• 19 Jun 2019
  • 05: 47 PM
Latest News arrow

ആ ഉല്ലാസപ്പറവയുടെ തൂവല്‍ ജെയ്റ്റ്‌ലിയുടെ കുപ്പായത്തിലോ?

സത്യം അധികാലമൊന്ന്ും മറച്ചുവെയ്ക്കാന്‍ കഴിയില്ല, അത് ഒരുനാള്‍ പുറംന്തോട് പൊളിച്ച് പുറത്ത് വരുമെന്നാണ്. രാജ്യത്തിന്റെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക് ഇപ്പോള്‍ ഈ വാക്കുകളുടെ അര്‍ത്ഥം ശരിക്കും മനസ്സിലാകുന്നുണ്ടാകും. തന്റെ മൗനാനുവാദത്തോടെ ലണ്ടനിലെ സുഖലോലുപതയിലേക്ക് പറന്നുപോയ ഒരു ഉല്ലാസപ്പറവ തന്റെ മേല്‍ കാഷ്ഠം വാരിവിതറിയിരിക്കുന്നു. 'എല്ലാം നാം അറിഞ്ഞിരുന്നു'വെന്ന് ഉറക്കെപ്പറയാനാകാതെ വീര്‍പ്പുമുട്ടുകയാണ് ഇന്ത്യാ മഹാരാജ്യത്തിന്റെ ധനമന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്‌ലി. 

തെരഞ്ഞെടുപ്പ് വരികയാണ്. പ്രതിച്ഛായ കുപ്പായത്തില്‍ കറ പറ്റാതെ നോക്കേണ്ട സമയമാണിത്. അപ്പോഴാണ് വിജയ് മല്യ എന്ന മദ്യരാജാവിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ അരുണ്‍ ജെയ്റ്റ്‌ലിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കുപ്പായത്തില്‍ കറയാക്കിയത്. താന്‍ ഇന്ത്യ വിട്ടത് ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാനായിരുന്നു. ഇന്ത്യ വിടുന്നതിന് മുമ്പ് കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ബാങ്കുകളുമായി കേസ് ഒത്തുതീര്‍ക്കാന്‍ തനിക്ക് സമ്മതമാണെന്ന് ധനമന്ത്രിയെ ധരിപ്പിച്ചു... എന്നിങ്ങനെയായിരുന്നു വിജയ് മല്യയുടെ വെളിപ്പെടുത്തല്‍. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയ്ക്ക് മുമ്പില്‍ വെച്ച് മല്യ നടത്തിയ ഈ പ്രസ്താവന അധികം വൈകാതെ ദേശീയ രാഷ്ട്രീയത്തെ പിടിച്ചുലച്ചു. 

സ്റ്റേറ്റ് ബാങ്ക് ഉള്‍പ്പെടെ പന്ത്രണ്ട് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ കുറ്റവാളിയാണ് രാജ്യം വിടുന്നതിന് മുമ്പ് കേന്ദ്ര ധനമന്ത്രിയെ കണ്ടിരുന്നുവെന്നും രാജ്യം വിടുന്നുന്നതിന്റെ സൂചന നല്‍കിയെന്നും പറയുന്നത്. മല്യയെ രാജ്യം വിടാന്‍ ഉന്നത രാഷ്ട്രീയനേതാക്കള്‍ ആരോ സഹായിച്ചിട്ടുണ്ടെന്ന് അന്നേ റിപ്പോര്‍ട്ടുകളും ആരോപണങ്ങളുമുണ്ടായിരുന്നു. ഇപ്പോള്‍ വന്നിരിക്കുന്ന മല്യയുടെ വെളിപ്പെടുത്തല്‍ ഈ ആരോപണങ്ങള്‍് അരക്കിട്ടുറപ്പിക്കുന്നതാണ്. 

മല്യയുടെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് മോദി സര്‍ക്കാരിന് കൃത്യമായ വിവരങ്ങളുണ്ടായിരുന്നു. മാത്രമല്ല, മല്യ രാജ്യം വിടുകയാണെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തെ തടയാന്‍ ബിജെപി സര്‍ക്കാരിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന ബിജെപിയുടെ പ്രതിച്ഛായ കുപ്പായം വലിച്ചുകീറാനുള്ള അവസരമാണ് പ്രതിപക്ഷത്തിന് വീണുകിട്ടിയിരിക്കുന്നത്. 

മല്യയുടെ വെളിപ്പെടുത്തലിന് വിശദീകരണവുമായി ഉടന്‍ ജെയ്റ്റ്‌ലി രംഗത്തെത്തി. മല്യയെ കണ്ടില്ലെന്ന് ധനമന്ത്രി പറഞ്ഞില്ല. പകരം ഒരു നിമിഷത്തേയ്ക്ക് മാത്രമാണ് മല്യയെ കണ്ടതെന്നായിരുന്നു ന്യായീകരണം. താന്‍ അയാള്‍ക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയിട്ടില്ല, വീട്ടിലോ ഓഫീസിലോ വന്ന് കാണാനും പറഞ്ഞിട്ടില്ല. രാജ്യസഭയില്‍ നിന്നും റൂമിലേക്കുള്ള വഴിയ്ക്ക് വെച്ചാണ് അയാളെ കണ്ടത്. തന്റെ രാജ്യസഭാ അംഗത്വം അയാള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. ബാങ്കുകളുമായുള്ള കേസ് ഒത്തുതീര്‍ക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അയാള്‍ പറഞ്ഞു. എങ്കില്‍ ബാങ്കുകളുമായി സംസാരിക്കണമെന്നായിരുന്നു തന്റെ മറുപടി... എന്നിങ്ങനെയാണ് അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ വിശദീകരണം.

എന്നാല്‍ അവിചാരിതമായി വഴിയില്‍ വെച്ചല്ല ഇരുവരുടെയും കൂടിക്കാഴ്ച നടന്നതെന്ന് സാക്ഷികളെ നിരത്തി കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. 2016 മാര്‍ച്ച് 2നാണ് മല്യ വിദേശത്തേയ്ക്ക് കടക്കുന്നത്. ഇതിന് തലേന്നാണ് പാര്‍ലമെന്റില്‍ വെച്ച് ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടത്തുന്നത്. ഇക്കാര്യം സിസിടിവി ക്യാമറ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും കോണ്‍ഗ്രസ് ഉറപ്പിച്ചു പറയുന്നു.  

വിവാദം ബിജെപിയുടെ അടിത്തറ തോണ്ടുമെന്ന് വ്യക്തമായതോടെ മല്യ തന്നെ രംഗത്തെത്തി. ജെയ്റ്റ്‌ലിയെ കണ്ടത് യാദൃശ്ചികമായിട്ടായിരുന്നുവെന്ന് മല്യ ന്യായീകരിച്ചു. മറ്റ് നേതാക്കളെ കണ്ട കൂട്ടത്തില്‍ ജെയ്റ്റ്‌ലിയെയും കാണുകയായിരുന്നുവത്രെ. പക്ഷേ അതുകൊണ്ടായില്ലല്ലോ... കേസ് ഒത്തുതീര്‍പ്പാക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നുവെന്ന കാര്യത്തിലും വിദേശത്തേയ്ക്ക് കടക്കുമെന്ന് സൂചന നല്‍കിയെന്ന് പറഞ്ഞതില്‍ നിന്നും മല്യ പിന്നോട്ട് പോയിട്ടില്ല. അപ്പോള്‍ ആശ്വാസിക്കാന്‍ ബിജെപിയ്ക്ക് കഴിയില്ല. 

രണ്ട് വര്‍ഷമായി മല്യ വിഷയം പാര്‍ലമെന്റിന് അകത്തും പുറത്തും കോലാഹലങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അപ്പോഴൊന്നും ആ പിടികിടാപ്പുള്ളി തന്നോട് പറഞ്ഞ കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുമ്പില്‍ തുറന്നുപറയാന്‍ ധനമന്ത്രി തയ്യാറായില്ല. അവിശുദ്ധ കൂട്ടുകെട്ടിന്റെ നാറ്റം ജനങ്ങള്‍ക്കിപ്പോള്‍ മണത്തറിയാന്‍ കഴിയുന്നുണ്ട്. കുറ്റം ചെയ്യുന്നത് മാത്രമല്ല, കുറ്റവാളിയെ സംരക്ഷിക്കുന്നതും തെറ്റാണെന്നാണ് ഇന്ത്യന്‍ നിയമവ്യവസ്ഥ പറയുന്നത്. അപ്പോള്‍ രാജ്യത്തിന്റെ ധനമന്ത്രിയും കുറ്റവാളിയാവുകയാണ്. 

ഇന്ത്യയിലെ ബാങ്കുകളെ കബളിപ്പിച്ച് വന്‍തുക തട്ടിയെടുത്ത് വിദേശത്തേയ്ക്ക് കടന്നുകളഞ്ഞ വമ്പന്‍മാരുടെ പട്ടിക റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍, പ്രധാനമന്ത്രിയ്ക്കും ധനമന്ത്രിയ്ക്കും കൈമാറിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അവര്‍ ഒരു നടപടിയുമെടുത്തിട്ടില്ലെന്ന് രഘുറാം രാജന്‍ പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ് കമ്മിറ്റിയ്ക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ധനമന്ത്രിയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിക്കൂട്ടില്‍ കയറിനില്‍ക്കുകയാണെന്ന്. ഇപ്പോള്‍ ബാങ്കുകളെ പറ്റിച്ച് വിദേശത്ത് ഉല്ലസിച്ചുകൊണ്ടിരിക്കുന്ന നീരവ് മോദി, ചോക്‌സി, ലളിത് മോദി, വിക്രം കോത്താരി, ജതിന്‍ മേത്ത, സഞ്ജയ് ഭണ്ഡാരി എന്നിവരുടെയെല്ലാം പട്ടിക മോദിയുടെയും ജെയ്റ്റ്‌ലിയുടെയും പക്കലുണ്ടാരുന്നു. എന്നാല്‍ നടപടിയെടുക്കാന്‍ ഇരുവരുടെയും കൈകള്‍ പൊന്തിയില്ല. 

കേന്ദ്ര സര്‍ക്കാരിന്റെ 'തത്ത'യ്ക്കും മല്യയെ 'സുരക്ഷിതമായി' രാജ്യം വിടുന്നതില്‍ പങ്കുണ്ടായിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് ദുര്‍ബലപ്പെടുത്തിയാണ് സിബിഐ കേന്ദ്ര സര്‍ക്കാരിനെ സുഖിപ്പിച്ചത്. മല്യയുടെ യാത്ര തടസ്സപ്പെടുത്തണം എന്ന് വിമാനത്താവള അധികൃതര്‍ക്ക് നല്‍കിയ നോട്ടീസ് പിന്നെ മല്യയുടെ യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചാല്‍ മതിയെന്നാക്കി. മല്യയെ അറസ്റ്റ് ചെയ്യേണ്ട മറിച്ച് അദ്ദേഹത്തിന്റെ യാത്രാവിവരങ്ങള്‍ അറിയിച്ചാല്‍ മതിയെന്ന് മുംബൈ പൊലീസിനും സിബിഐ നിര്‍ദേശം നല്‍കിയത്. ലുക്ക് ഔട്ട് നോട്ടീസ് ദുര്‍ബലപ്പെടുത്തുന്നതിന് പിന്നില്‍ നരേന്ദ്ര മോദിയുടെ കണ്ണിലുണ്ണിയായ സിബിഐ ജോയിന്റ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ശര്‍മ്മയാണെന്ന് ഉടന്‍ റിപ്പോര്‍ട്ടുകളെത്തി.

കോണ്‍ഗ്രസ് ഈ അവസരം നന്നായി മുതലാക്കുന്നുണ്ട്. മോദിയ്‌ക്കെതിരെ തന്നെയാണ് ആരോപണം അഴിച്ചുവിട്ടിരിക്കുന്നത്. എന്നാല്‍ മല്യയ്ക്ക് വായ്പ ശരിയാക്കിക്കൊടുത്തതും തിരിച്ചടവ് വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തിയതും യുപിഎ സര്‍ക്കാരാണെന്ന വാദമുയര്‍ത്തി ബിജെപി ആരോപണങ്ങളുടെ മുനയൊടിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഇത് പച്ചക്കള്ളമാണെന്ന് പറയാന്‍ കോണ്‍ഗ്രസിന് ധൈര്യമില്ലെന്നതാണ് വസ്തുത. 2010ല്‍ ജനതാദള്‍ എസും കോണ്‍ഗ്രസും ഒന്നിച്ചുചേര്‍ന്നാണ് വിജയ് മല്യയെ രാജ്യസഭയിലെത്തിച്ചത്. എന്നാല്‍ അതുകൊണ്ടൊന്നും ചെയ്ത കുറ്റത്തില്‍ നിന്ന് കൈകഴുകിയൊഴിയാന്‍ ബിജെപി സര്‍ക്കാരിന് സാധിക്കില്ല. മല്യ രാജ്യം വിട്ടത് എങ്ങിനെയാണെന്ന ചോദ്യത്തിന് മല്യയ്ക്ക് വായ്പ നല്‍കിയത് കോണ്‍ഗ്രസാണെന്ന് പറഞ്ഞാല്‍ മതിയാകുമോ? മാത്രമോ, ഈ സാമ്പത്തിക കുറ്റവാളിയെ രാജ്യസഭയില്‍ നിന്ന് പുറത്താക്കാനുള്ള ധൈര്യം ഒരൊറ്റ ജനപ്രതിനിധികള്‍ക്ക് പോലും ഉണ്ടായില്ല. എന്തോ വലിയ കാര്യം ചെയ്യുന്നതുപോലെ മല്യ എംപി സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.