• 03 Feb 2023
  • 10: 42 PM
Latest News arrow

നിലച്ചത് ക്രിക്കറ്റിന്റെ ശബ്ദം

ക്രിക്കറ്റിന് ഒരു ശബ്ദമുണ്ടെങ്കില്‍ അതായിരുന്നു റിച്ചീ ബെനോ. മുന്‍ തലമുറയിലെ കളിക്കാരനായിരുന്നതു കൊണ്ട് കളിവിവരണം എന്ന തന്റെ രണ്ടാംജീവിതമാണ് പുതിയ തലമുറക്ക് അദ്ദേഹത്തെ പ്രിയപ്പെട്ടവനാക്കിയത്. കളിയില്‍ അദ്ദേഹം മികച്ച ലെഗ്‌സ്പിന്നര്‍ ഓള്‍റൗണ്ടറായിരുന്നു. സദാ ആക്രമണത്തിനുള്ള പഴുതന്വേഷിച്ച ക്യാപ്റ്റനുമായിരുന്നു. സിഡ്‌നിയില്‍ ടെസ്റ്റ് നടക്കുന്ന ദിവസങ്ങളില്‍ കാണികള്‍ റിച്ചീ ബെനോയായി വേഷം കെട്ടി വരും. കയ്യില്‍ ബാറ്റോ ബോളോ പിടിച്ച ഒരു കളിക്കാരന്റെ വേഷമല്ല അവര്‍ അണിഞ്ഞിരുന്നത്, മൈക്ക് പിടിച്ച കമന്റേറ്ററുടെ, റിച്ചീ ബെനോയുടെ വേഷമായിരുന്നു.

'ഒരു ടെലിവിഷന്‍ കമന്റേറ്ററെന്ന നിലയില്‍ ഞാന്‍ എപ്പോഴും നോക്കിയിരുന്നത് ഞാന്‍ എന്തെങ്കിലും പറയുമ്പോള്‍ അത് സുഹൃത്തുക്കളോട് പറയുന്നതാണ് എന്ന് എനിക്ക് തോന്നണം എന്നതാണ്. 'കമന്ററിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തത്വം ഇതായിരുന്നു. ലോകമെമ്പാടും അദ്ദേഹത്തിന് ആരാധകരെ നേടിക്കൊടുത്തത് ഈ സമീപനമായിരുന്നു. വിവരണങ്ങള്‍ക്കിടക്കുള്ള ആ നിശ്ശബ്ദതയും ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവരണത്തിന്റെ മറ്റൊരു ബെനോ തത്വം ഇതായിരുന്നു 'എന്റെ മന്ത്രം ഇതാണ്: നിങ്ങളുടെ ബ്രെയിനിനെ ഗിയറിലിടുക. സ്‌ക്രീനില്‍ കാണുന്നതിനോട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ ആവുമെങ്കില്‍ അതു ചെയ്യക. അല്ലെങ്കില്‍ മിണ്ടാതിരിക്കുക'.

മികച്ച ക്യാപ്റ്റനായിരുന്നു അദ്ദേഹം. 'ക്യാപ്റ്റന്‍സി 90 ശതമാനം ഭാഗ്യവും 10 ശതമാനം വൈദഗ്ധ്യവുമാണ്. പക്ഷെ ആ 10 ശതമാനമില്ലാതെ അത് പരീക്ഷിക്കാന്‍ ഇറങ്ങല്ലേ' എന്നതായിരുന്നു അദ്ദേഹത്തിന്റെ കളിമട്ടിലുള്ള ഉപദേശം. അദ്ദേഹം കളി നിരീക്ഷിച്ചുകൊണ്ടു ഉരുവിട്ട ഒറ്റവാചകങ്ങള്‍ പ്രസിദ്ധങ്ങളാണ്. 'ഗ്ലെന്‍ മെക്ഗ്രാത്ത് രണ്ടു റണ്‍സിന് പുറത്തായിരിക്കുന്നു, തന്റെ സെഞ്ച്വറിക്ക് 98 റണ്‍സ് അകലെ വെച്ച്.' എന്ന് പറഞ്ഞ ബെനോ ഒരു ടെയിലെന്‍ഡറുടെ കഷ്ടപ്പാട് വിവരിച്ചതാവണം. 'മോര്‍ണിങ് എവരിവണ്‍' എന്ന അദ്ദേഹത്തിന്റെ അവതരണ വാചകം ചിരപരിചിതമായിരുന്നു. അതേ പോലെ തന്നെ അദ്ദേഹത്തിന്റെ 'മാര്‍വെലസു'കളും.

കളിക്കാരനെന്ന നിലയല്‍ സദാ ആക്രമിച്ചുകളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു ബെനോ. 1960 വെസ്റ്റിന്‍ഡീസിനെതിരെ ബ്രിസ്‌ബേനില്‍ ടൈയില്‍ കലാശിച്ച ടെസ്റ്റില്‍ ബെനോവിനു പകരം മറ്റൊരാളായിരുന്നു ഓസ്‌ട്രേലിയയെ നയിച്ചിരുന്നതെങ്കില്‍ കളി ചരിത്രത്തിന്റെ ഭാഗമാവുമായിരുന്നില്ല. 320 മിനുട്ടില്‍ 233 റണ്‍സ് ജയിക്കാന്‍ എടുക്കണമായിരുന്നു ഓസ്‌ട്രേലിയക്ക്. ജയസാധ്യത കുറവായിരുന്നുവെങ്കിലും ഒരു കൈനോക്കാന്‍ ബെനോ തീരുമാനിച്ചു. ഒരു ഘട്ടത്തില്‍ ആറു വിക്കറ്റിന് 92 റണ്‍സായിരുന്നു ഓസീസ് സ്‌കോര്‍. അപ്പോഴാണ് ബെനോ കളിക്കാനിറങ്ങിയത്. തീര്‍ത്തും അസാധ്യമായ ഒരു സാഹചര്യത്തില്‍  വിജയം തേടുകയായിരുന്നു ബെനോ. അവസാന വിക്കറ്റ് വരെ ഓസ്‌ട്രേലിയ പരിശ്രമിച്ചപ്പോള്‍ കളി ടൈ ആയി. 52 റണ്‍സായിരുന്നു ബെനോവിന്റെ സ്‌കോര്‍. ഏഴാം വിക്കറ്റിന് ബെനോവും അലന്‍ ഡേവിഡ്‌സണും ചേര്‍ന്ന് 134 റണ്‍സ് എടുക്കുകയുണ്ടായി. അവസാന ഓവറിലാണ് ബെനോ പുറത്തായത്. അന്നത്തെ എട്ട് ബോള്‍ ഓവറില്‍ രണ്ടു പന്ത് ബാക്കിയിരിക്കേ ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ ഒരു റണ്‍ വേണം. വെസ്റ്റിന്‍ഡീസിന് ഒരു വിക്കറ്റും. അവസാന ബാറ്റ്‌സ്മാന്‍ ലിന്‍ഡ്‌സേ ക്ലൈന്‍ റണ്‍ഔട്ടായതോടെ ഒരു പന്ത് ബാക്കി വെച്ചുകൊണ്ട് കളി അവസാനിച്ചു. ആരും ജയിച്ചില്ല ,തോറ്റുമില്ല. പിച്ചിലെ കാലടയാളങ്ങളില്‍ ബൗള്‍ ചെയ്തു കൊണ്ട് സ്പിന്‍ ബൗളിങ്ങിനെ മാറ്റിമറിച്ചത് ബെനോ ആയിരുന്നു.
 
ഇപ്പോള്‍ നാം കാണുന്ന ഏകദിന ക്രിക്കറ്റിന്റെ സൃഷ്ടിയിലും ബെനോയ്ക്ക് പങ്കുണ്ട്. കെറി പാക്കറുടെ വേള്‍ഡ് സിരീസ് ക്രിക്കറ്റിന്റെ നിയമാവലി രൂപവത്ക്കരിക്കുന്നതില്‍ ബെനോയുടെ കയ്യുണ്ടായിരുന്നു.

പത്രപ്രവര്‍ത്തകനും ചരിത്രകാരനുമായ ഗിഡിയോണ്‍ ഹെയ്യുടെ അഭിപ്രായത്തില്‍ ബെനോ രണ്ടാം ലോക യുദ്ധത്തിനു ശേഷം കണ്ട ഏറ്റവും സ്വാധീന ശക്തിയുള്ള ക്രിക്കറ്റ്താരവും ക്രിക്കറ്റ് വ്യക്തിത്വവുമാണ്.