മോദിഭാരതത്തില്‍ പൂക്കുന്ന 'നവഫെഡറിലിസം'

മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. നിലവിലെങ്കിലും അതങ്ങനെയാണ്. ഇപ്പോഴും മോദി ഇന്ത്യയുടെ ചക്രവര്‍ത്തി അല്ല. ആയിട്ടില്ല, ഇനിയൊട്ട് ആകാന്‍ പോകുന്നുമില്ല. അതിനൊറ്റ കാരണമേ ഉള്ളൂ. ഇന്ത്യ ഒരു ഫെഡറലിസ്റ്റിക് രാജ്യമാണ്, അതായത് ആഭ്യന്തര കാര്യങ്ങളില്‍ സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട് പല സംസ്ഥാനങ്ങള്‍ ഒരുമിച്ചു ചേരുന്ന ഭരണ സമ്പ്രദായം. ഈ സമ്പ്രദായം മോദിക്ക് ഇപ്പോഴും അപരിചിതമായിത്തന്നെ തുടരുന്നു. ഭരിക്കുന്നത് ബിജെപിയല്ലാത്ത ഏത് സംസ്ഥാനത്തും മോദിഭഗവാന് കാലെടുത്ത് കുത്തുന്നത് തന്നെ അവിടെയുള്ളവരെ ഒന്നടങ്കം അപമാനിക്കാന്‍ വേണ്ടി മാത്രമാകുന്നുണ്ട്. കേരളത്തിലേക്ക് കെട്ടിയെടുക്കും മുമ്പേ തന്നെ കേരളമുഖ്യനേയും അതിലൂടെ കേരളത്തേയും അപമാനിച്ചു. സാധാരണയെന്ന പോലെ ലവലേശം ഉളുപ്പില്ലാതെ പ്രധാനമന്ത്രിയുടെ ഓഫീസ് എല്ലാം നിഷേധിച്ചു. വിനീതവിധേയദാസനായ വെള്ളാപ്പള്ളി എല്ലാ പാപഭാരവും കഷണ്ടിത്തലയിലേറ്റി. വെള്ളാപ്പള്ളിയില്ലെങ്കില് മോദി എന്തു ചെയ്തേനെ?!
രാഷ്ട്രീയമായി എതിര്‍പ്പുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടും സംസ്ഥാനഭരണാധിപന്മാരോടും രാജ്യഭരണാധിപനായ (രാജാവല്ലാത്ത) നരേന്ദ്ര മോദി പക പോക്കുമ്പോള്‍ അദ്ദേഹം അപമാനിക്കുന്നത് അത്തരം സംസ്ഥാനങ്ങളേയും അവിടത്തെ വിനീത പ്രജകളേയും കൂടിയാണ്. ഫെഡറിലിസത്തിന്റെ അര്‍ത്ഥത്തില്‍ നിന്നും ഫാസിസത്തിന്റെ അപകടങ്ങളിലേക്ക് മോദി ബഹുദൂരം മുന്നേറുകയാണ്. ആ മുന്നേറ്റത്തിന്റെ അവസാന ഉദാഹരണമാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസില്‍, മുഖ്യമന്ത്രി പോലും അറിയാതെ നടന്ന സിബിഐ റെയ്ഡ്. കെജ്രിവാള് തിരിച്ചടിച്ച പോലെ ഭീരുത്വം കൊണ്ട് മാത്രമല്ല ഇത്തരമൊരു നടപടിയിലേക്ക് മോദിയുടെ കേന്ദ്ര ഏജന്‍സി എത്തിയത്. രാഷ്ട്രീയ എതിരാളികളെ അധികാരത്തിന്റെ ആയുധങ്ങള്‍കൊണ്ട് പൂട്ടാന്‍ ശ്രമിക്കുന്ന വിഡ്ഢിയായ ഭരണാധിപന് കൂടിയാണ് മോദി. ആ വിഡ്ഢിത്തത്തിന്റേയും വിവരക്കേടിന്റേയും നിത്യഹരിത ഉദാഹരണങ്ങള്‍ മോദിയുടെ ഭരണചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നുമുണ്ട്. ക്ഷമിക്കണം, മോദിയുടെ ഭരണചരിത്രമല്ല, അധികാരകാണ്ഡം.
തനിക്ക് വോട്ട് ചെയ്യാത്തവരെല്ലാം തന്റെ ശത്രുക്കളാണെന്ന് കരുതുന്നത് കൊണ്ട് കൂടിയാണ് മോദിയെ ഏകാധിപതിയെന്ന് വിളിക്കേണ്ടി വരുന്നത്. മോദിയുടെ വിപരീതബുദ്ധി ഫാസിസത്തിന്റെ ലളിതബുദ്ധിയാണ്. ഉദാഹരണത്തിന് കേരളത്തിലെത്തുന്ന മോദി. അടുത്തൊന്നും ഒരു താമരമൊട്ടുപോലും പൊഴിക്കാന്‍ സാധ്യതയില്ലാത്തതുകൊണ്ടുതന്നെ കേരളം മോദിയെ സംബന്ധിച്ച് അത്ര സുഖരമല്ലാത്ത ഒരു ഇടമാണ്. ചിന്തിക്കുന്ന ജനത ഏതൊരു ഏകാധിപതിയേയും പോലെത്തന്നെ മോദിയേയും ഭയപ്പെടുത്തുന്നുണ്ട്. മോദി തൃശ്ശൂരിലെ മഹാസമ്മേളനത്തില്‍ വിളിച്ചു പറഞ്ഞ ഒരു വിവരക്കേട് ആ ഭയം തുറന്നു കാട്ടുന്നുമുണ്ട്. കേരളം ഇന്ത്യയിലെതന്നെ ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്ന ഇടമാകുന്നത് മോദിയെ വലിയ രീതിയില്‍ ഭയപ്പെടുത്തുന്നുണ്ടത്രേ. കേരളത്തില്‍ 'രാഷ്ട്രീയ കൊലപാതകങ്ങളില്‍' പത്ത് വര്‍ഷത്തിനിടയ്ക്ക് കൊല്ലപ്പെട്ടവരുടെ എണ്ണവും ഗുജറാത്ത് കലാപത്തില്‍ ഒരു മാസം കൊണ്ട് കൊല്ലപ്പെട്ടവരുടെ എണ്ണവും തുല്ല്യമാണ്. ചിലപല കണക്കുകള്‍ ഇങ്ങനെ മുന്നില്‍ നില്ക്കുമ്പോള് മോദിയുടെ കള്ളഭയം, സണ്ണി ലിയോണ്‍ പോണ് മൂവീസ് കാണരുതെന്ന് ഉപദേശിക്കുന്നത് പോലെയാണ്!
മോദിക്കാരെങ്കിലും ഭരണഘടനയുടെ ഒരു കോപ്പി അയച്ച് കൊടുക്കണം. ഇനി ഭരണഘടന കോപ്പാണെന്നും കൂടിയേ ഇന്ത്യന്‍ പ്രധാനമന്ത്രി പറയാന്‍ ബാക്കിയുള്ളൂ. പറയുന്നതെന്തിന്? ചെയ്തികള്‍ കൊണ്ട് തെളിയിക്കുന്നുണ്ടല്ലോ അത്! പൂത്തുലയുന്ന നവഫെഡറിലിസത്തെച്ചൊല്ലി അഭിമാനപുളകകിതരാകണം, ഇപ്പൊത്തന്നെ!
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ