• 19 Jun 2019
  • 05: 45 PM
Latest News arrow

പ്രേതത്തോട് കിടപിടിച്ച് പ്രേതം 2

പഴയതുപോലെ പ്രേതങ്ങള്‍ക്ക് ഇപ്പോള്‍ തീരെ മാര്‍ക്കറ്റില്ല. പേടിപ്പിക്കാന്‍ വരുന്ന പ്രേതങ്ങളെ കൂക്കിവിളിച്ച് തിരിച്ചോടിക്കാന്‍ മടിക്കാത്തവരായി മലയാളികള്‍. അതുകൊണ്ട് പഴയതുപോലെ പ്രേതപ്പടം എടുക്കാന്‍ പറ്റില്ലെന്ന് നന്നായി മനസ്സിലാക്കിയ സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. അതിന്റെ തെളിവായിരുന്നു പ്രേതം എന്ന സിനിമ. പ്രേതോച്ചാടനവും ബാധയൊഴിപ്പിക്കലും ആഭിചാരക്രിയകളുമൊന്നുമില്ലാതെ  മെന്റലിസത്തെ കൂട്ടുപിടിച്ച് തികച്ചും ന്യൂജെന്‍ ആയി പ്രേതത്തെ അവതരിപ്പിച്ച് ചിരിപ്പിച്ചാണ് അദ്ദേഹം പ്രേതം എന്ന സിനിമയെടുത്തത്. ആ പുതിയ രീതി മലയാളികള്‍ ഇരുകൈ നീട്ടി സ്വീകരിക്കുകയും ചെയ്തു. അതിന്റെ ആത്മവിശ്വാസത്തിലാണ് അദ്ദേഹം പ്രേതം 2 എടുത്തത്. പ്രേതത്തെ വിജയിപ്പിച്ചെടുത്ത ഫോര്‍മുലകള്‍ തന്നെ പ്രയോജനപ്പെടുത്തിയ ഈ ചിത്രവും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല. 

പ്രേതത്തിന്റെ അതേ പാറ്റേണില്‍ തന്നെയാണ് പ്രേതം 2ഉം ചെയ്തിരിക്കുന്നത്. പ്രേതത്തിലെ പ്രധാന കഥാപാത്രമായ ജോണ്‍ ഡോണ്‍ ബോസ്‌ക്കോയുടെ രണ്ടാമത്തെ കേസ് എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. കായകല്‍പ്പ ചികിത്സയ്ക്കായി വരിക്കാശ്ശേരി മനയിലെത്തുന്ന ജോണിന് അവിടെ നിന്നും കിട്ടുന്ന ഒരു കേസ്. ഏറ്റവും ബുദ്ധിമുട്ടേറിയ കേസെന്നാണ് ജോണ്‍ ഇതിനെ വിശേഷിപ്പിക്കുന്നതെങ്കിലും പ്രേതത്തിലെ കേസുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര ബുദ്ധിമുട്ടിയെന്നൊന്നും തോന്നുന്നില്ല. 

സിനിമാ പ്രാന്തന്‍മാര്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മയില്‍ അംഗങ്ങളായ അഞ്ച് പേര്‍ പരസ്പരം കാണാനും സൗഹൃദം പങ്കുവെയ്ക്കാനും ഒരുമിച്ചൊരു ഷോര്‍ട്ട് ഫിലിം ചെയ്യാനുമായി വരിക്കാശ്ശേരി മനയിലെത്തുകയും അവിടെ അവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അതില്‍ നിന്ന് ജോണ്‍ ഡോണ്‍ ബോസ്‌ക്കോ എന്ന മെന്റലിസ്റ്റ് അവരെ രക്ഷിച്ചെടുക്കുന്നതും വലിയൊരു കുറ്റവാളിയെ സമൂഹത്തിന് കാട്ടിക്കൊടുക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചില ആളുകള്‍ക്കെങ്കിലും ജീവിതത്തില്‍ ചില പ്രേതാനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. അത് വെറും തോന്നലാണെന്നും അല്ല ശരിക്കും പ്രേതമുണ്ടെന്നുമൊക്കെ അപ്പോള്‍ വിധിയെഴുതും. അത്തരം സാധാരണമെന്ന് തോന്നാവുന്ന എന്നാല്‍ എന്തോ ചില നിഗൂഢതയൊക്കെയുള്ള അനുഭവങ്ങളെയാണ് ചിത്രത്തില്‍ പ്രേതത്തിന്റെ ഇടപെടലുകളായി അവതരിപ്പിച്ചിട്ടുള്ളത്. അതായത് സാധാരണ മലയാള സിനിമകളിലൊക്കെ കാണുന്നതുപോലെ ഒരു പ്രധാന കഥാപാത്രമാക്കി പ്രേതത്തെ കൊണ്ടുവരുന്നില്ല. പകരം പ്രേതത്തിന് ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ റോളേ കൊടുത്തിട്ടുള്ളു. എന്നിട്ട് പ്രധാന കഥാപാത്രങ്ങളുടെ പ്രേത തോന്നലുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ചിത്രം മുന്നോട്ടുപോവുകയാണ്. 

പ്രേതത്തില്‍ അജു വര്‍ഗീസ്, ഗോവിന്ദ് പത്മസൂര്യ, ഷറഫുദ്ദീന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചേറായിയില്‍ ഒരു റിസോര്‍ട്ട് നടത്തുന്ന ഇവര്‍ക്ക് റിസോര്‍ട്ടിലെ ഒരു മുറിയില്‍ അസാധാരണമായ ചില പ്രതിസന്ധികളെ നേരിടേണ്ടി വരുകയും അത് പ്രേതമെന്ന് ഏകദേശം ഉറപ്പിച്ച് ജോണ്‍ ഡോണ്‍ ബോസ്‌കോയുടെ അടുത്ത് സഹായം ചോദിച്ച് എത്തുകയുമാണ്. എന്നാല്‍ പ്രേതം 2 വില്‍ പ്രേതത്തിന്റെ ഇടപെടലുകള്‍ ആദ്യം തന്നെ ജോണിന് മനസ്സിലാകുന്നു. എന്നിട്ട് അവര്‍ അറിയാതെ അവരെ പിന്തുടരുന്ന പ്രേതത്തിന് പിന്നാലെ ജോണ്‍ സഞ്ചരിക്കുകയാണ്. 

സിദ്ധാര്‍ത്ഥ് ശിവ, ഡെയ്ന്‍ ഡേവിസ്‌, സാനിയ ഇയ്യപ്പന്‍, ദുര്‍ഗ്ഗ കൃഷ്ണന്‍, അമിത് ചക്കാലയ്ക്കല്‍ എന്നിവരാണ് വരിക്കാശ്ശേരി മനയിലെ പുതിയ അതിഥികള്‍. ഒരു മുഴുനീള കോമഡി തന്നെയാണ് ചിത്രം. സിദ്ധാര്‍ത്ഥ് ശിവയാണ് കോമഡി ഉത്സവത്തിന് തിരികൊളുത്തുന്നത്. കൂടെ ഒരു സഹായത്തിന് ഡെയ്ന്‍ ഡേവിസും ചേരുന്നു. ഈ സിനിമയെ ഒരു എന്റര്‍ടെയ്‌നറാക്കി മാറ്റുന്നത് സിദ്ധാര്‍ത്ഥ് ശിവയുടെ കഥാപാത്രമാണ്. കോമഡിയ്ക്കായി പ്രത്യേകിച്ച് ഒന്നും ചെയ്യാതെ സന്ദര്‍ഭത്തിന് ചേരുന്ന തരത്തിലുള്ള കൗണ്ടര്‍ കോമഡികളാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രേതത്തിലേതിനേക്കാള്‍ കുറച്ചുകൂടി പ്രേക്ഷകരെ ചിരിപ്പിക്കാന്‍ പ്രേതം 2വിന് കഴിഞ്ഞേക്കും.

പുതിയ പരീക്ഷണങ്ങളൊന്നും തന്നെ രഞ്ജിത്ത് ശങ്കര്‍ പ്രേതം 2 വില്‍ ചെയ്യുന്നില്ല. സ്ഥലം ഒന്ന് മാറ്റിപ്പിടിച്ചു. ആ സ്ഥലത്തിന് ചേരുന്ന രീതിയില്‍ പ്രേതത്തിന്റെ ഇടപെടലുകള്‍ ഉണ്ടാക്കി. പേടിപ്പിക്കുന്നതിന് പകരം പ്രേതത്തിലേതു പോലെ തന്നെ കോമഡിയ്ക്ക് പ്രാധാന്യം നല്‍കി. 
ഈ ചിത്രത്തിലും പ്രേതം മനുഷ്യരുമായി സംവദിക്കുന്നത് കംപ്യൂട്ടറിലൂടെയും ഒരു പടി കൂടി കടന്ന് സോഷ്യല്‍ മീഡിയയിലൂടെയുമാണ്. പ്രേതത്തിന്റെ ജീവിത പശ്ചാത്തലം തേടിയുള്ള ജോണിന്റെ സഞ്ചാരം ഈ ചിത്രത്തിലുമുണ്ട്. ക്ലൈമാക്‌സില്‍ ഒരു കൂട്ടം ആളുകളില്‍ നിന്നും മെന്റലിസം ഉപയോഗിച്ച് ചികഞ്ഞ് ചികഞ്ഞ് കുറ്റവാളിയെ കണ്ടെത്തുന്ന രീതിയാണ് ഉപയോഗിച്ചിരിക്കുന്നതും. പ്രേതത്തില്‍ ഇത് ലാഗടിപ്പിച്ചുകൊണ്ടുള്ള ചികയലായിരുന്നെങ്കില്‍ ഇപ്രാവശ്യം ആ കുറവ് നികത്തി അത്യാവശ്യം ടെന്‍ഷന്‍ അടിപ്പിക്കാന്‍ തന്നെ രഞ്ജിത്ത് ശങ്കറിന് കഴിഞ്ഞു. ഈ ചികയലിനിടയില്‍ പ്രേക്ഷക ഭാഗത്തു നിന്നെന്നപോലെയുള്ള കൗണ്ടറടികള്‍ അതുവരെ പ്രേതാനുഭവം ഉണ്ടായിട്ടുള്ള പ്രധാന കഥാപാത്രങ്ങളെക്കൊണ്ട് പറയിപ്പിക്കാന്‍ പ്രേതത്തിലേതുപോലെ തന്നെ ശ്രമം നടത്തിയിട്ടുണ്ട്. 

ചിത്രത്തില്‍ ജയസൂര്യയുടെ വസ്ത്രങ്ങളും മൊത്തത്തിലുള്ള ലുക്കും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. 'പാവാടയിട്ട കട്ടപ്പ' എന്ന വിശേഷണം തികച്ചും അനുയോജ്യം. മെന്റലിസ്റ്റ് വിദ്യയോടൊപ്പം ചില ഷെര്‍ലക്‌സ് ഹോംസ് തന്ത്രങ്ങളും ഇപ്പോള്‍ ജോണ്‍ പ്രയോഗിക്കുന്നുണ്ട്. 

ആകെ മൊത്തത്തില്‍ പ്രേതം 2, പ്രേതത്തിന്റെ അതേ പാത തന്നെയാണ് പിന്‍തുടരുന്നത്. ഇരട്ടക്കുട്ടികളെപ്പോലെയാണ് രണ്ട് ചിത്രങ്ങളും. ചില വ്യത്യാസങ്ങളുണ്ടെങ്കിലും സംഗതികളൊക്കെ ഒന്നു തന്നെ. പ്രേതത്തിന്റെ അതേ നിലവാരം തന്നെയാണ് പ്രേതം 2ഉം പുലര്‍ത്തുന്നത്.