• 14 Dec 2018
  • 03: 12 AM
Latest News arrow

രണ്ടാം വരവില്‍ നല്ല ടെന്‍ഷനുണ്ട്; സംവൃത സുനില്‍

മലയാളത്തിന്റെ പ്രിയ നടി സംവൃത സുനില്‍ ആറ് വര്‍ഷത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഒരു വടക്കന്‍ സെല്‍ഫിയുടെ സംവിധായകന്‍ ജി പ്രിജിത്തിന്റെ പുതിയ ചിത്രത്തിലൂടെയാണ് സംവൃതയുടെ രണ്ടാം വരവ്. വിവാഹത്തിന് ശേഷം ഭര്‍ത്താവ് അഖില്‍ രാജിനൊപ്പം അമേരിക്കയിലായിരുന്നു സംവൃത. 101 വെഡ്ഡിങ്‌സായിരുന്നു സംവൃതയുടെ അവസാന ചിത്രം. ഈയിടെ ഒരു ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോയില്‍ ജഡ്ജസുകളിലൊരാളായി സംവൃതയെത്തിയിരുന്നു.

ഇത്രയും നാളും അമേരിക്കയിലായിരുന്നു. ഭര്‍ത്താവും മോനുമായി കുടുംബജീവിതം ശരിക്കും ആസ്വദിക്കുകയായിരുന്നുവെന്ന് സംവൃത പറഞ്ഞു. അങ്ങിനെയിരിക്കുമ്പോഴാണ് ഈ സിനിമയുടെ ഓഫര്‍ വരുന്നത്. കഥയൊക്കെ കേട്ട് ഇഷ്ടപ്പെട്ടു. മകന്റെ സ്‌കൂളില്‍ വിളിച്ച് ലീവ് ചോദിച്ചപ്പോള്‍ കിട്ടി. പിന്നെ തീരുമാനമെല്ലാം പെട്ടെന്നായിരുന്നു. 

ഈ സിനിമയിലെ നായകന്‍ ബിജു മേനോനാണ്. ബിജു ചേട്ടന്റെ കഥാപാത്രത്തിന്റെ ഭാര്യയുടെ റോളാണ് ചെയ്യുന്നത്. ഗീത എന്നാണ് കഥാപാത്രത്തിന്റെ പേര്. കേരളത്തിലുള്ള ഭൂരിഭാഗം ഭാര്യമാരെയും പ്രതിനിധീകരിക്കുന്ന ഒരു ഭാര്യയാണ്. വളരെ സാധാരണക്കാരിയായ വീട്ടമ്മ. ഒരു മോളുണ്ട്. 

ലൊക്കേഷനിലേക്കെത്തുമ്പോള്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു. ആദ്യ സിനിമ രസികന്‍ ചെയ്യുമ്പോള്‍ ഒട്ടും ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. അന്ന് സിനിമയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു, ഇത്രയും ആളുകള്‍ കാണുമെന്നൊക്കെ. പക്ഷേ തിരിച്ചുവരവില്‍ നല്ല ടെന്‍ഷനായിരുന്നു. എങ്കിലും ലൊക്കേഷനിലെത്തി അവിടെയുള്ളവരുമായൊക്കെ ഇടപഴകിയപ്പോള്‍ റിലാക്‌സ്ഡ് ആയി. 

മുമ്പ് ചെയ്തപോലെ ഒരു വര്‍ഷത്തില്‍ നാലോ അഞ്ചോ സിനിമ ചെയ്യാനൊന്നും ഇപ്പോള്‍ സാധിക്കില്ല. മോന് സ്‌കൂളുണ്ട്. താനുമൊരു വീട്ടമ്മയാണ്. ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട്. അത്തരം കാര്യങ്ങളൊക്കെ മാറ്റിവെച്ച് കുറേ മാസങ്ങള്‍ ഇവിടെ നിന്ന് ജോലി ചെയ്യാനൊന്നും ഇപ്പോള്‍ സാധിക്കില്ല. തന്റെ സൗകര്യത്തിന് ഒത്തുവരുന്ന സിനിമകളെ ചെയ്യൂ. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍. നല്ല സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമകളൊക്കെ ഇപ്പോള്‍ വരുന്നുണ്ട്. അതൊക്കെ കാണുമ്പോള്‍ സിനിമ ചെയ്യണമെന്ന് തോന്നും. പക്ഷേ പ്രാക്ടിക്കലാണോയെന്ന് അറിയില്ലെന്നും സംവൃത പറഞ്ഞു.  

സിനിമ ചെയ്യുന്നതിനോട് തന്റെ വീട്ടുകാര്‍ക്ക് മാത്രമല്ല, ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കും നല്ല താല്‍പ്പര്യമാണ്. കല്യാണം കഴിഞ്ഞിട്ടും സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിനോട് അവര്‍ക്ക് എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. സിനിമയില്‍ നിന്ന് മാറി നില്‍ക്കണമെന്നത് തന്റെ മാത്രം തീരുമാനമായിരുന്നുവെന്നും സംവൃത സുനില്‍ പറഞ്ഞു.