• 22 Sep 2023
  • 04: 31 AM
Latest News arrow

തിരുവനന്തപുരത്ത് ട്വന്റി ട്വന്റി...ബി.സി.സി.ഐ പച്ചക്കൊടി കാണിച്ചു..

കൊല്‍ക്കത്ത: തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രാജ്യാന്തര ട്വന്റി20 മല്‍സരം നടക്കും. കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം പകരുന്ന ഈ വാര്‍ത്ത ബിസിസിഐയാണ് പുറത്തുവിട്ടത്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ 23 രാജ്യാന്തര മല്‍സരങ്ങളാണ് ടീം ഇന്ത്യ നാട്ടില്‍ കളിക്കുന്നത്. ഇതില്‍ ഒരു മത്സരമാണ് തിരുവനന്തപുരത്ത് നടക്കുക. ന്യൂസിലന്റോ ശ്രീലങ്കയോ ആയിരിക്കും ഇന്ത്യയുടെ എതിരാളി.
കൊല്‍ക്കത്തയില്‍ നടന്ന ബിസിസിഐ ടൂര്‍സ് ആന്‍ഡ് ഫിക്‌സ്‌ചേഴ്‌സ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടത്. ഇതോടെ, കൊച്ചിക്കു പിന്നാലെ കേരളത്തില്‍ രാജ്യാന്തര ക്രിക്കറ്റ് മല്‍സരം നടക്കുന്ന രണ്ടാമത്തെ സ്റ്റേഡിയമായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് മാറും. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് മല്‍സരങ്ങളിലൊന്നിന്റെ വേദിയായി തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ പരിഗണിക്കുന്നുണ്ടെന്ന് ബിസിസിഐ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചു. എന്നാല്‍ ട്വന്റി20 മല്‍സരം നടത്താനാണ് അനുമതി ലഭിച്ചത്.

കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിനുവേണ്ടിയായിരുന്നു 240  കോടി രൂപ ചിലവിട്ട് ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം നിര്‍മിച്ചത്. അമ്പതിനായിരം പേര്‍ക്ക് ഇവിടെയിരുന്ന് കളി കാണാം.അത്‌ലറ്റിക്‌സും ഫുട്‌ബോളും ഉള്‍പ്പടെ വിവിധ മത്സരങ്ങള്‍ക്കുള്ള സൗകര്യങ്ങളോടെയാണ് സ്‌റ്റേഡിയം നിര്‍മിച്ചത്. എന്നാല്‍, ദേശീയ ഗെയിംസിനുശേഷം ഇവിടെ കാര്യമായ മത്സരങ്ങളൊന്നും നടന്നിരുന്നില്ല. ഒടുവില്‍ സ്‌റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏറ്റെടുക്കുകയായിരുന്നു. ഇതിനുശേഷമാണ് ഇവിടെ ബി.സി.സി. ഐ.യുടെ സാങ്കേതിക സമിതി പരിശോധന നടത്തിയത്.ദിവസം നാലായിരം രൂപ നിരക്കില്‍ വര്‍ഷത്തില്‍ 180 ദിവസമാണ് കെ.സി.എയ്ക്ക് സ്‌റ്റേഡിയം ഉപയോഗിക്കാനുള്ള അവകാശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.സി.എ. 35 ലക്ഷം രൂപ ചിലവിട്ട് സ്‌റ്റേഡിയത്തില്‍ അഞ്ച് ക്രിക്കറ്റ് പിച്ചുകള്‍ നിര്‍മിച്ചിരുന്നു.

1988 ജനുവരി 25നാണ് തിരുവനന്തപുരം അവസാനമായി ഒരു അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരത്തിന് വേദിയായത്. യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയമായിരുന്നു അന്ന് വേദി. വെസ്റ്റിന്‍ഡീസും ഇന്ത്യയും തമ്മിലുള്ള ഏകദിനമായിരുന്നു മത്സരം. അന്ന് വിന്‍ഡീസിനായിരുന്നു ജയം. ഒന്‍പത് റണ്‍സിനാണ് സന്ദര്‍ശകര്‍ വിജയിച്ചത്. കപില്‍ദേവ്, ശ്രീകാന്ത്, അമര്‍നാഥ്, വിവ് റിച്ചാര്‍ഡ്‌സ്, ഫില്‍ സിമണ്‍സ്, ഗോര്‍ഡന്‍ ഗ്രീനിഡ്ജ്, കാള്‍ ഹൂപ്പര്‍, ഗസ് ലോഗി എന്നിവരെല്ലാം അന്ന് കളിച്ചിരുന്നു.