• 23 Sep 2023
  • 03: 51 AM
Latest News arrow

ക്രിസ്തു തമിഴ്‌നാട്ടിലെ വിശ്വകര്‍മ്മ ബ്രാഹ്മണന്‍; ആര്‍എസ്എസ് സ്ഥാപക നേതാവിന്റെ പുസ്തകം വീണ്ടും പ്രസിദ്ധീകരിക്കുന്നു

മുംബൈ: ക്രിസ്തുവിനെക്കുറിച്ച് വീര്‍സവര്‍ക്കറുടെ ജ്യേഷ്ഠ സഹോദരന്‍ ഗണേശ് സവര്‍ക്കര്‍ രചിച്ച പുസ്തകം വീണ്ടും പ്രസിദ്ധീകരിക്കുന്നു. ക്രിസ്തുവിനെ തമിഴ്‌നാട്ടിലെ വിശ്വകര്‍മ്മ ബ്രാഹ്മണനായി ചിത്രീകരിക്കുന്ന 'ക്രൈസ്റ്റ് പരിചയ്' എന്ന പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത് 1946ലായിരുന്നു. ഈ പുസ്തകമാണ് 70 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രസിദ്ധീകരിക്കുന്നത്. 

ക്രിസ്തുവിന്റെ യഥാര്‍ത്ഥ പേര് കേശവ് കൃഷ്ണയെന്നാണെന്ന് പുസ്തകം അവകാശപ്പെടുന്നു. പുസ്തകത്തില്‍ പറയുന്ന മറ്റു കാര്യങ്ങള്‍ ഇവയാണ്:

തമിഴായിരുന്നു ക്രിസ്തുവിന്റെ ഭാഷ. കറുത്ത നിറമായിരുന്നു അദ്ദേഹത്തിന്. പന്ത്രണ്ടാം വയസ്സില്‍ ഉപനയനം കഴിഞ്ഞു. ഹൈന്ദവ ജീവിതമാണ് യേശുവിന്റെ കുടുംബം പിന്തുടര്‍ന്നിരുന്നത്. പിതാവിന്റെ പേര് ജോസഫ് എന്നായിരുന്നില്ല, മറിച്ച് ശേശപ്പ് എന്നായിരുന്നു. തമിഴ്‌നാട്ടില്‍ വ്യാപകമായി പ്രചരിച്ചിരുന്ന ശോശപ്പ എന്ന പേരിന്റെ വകഭേദമായിരുന്നു ഇത്. 

യേശുവിനെ കുരിശില്‍ നിന്ന് രക്ഷിച്ചത് യോഗയും ആത്മീയതയും സംയോജിപ്പിച്ച് പ്രചാരണം നടത്തിയിരുന്ന 'എസന്‍സ്' എന്ന പ്രത്യേക വിശ്വാസി സമൂഹമായിരുന്നു. അവര്‍ ക്രിസ്തുവിനെ മരണക്കിടക്കയില്‍ നിന്ന് പച്ച മരുന്നുകള്‍ നല്‍കി രക്ഷിച്ചു.

പിന്നീട് ഹിമാലയത്തില്‍ വെച്ചാണ് ക്രിസ്തു മരണമടയുന്നത്. അവിടെ അദ്ദേഹത്തിന്റെ കബറിടമുണ്ട്. 

അറേബ്യയും ഹിന്ദുക്കള്‍ വസിച്ചിരുന്ന സ്ഥലമായിരുന്നു. യഹുദന്‍മാരും ഹിന്ദുക്കളായിരുന്നു. അറബി ഭാഷയില്‍ സംസ്‌കൃത, തമിഴ് പദങ്ങള്‍ ധാരാളമുണ്ട്. പലസ്തീനിലെ അറബി ഭാഷ തമിഴ് ഭാഷയുടെ വകഭേദമാണ്. ഇങ്ങനെ വളരെ വിചിത്രമായ കാര്യങ്ങളാണ് പുസ്തകത്തില്‍ പറയുന്നത്.

ആര്‍എസ്എസിന്റെ അഞ്ച് സ്ഥാപക നേതാക്കളില്‍ ഒരാളാണ് ഗ്രന്ഥകാരനായ ഗണേശ് സവര്‍ക്കര്‍. പുസ്തകം വീണ്ടും പ്രസിദ്ധീകരിക്കുന്നതില്‍ ഒരു ദുരുദ്ദേശ്യവുമില്ലെന്ന് പ്രസാധകരായ സ്വതന്ത്രീയ വീര്‍ സവര്‍ക്കര്‍ നാഷ്ണല്‍ മെമ്മോറിയല്‍ പ്രസിഡന്റ് രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.