• 01 Oct 2023
  • 07: 57 AM
Latest News arrow

ബിജെപി ചരിത്രത്തെ വളച്ചൊടിക്കുന്നു: ശ്യാമപ്രസാദ് മുഖര്‍ജിയും ശങ്കറും തമ്മിലുള്ള കൂടിക്കാഴ്ച കോണ്‍ഗ്രസ്സുകാരെന്ന നിലയില്‍

ആര്‍ ശങ്കറിന് ജനസംഘത്തോട് അനുഭാവമുണ്ടെന്ന ജന്മഭൂമി പത്രത്തിലെ വാര്‍ത്തയുടേയും ഒ രാജഗോപാലിന്റെ വെളിപ്പെടുത്തലിന്റേയും യാഥാര്‍ത്ഥ്യത്തെക്കുറിച്ച് സംശയമുയരുന്നു. കാരണം 1951 ജനുവരി 14ന് തിരുവനന്തപുരത്ത് താനും ആര്‍ ശങ്കറും ശ്യാമപ്രസാദിനെ കണ്ടു സംസാരിച്ചുവെന്ന് മന്നത്ത് പത്മനാഭന്റെ  ഡയറിക്കുറിപ്പില്‍ പറയുന്നുവെന്നാണ് ജന്മഭൂമി വാര്‍ത്ത. ആര്‍ ശങ്കര്‍ അക്കാലത്ത്(1949 മുതല്‍ 56 വരെ) തിരുവിതാംകൂര്‍ നിയസഭയില്‍ കോണ്‍ഗ്രസ് അംഗമായിരുന്നു. ശ്യാമപ്രസാദും മുമ്പ് കോണ്‍ഗ്രസ്സുകാരനായിരുന്നതിനാല്‍ പഴയ പരിചയം വെച്ച് ശങ്കറിനെ കണ്ടിട്ടുണ്ടാകാം. കൂടിക്കാഴ്ചയുടെ സമയത്ത് ജനസംഘം രാജ്യത്ത് രൂപം കൊണ്ടിട്ടുപോലുമില്ല. 1951 ഒക്ടോബര്‍ 21നാണ് ജനസംഘത്തിന്റെ ജനനം. ജനസംഘത്തിനു രൂപം നല്‍കിയ ശ്യാമപ്രസാദ് മുഖര്‍ജി 1948ല്‍ കേന്ദ്രത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഇടക്കാല കോണ്‍ഗ്രസ് മന്ത്രിസഭയില്‍ വ്യവസായ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്ന കാര്യം ഇന്നത്തെ ബിജെപിക്കാര്‍ ഓര്‍ക്കുന്നേ ഉണ്ടാകില്ല.

കോണ്‍ഗ്രസ്സിലെ മുന്‍പരിചയം വെച്ചാണ് ഈ കൂടിക്കാഴ്ചയെന്ന് ഊഹിക്കുന്നതില്‍ തെറ്റില്ല. ജനസംഘത്തിന്റെ രൂപീകരണം സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ എന്തെങ്കിലും സംസാരിച്ചതായി മന്നത്തിന്റെ ഡയറിക്കുറിപ്പില്‍ പറയുന്നുമില്ല. മാത്രമല്ല കോണ്‍ഗ്രസ് നേതാവ് കോഴിപ്പുറത്ത് മാധവമേനോന്‍ ശങ്കറിനേയും മന്നത്തിനേയും കണ്ടതായി പറയുന്നുമുണ്ട്. അക്കാലത്ത് മദ്രാസില്‍ ജയില്‍ നിയമ വകുപ്പ് മന്ത്രിയായിരുന്നു മാധവമേനോന്‍. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ ശങ്കറുമായുള്ള ശ്യാമപ്രസാദിന്റെ സംസാരം ജനസംഘവുമായുള്ള അടുപ്പത്തിന്റെ തെളിവാകുന്നില്ല.

മന്നവുമായി ചേര്‍ന്നുള്ള ഹിന്ദുമഹാമണ്ഡല രൂപീകരണവേളയില്‍ പങ്കെടുക്കാന്‍ ശ്യാമപ്രസാദ് മുഖര്‍ജിക്ക് ആര്‍ ശങ്കര്‍ ക്ഷണപത്രം അയച്ചിരുന്നുവെന്നും അസുഖമായതിനാല്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന മുഖര്‍ജി പിന്നീട് തിരുവനന്തപുരത്ത് വന്നപ്പോള്‍ ആര്‍ ശങ്കര്‍ കാണുകയുണ്ടായെന്നും കൊല്ലത്ത് ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം  ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഈ കൂടിക്കാഴ്ചയാണ് ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആര്‍ ശങ്കറിനെ കാവി പുതപ്പിക്കാനുള്ള വ്യഥാശ്രമമായി ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്.