• 16 Oct 2019
  • 09: 37 PM
Latest News arrow

പാലാരിവട്ടം പാലം അഴിമതി: ടിഒ സൂരജിന് ജാമ്യമില്ല

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജിന് ജാമ്യമില്ല. ടിഒ സൂരജ് അടക്കം മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ടിഒ സൂരജിന് പുറമേ കരാര്‍ കമ്പനി ഉടമ സുമിത് ഗോയല്‍, ആര്‍ബിഡിസി മുന്‍ എജിഎം എംടി തങ്കച്ചന്‍ എന്നിവര്‍ക്കാണ് ജാമ്യം നിഷേധിച്ചത്. ജാമ്യാപേക്ഷ സമര്‍പ്പിച്ച നാല് പ്രതികളില്‍ കേസിലെ മൂന്നാം പ്രതിയായ കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോളിന് മാത്രമാണ് ജാമ്യം അനുവദിച്ചത്.

ബെന്നി പോളിന് അഴിമതിയിലോ ഗൂഢാലോചനയിലോ കാര്യമായ പങ്കില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മറ്റ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ഇതംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യാപേക്ഷകള്‍ തള്ളിയത്.

ഈ മാസം 17 വരെയാണ് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ പാലാരിവട്ടം അഴിമതി സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സൂരജ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

പാലാരിവട്ടം പാലത്തിന് പ്രശ്‌നങ്ങളുള്ളതായി പ്രഥമദൃഷ്ട്യാ വ്യക്തമാണ്. അഴിമതിയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പാലം നിര്‍മാണക്കരാര്‍ ഉറപ്പിക്കാന്‍ രേഖകളിലും തിരിമറി നടത്തിയെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. നിര്‍മാണത്തിന് കുറഞ്ഞ തുക വാഗ്ദാനം ചെയ്ത കമ്പനിയെ മറികടക്കാന്‍ ടെന്‍ഡര്‍ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്ന് തെളിയിക്കുന്ന രേഖകളും അന്വേഷണസംഘം ഹൈക്കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്.