• 22 Sep 2023
  • 04: 24 AM
Latest News arrow

അരുന്ധതി റോയിയും ദേശീയ പുരസ്‌കാരം തിരിച്ചു നല്‍കി

ന്യൂഡല്‍ഹി: പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയ എഴുത്തുകാരുടെ പട്ടികയിലേക്ക് ബുക്കര്‍ പുരസ്‌കാര ജേതാവ് അരുന്ധതി റോയിയും. 1989ല്‍ മികച്ച തിരക്കഥയ്ക്ക് ലഭിച്ച ദേശീയ പുരസ്‌കാരമാണ് അരുന്ധതി റോയി തിരിച്ചു നല്‍കുന്നതായി അറിയിച്ചത്.

രാജ്യത്ത് വളരുന്ന അസഹിഷ്ണതിയില്‍ പ്രതിഷേധിച്ചല്ല പുരസ്‌കാരം തിരിച്ചു നല്‍കുന്നതെന്ന് പറഞ്ഞ അരുന്ധതി റോയി അതിനുള്ള കാരണങ്ങളും വ്യക്തമാക്കി. ''തല്ലിക്കൊലയും വെടിവെയ്പ്പും കൂട്ടക്കൊലയും നടത്തുന്നതിനെ അസഹിഷ്ണുത എന്ന വാക്കുകൊണ്ടല്ല വിശേഷിപ്പിക്കേണ്ടത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് തന്നെ ഇത്തരത്തിലുള്ള സംഭവങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ലഭിച്ചതിനാല്‍ ഇപ്പോള്‍ ഞെട്ടലൊന്നും തോന്നുന്നില്ല.'' അരുന്ധതി പറഞ്ഞു.

''ഈ ഭീകര കൊലപാതകങ്ങള്‍ വലിയൊരു രോഗലക്ഷണം മാത്രമാണ്. ജീവിച്ചിരിക്കുന്നവര്‍ക്കും ജീവിതം നരകമാണ്. ലക്ഷക്കണക്കിന് ദലിതരും ആദിവാസികളും മുസ്‌ലികളും ക്രിസ്ത്യാനികളുമെല്ലാം ഏതു സമയത്തും തങ്ങള്‍ ക്രൂരമായി വധിക്കപ്പെടാമെന്ന ഭീതിയിലാണ് കഴിയുന്നത്. ദലിതുകള്‍ കശാപ്പു ചെയ്യപ്പെടുകയും അവരുടെ കുഞ്ഞുങ്ങള്‍ ജീവനോടെ കത്തിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് ഏത് എഴുത്തുകാര്‍ക്കാണ് അക്രമിക്കപ്പെടുകയോ തല്ലിക്കൊല്ലപ്പെടുകയോ വെടിയുണ്ടയേറ്റ് മരിക്കുകയോ ജയിലിലാവുകയോ ചെയ്യാതെ ബാബാ സാഹിബ് അംബേദ്കര്‍ 'അസ്പൃശ്യ'രില്‍ എഴുതിയതു പോലെ, 'ഹിന്ദുയിസം ഭീകരതയുടെ ഒരു നിലവറയാണ്' എന്ന് എഴുതാനാവുക.'' അരുന്ധതി ചോദിക്കുന്നു.

അങ്കിള്‍ സാമിനുള്ള കത്തുകളില്‍ സാദത്ത് ഹുസൈന്‍ മണ്‍റോ എഴുതിയതു പോലെ എഴുതാന്‍ ഏതു എഴുത്തുകാര്‍ക്ക് ഇന്ന് കഴിയും? സ്വതന്ത്രമായി സംസാരിക്കാന്‍ അവകാശമില്ലാത്ത സാഹചര്യമുണ്ടാകുമ്പോള്‍ നാം ബൗദ്ധികമായി പട്ടിണി അനുഭവിക്കുന്ന ഒരു സമൂഹമായും വിഡ്ഢികളുടെ ഒരു രാജ്യമായും മാറുമെന്നും അരുന്ധതി പറഞ്ഞു.

എഴുത്തുകാരും കലാകാരന്‍മാരും വിവിധ മേഖലകളിലുള്ള ബുദ്ധിജീവികളും നടത്തുന്ന പ്രതിഷേധത്തില്‍ പങ്കു ചേരാന്‍ തനിക്കൊരു ദേശീയ അവാര്‍ഡ് ഉണ്ടായതില്‍ സന്തോഷമുണ്ടെന്ന് അരുന്ധതി റോയ് പറഞ്ഞു. ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത പ്രതിഷേധമാണ് ഇതെന്നും ഇതിന്റെ ഭാഗമായി മാറിയതില്‍ അഭിമാനമുണ്ടെന്നും അരുന്ധതി കൂട്ടിച്ചേര്‍ത്തു.