ദളിത് കന്നഡ എഴുത്തുകാരനെതിരെ ആക്രണം

ബംഗളൂരു: കന്നഡ സാഹിത്യകാരനായ എംഎം കല്‍ബുര്‍ഗിയുടെ കൊലപാതകത്തിലും എഴുത്തുകാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് സാഹിത്യ അക്കാദമിയുടെ മുമ്പില്‍ എഴുത്തുകാര്‍ പ്രതിഷേധം നടത്തുന്നതിനിടെ കര്‍ണാടകയില്‍ ദളിത് എഴുത്തുകാരനെതിരെ അക്രമം. ജാതി സമ്പ്രദായത്തിനെതിരെ എഴുതിയതിനാണ് 23 വയസ്സുള്ള ഹുച്ചാങ്കി പ്രസാദിനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. കേന്ദ്ര കര്‍ണാടകയിലെ ദാവന്‍ഗരെ സര്‍വ്വകലാശാലയിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ പ്രസാദ് ജാതി സമ്പ്രദായത്തിനെതിരെ ഒരു വര്‍ഷം മുമ്പ് 'ഒഡല കിച്ചു' എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് 'ഹിന്ദു തീവ്രവാദികളെ' ചൊടിപ്പിച്ചത്.
അതിരാവിലെ അജ്ഞാതനായ ഒരാള്‍ പ്രസാദ് താമസിച്ചിരുന്ന എസ്സി, എസ്ടി ഹോസ്റ്റലിലെത്തി പ്രസാദിന്റെ അമ്മയെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ചു. തുടര്‍ന്ന് ഇയാളോടൊപ്പം പ്രസാദ് ആശുപത്രിയിലേക്ക് പോയി. എന്നാല്‍ ആരുമില്ലാത്ത ഒരു സ്ഥലത്തെത്തിയപ്പോള്‍ അയാളും മറ്റ് എട്ട് പേരും ചേര്‍ന്ന് പ്രസാദിനെ ആക്രമിക്കുകയായിരുന്നു.
'' അവര്‍ എനിക്ക് ചുറ്റും കൂടി നിന്ന് എന്നെ ഉന്തുകയും തള്ളുകയും ചെയ്തു. ജാതി സമ്പ്രദായത്തെക്കുറിച്ച് ഞാന്‍ എഴുതിയത് ഹിന്ദു വിരുദ്ധമാണെന്ന് അവര്‍ എന്നോട് ആക്രോശിച്ചു. അവരെന്റെ മുഖത്തേക്ക് കുങ്കുമം വാരി വിതറി. പിന്നീട് ഒരു കത്തി കാണിച്ച് നിന്റെ വിരലുകള്‍ അരിയുമെന്നും പിന്നെ നീ എഴുതില്ലെന്നും ഭീഷണിപ്പെടുത്തി.'' പ്രസാദ് പറഞ്ഞു.
വളരെ ബുദ്ധിമുട്ടി അവരുടെ പക്കല്‍ നിന്നും രക്ഷപ്പെട്ട പ്രസാദ് ഒരു കാട്ടില്‍ മണിക്കൂറോളം ഒളിച്ചിരുന്നു. അതിന് ശേഷം അക്രമിസംഘം പോയെന്ന് ഉറപ്പാക്കി തിരിച്ച് ഹോസ്റ്റലിലേക്ക് പോരുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
പ്രസാദിന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് 'അഞ്ജാതരായ ആളുകള്‍ക്കെതിരെ' ഐപിസി 307 പ്രകാരം വധശ്രമത്തിനും എസ്സി,എസ്ടി വിഭാഗക്കാര്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ നിന്നും സംരക്ഷണം നല്കുന്ന 1989ലെ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2014 ഏപ്രിലിലാണ് പ്രസാദ് ഒഡല കിച്ചു പ്രസിദ്ധീകരിക്കുന്നത്. അന്ന് മുതല്‍ പ്രസാദിന് ഭീഷണികള്‍ വന്നുകൊണ്ടിരുന്നു. രാജ്യത്ത് ദളിതര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ഗദ്യങ്ങളും പദ്യങ്ങളുമാണ് പുസ്തകത്തിലുള്ളത്. പുസ്തക പ്രകാശന സമയത്ത് എഴുത്തുകാരന് കെഎസ് ഭാര്ഗവന് വലതുപക്ഷ തീവ്ര ഹിന്ദുസംഘടനകളുടെ രോക്ഷത്തെ സ്വാഗതം ചെയ്യുന്ന രീതിയില്‍ പ്രസംഗിച്ചിരുന്നു. തുടര്‍ന്ന് പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പേരില്‍ വലതുപക്ഷ തീവ്ര ഹിന്ദുസംഘടനകള്‍ ഭാര്‍ഗവനെതിരെ പൊലീസില്‍ പരാതി നല്കി. ഇപ്പോള്‍ കെഎസ് ഭാര്ഗവന് നേരെയും ഭീഷണികള്‍ ശക്തമാണ്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ