• 09 Dec 2022
  • 10: 36 PM
Latest News arrow

ആഭ്യന്തര മന്ത്രാലയം വാര്‍ത്തകള്‍ സര്‍ക്കാര്‍ വക്താക്കളിലൂടെ മാത്രം; ഉത്തരവ് പുറത്തിറങ്ങി

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ ഔദ്ധ്യോഗിക വക്താക്കളുമായല്ലാതെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി മാധ്യമപ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തുന്നത് വിലക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍നിന്നും മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയത്തിന്റെ അഡീഷണല്‍ ജനറല്‍ ഡയറക്ടര്‍ (മീഡിയ) പദവിയിലുള്ള ഉദ്യോഗസ്ഥന്‍ മാത്രമായിരിക്കും മാധ്യമങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുക. മാധ്യമങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതും വ്യക്തത വരുത്തുന്നതും ഈ ഉദ്യോഗസ്ഥരായിരിക്കും. ഇവര്‍ നല്‍കുന്ന വാര്‍ത്തകളാണ് മാധ്യമങ്ങള്‍ വാര്‍ത്തകളായി നല്‍കേണ്ടത്.

മാധ്യമങ്ങള്‍ക്ക് നല്‍കേണ്ട വിവരങ്ങള്‍ എതൊക്കെയാണെന്നും അവ പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതി ആഭ്യന്ത്രമ സെക്രട്ടറി മാധ്യമങ്ങള്‍ക്ക് നല്‍കുമെന്നും മന്ത്രാലയം ജോയിന്റ് സെക്രട്ടറി സത്പാല്‍ പുറപ്പെടുവിച്ച് ഉത്തരവില്‍ പറയുന്നു. മാധ്യമങ്ങള്‍ക്കുള്ള വാര്‍ത്ത നല്‍കുന്നത് നോര്‍ത്ത് ബ്ലോക്കിലെ  മീഡിയ റൂം 9 ല്‍ ആയിരിക്കുമെന്നും ഇതിന് പുറമേ മറ്റൊരിടത്തും ഉദ്യോഗസ്ഥര്‍ യോഗം നടത്തുകയില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വക്താവ് ആഭ്യന്തര സുരക്ഷ ജോയിന്റ് സെക്രട്ടറി എം എ ഗണപതിയായിരിക്കും മാധ്യമങ്ങളുമായി സംസാരിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതോടെ മന്ത്രാലയത്തിന്റെ നടപടിയിലുള്ള അതൃപ്തി മാധ്യമപ്രവര്‍ത്തകര്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.