.
അണ്‍മേക്കിങ് ഇന്ത്യ' എന്നപേരില്‍ തയ്യാറാക്കിയ കുറിപ്പിലാണ്  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നയങ്ങളെ നയന്‍താര രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്.
നേരത്ത ഹിന്ദി എഴുത്തുകാരനായ ഉദയ് പ്രകാശും പുരസ്‌കാരം തിരികെ നല്‍കിയിരുന്നു. നയന്‍താരയെ പോലുള്ള മുതിര്‍ന്ന ഇംഗ്ലീഷ് എഴുത്തുകാരി പുരസ്‌കാരം തിരികെയേല്‍പ്പിക്കുന്നത് അപൂര്‍വ്വമാണെന്നും അവരുടെ ശക്തമായ നിലപാടിനെ എഴുത്തുകാരുടെ സമൂഹം പിന്തുണക്കപ്പെടേണ്ടതാണെന്നും വാജ്‌പേയി വ്യക്തമാക്കി.

വിഷയത്തില്‍ നരേന്ദ്രമോദി മൗനം പാലിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളെ പ്രതിനിധീകരിക്കുന്ന അദ്ദേഹം വാക്ചാതുരിയുള്ളയാളാണ്. എന്നാല്‍ എഴുത്തുകാര്‍ കൊല്ലപ്പെടുമ്പോഴും നിഷ്‌കളങ്കരായ ആളുകള്‍ കൊല്ലപ്പെടുമ്പോഴും മന്ത്രിമാര്‍ ആക്ഷേപകരമായ പ്രസ്താവനകള്‍ നടത്തുമ്പോഴും എന്തുകൊണ്ട് പ്രധാനമന്ത്രി അവരുടെ വായടക്കുന്നില്ല. വാജ്‌പേയി ചോദിക്കുന്നു.

ദേശീയ തലത്തില്‍ എഴുത്തുകാരെ പ്രതിനിധീകരിക്കുന്ന സാഹിത്യ അക്കാദമി  ഈ പ്രശ്‌നങ്ങള്‍ ഉയരുമ്പോഴുംതുടരുന്ന നിശബ്ദതയും നിരാശാജനകമാണെന്ന് വാജ്‌പേയി കൂട്ടിച്ചേര്‍ക്കുന്നു. നയന്‍താരം സേഗാളും മോദി പാലിക്കുന്ന മൗനത്തെ ചോദ്യം ചെയ്തിരുന്നു. രാജ്യത്ത് സാംസ്‌കാരിക വൈവിദ്ധ്യം കാത്ത് സൂക്ഷിക്കുന്നതില്‍ മോഡി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അപായകരമായ തീവ്ര ഹിന്ദുത്വ അജണ്ടകളാണ് രാജ്യത്ത് നടപ്പാക്കപ്പെടുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.