• 26 May 2019
  • 03: 55 PM
Latest News arrow

കണ്ണഞ്ചിപ്പിച്ച് മനസ്സ് മടുപ്പിച്ച് 2.0

സാങ്കേതികമികവില്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ മുന്‍നിരയില്‍ത്തന്നെ ഒരു സ്ഥാനം നേടിയെടുത്ത സിനിമയാണ് ശങ്കറിന്റെ എന്തിരന്‍. കഥയും സാങ്കേതിക വിദ്യയും ഒരുപോലെ ലയിച്ച് ചേര്‍ന്ന് നല്ലൊരു സിനിമാ അനുഭവമാണ് എന്തിരന്‍ പ്രേക്ഷകര്‍ക്ക് നല്‍കിയത്. എന്നാല്‍ എന്തിരന്റെ രണ്ടാം ഭാഗമായ 2.0യിലേക്കെത്തിയപ്പോള്‍ മനുഷ്യന്റെ വികാരതലങ്ങളെ  മറന്ന് സാങ്കേതിക വിദ്യയില്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ശങ്കര്‍. അതിനാല്‍ നല്ലൊരു സിനിമാ അനുഭവം സമ്മാനിക്കാന്‍ 2.0യ്ക്ക് സാധിക്കുന്നില്ല.

സിനിമയുടെ കഥ ഇങ്ങിനെ ചുരുക്കാം. ചെന്നൈ നഗരത്തില്‍ പെടുന്നനെ ഒരു പ്രതിഭാസം ഉണ്ടാകുന്നു. ജനങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പറന്നുപോവുകയാണ്. മൊബൈല്‍ ഫോണ്‍ കമ്പനികളുമായി ബന്ധപ്പെട്ട ചില മുതലാളിമാര്‍ കൊല്ലപ്പെടുന്നു. ഇതോടെ റോബോട്ടിക്‌സ് ശാസ്ത്രജ്ഞനായ വസീഗരന്‍ (രജനീകാന്ത്) രംഗപ്രവേശനം ചെയ്യുന്നു. കാരണം അന്വേഷിച്ചു പോയപ്പോള്‍ ഒരു വിചിത്ര ജീവിയെക്കുറിച്ച് അറിയുന്നു. ആ ജീവിയെ തകര്‍ക്കാന്‍ ചിട്ടിയെ വീണ്ടും തയ്യാറാക്കുന്നു (എന്തിരനില്‍ ചിട്ടിയെ ഡിസ്മാന്റില്‍ ചെയ്തിരുന്നു). പിന്നീട് ഈ മൊബൈല്‍ ജീവിയും ചിട്ടിയും നടത്തുന്ന സ്റ്റണ്ടുകളാണ്.

രജനീകാന്തിന്റെ വസീഗരന്‍ എന്ന കഥാപാത്രത്തിന് ചിത്രത്തില്‍ കാര്യമായ റോളൊന്നുമില്ല. മറിച്ച് ചിട്ടിയാണ് സിനിമയിലെ നായകന്‍. ഒരു റോബോട്ട് മുഴുനീള നായക കഥാപാത്രമായാല്‍ എങ്ങിനെയുണ്ടാകും, അതാണ് സിനിമയില്‍ കണ്ട ഒരു പാളിച്ച. മാനുഷിക വികാരങ്ങള്‍ക്കോ അവരുടെ സാമൂഹിക ജീവിതത്തിനോ അവിടെ പ്രധാന്യമില്ല. വസീഗരന്‍ തന്റെ പ്രൈവറ്റ് സെക്രട്ടറിയായി മറ്റൊരു റോബോര്‍ട്ടിനെ ഉണ്ടാക്കിയിട്ടുണ്ട്, നില. നിലയ്ക്ക് ചിട്ടിയോട് പ്രണയമാണ്. എന്നാല്‍ ആ പ്രണയത്തിന് സിനിമയില്‍ വലിയ സ്ഥാനമൊന്നും കൊടുക്കുന്നില്ല. നായകനും നായികയും റോബോട്ടുകള്‍, പ്രതിനായകന്‍ വിചിത്ര ജീവി. അവരുടെ വീക്ഷണ കോണിലാണ് സിനിമ മുന്നോട്ടുപോകുന്നത്. അതുകൊണ്ട് പ്രേക്ഷക മനസ്സിന്റെ വികാരതലങ്ങളെ തൊട്ടുതലോടാനൊന്നും ഇവയ്ക്ക്‌ കഴിയുന്നില്ല.

അതേസമയം അതിപ്രധാനമായ ഒരു വിഷയം കൈകാര്യം ചെയ്യുന്നതില്‍ സിനിമ വിജയിച്ചു. സാങ്കേതിക വിദ്യയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ മനുഷ്യന്‍ മറന്നുപോകുന്ന ചില കാര്യങ്ങളെ ഓര്‍മ്മപ്പെടുത്താന്‍ സിനിമ ശ്രമിക്കുന്നുണ്ട്. ഈ ലോകം മനുഷ്യന് മാത്രം അവകാശപ്പെട്ടതല്ല, ഈ ഭൂമിയ്ക്ക് വേറെയും അവകാശികളുണ്ടെന്നത്. അക്ഷയ്കുമാര്‍ അവതരിപ്പിക്കുന്ന പക്ഷിരാജന്റെ ജീവിതമാണ് ഈ സിനിമയുടെ ആണിക്കല്ല്. മൊബൈല്‍ റേഡിയേഷന്‍ പക്ഷികളുടെ ജീവിതചര്യയില്‍ വരുത്തുന്ന മാറ്റങ്ങളും അവ ഭ്രാന്ത് പിടിച്ചതുപോലെ സമനില തെറ്റി ചത്തൊടുങ്ങുന്നതുമെല്ലാം നെഞ്ചുപൊള്ളിക്കുന്ന കാഴ്ചയായി പ്രേക്ഷകന് മുന്നിലേക്കെത്തുന്നു. ഒരു പക്ഷിക്കുഞ്ഞിന്റെ ദയനീയമായ മരണം അവതരിപ്പിച്ചിരിക്കുന്നത് മനസ്സില്‍ നിന്ന് മാഞ്ഞുപോകില്ല. 

പക്ഷിരാജനെ അവതരിപ്പിച്ച അക്ഷയ് കുമാര്‍ രജനീകാന്തിന്റെ വസിയേക്കാള്‍ ഒരു പിടി മുന്നില്‍ തന്നെയാണെന്നത്‌ എടുത്ത് പറയണം. അതേസമയം ചിട്ടി, വസിയെയും പക്ഷിരാജനെയും കടത്തിവെട്ടി. ഇത് ചിട്ടിയുടെയും ചിട്ടിയുടെ മക്കളുടെയും സിനിമയാണ്. മനുഷ്യരെല്ലാം റോബോട്ടുകളുടെ ഇരകള്‍ മാത്രം. റോബോട്ടുകളെ നിര്‍മ്മിച്ച വസീഗരന്‍ പോലും സീനില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടു. മനുഷ്യന്റെയും പക്ഷികളുടെയും ഓറകള്‍ സംഭരിച്ച് നെഗറ്റീവ് എനര്‍ജിയായി രൂപപ്പെട്ട മൊബൈല്‍ ജീവിയും റോബോട്ടുകളും തമ്മില്‍ നടത്തുന്ന സ്റ്റണ്ട് സീനുകളും മൊബൈല്‍ ജീവി നടത്തുന്ന കൊലപാതകങ്ങളും ശക്തി കാണിക്കലുമെല്ലാമാണ് സിനിമയിലേറെയും. അവിടെ മനുഷ്യജീവിതത്തിന് വലിയ സ്ഥാനമൊന്നും നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഒരു വീഡിയോ ഗെയിമിന്റെ യാന്ത്രികതയെല്ലാം ചിത്രത്തിന് കൈവന്നിട്ടുണ്ട്. 

ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമകളുടെ നിലവാരത്തില്‍ തന്നെയാണ് 2.0യും ശങ്കര്‍ ഒരുക്കിയിരിക്കുന്നതെന്നതില്‍ ഒട്ടും സംശയം വേണ്ട. മൊബൈല്‍ ഫോണുകള്‍ കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ് 2.0യുടെ വിഎഫ്എക്‌സ് ടീം. പ്രേക്ഷകരെ നന്നായി വിസ്മയിപ്പിക്കാനും ആവേശം കൊള്ളിക്കാനും പാകത്തില്‍ തയ്യാറാക്കിയ സ്റ്റണ്ട് സീനുകള്‍ ആവശ്യത്തിലുമധികമുണ്ട് 2.0യില്‍. മൊബൈല്‍ ഫോണുകള്‍ കൊണ്ട് നിര്‍മ്മിച്ചെടുത്ത പക്ഷിയും അത് വിവിധ രൂപങ്ങളിലേക്ക് മാറുന്നതുമെല്ലാം കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയായിരുന്നു. 

സിനിമയിലെ പാട്ടുകള്‍ വേണ്ടത്ര ക്ലിക്കാായില്ല. അതേസമയം എആര്‍ റഹ്മാന്റെ പശ്ചാത്തല സംഗീതം സിനിമയ്ക്ക് ഊര്‍ജം നല്‍കി. ബോളിവുഡ് ഛായാഗ്രഹകന്‍ നീരവ് ഷായാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ത്രിഡിയുടെ തലങ്ങളെ പ്രയോജനപ്പെടുത്താനുതകുന്ന തരത്തിലാണ് നീരവ് ഷാ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ചിത്രം റോബോട്ടുകള്‍ കയ്യേറിയതു കാരണം അഭിനേതാക്കളുടെ ഭാവാഭിനയത്തെക്കുറിച്ച് പ്രത്യേകിച്ച് പറയാനൊന്നുമില്ല. റോബോട്ടുകള്‍ക്ക് ഭാവങ്ങളൊന്നുമില്ലല്ലോ. പിന്നെയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അക്ഷയ് കുമാറിന്റെയും കലാഭവന്‍ ഷാജോണിന്റെയും പ്രകടനമാണ്. 

ആകെ മൊത്തം ഒരു കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ് 2.0. സാങ്കേതിക വിദ്യയെ മാത്രം കൂട്ട് പിടിച്ച് നിര്‍മ്മിച്ചെടുത്ത് സിനിമ. അതുകൊണ്ട് വൈകാരികതയെ ഒതുക്കി നിര്‍ത്തിക്കൊണ്ടുള്ള ഈ യാന്ത്രിക ലോകം ചിലര്‍ക്കെങ്കിലും ചെകടിക്കാന്‍ സാധ്യതയുണ്ട്.