• 19 Jun 2019
  • 05: 42 PM
Latest News arrow

ചിരിപ്പിച്ച് രസിപ്പിച്ച് പ്രകാശന്‍

'ഞാന്‍ പ്രകാശന്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. പ്രേക്ഷകനെ ചിരിപ്പിച്ച ട്രെയിലര്‍ ട്രോളര്‍മാര്‍ക്ക് ആയുധവുമായി. ഫഹദ് ഫാസിലിന്റെ ഭാവാഭിനയം മാത്രമല്ല, മികച്ച തിരക്കഥയുടെ സാന്നിധ്യവും സംവിധായക പ്രതിഭയും വ്യക്തമാക്കുന്ന ട്രെയിലാറായിരുന്നു അത്. എന്നാല്‍ പ്രതീക്ഷയുടെ അമിതഭാരം ഇറക്കിവെയ്ക്കുന്നതാണ് എപ്പോഴും നല്ലതെന്ന് മുമ്പ് ഒരു സിനിമയിലൂടെ ബോധോദയം വന്നതിനാല്‍ ട്രെയിലറിനെ കണ്ണുംപൂട്ടി വിശ്വസിക്കേണ്ടായെന്ന് വെച്ചിരുന്നു. എന്നാല്‍ ചിലതൊക്കെയും പ്രതീക്ഷിക്കുന്നതുപോലെയും സംഭവിക്കണമല്ലോ. അതെ... അങ്ങിനെ തന്നെ സംഭവിച്ചു. തിയേറ്റില്‍ ചിരിപ്പിച്ച് രസിപ്പിക്കുകയാണ് പ്രകാശന്‍.

നഴ്‌സിങ് ജോലി ആണുങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന് ചിന്തിക്കുന്ന അല്‍പ്പം ദുരഭിമാനമൊക്കെയുള്ള ചെറുപ്പക്കാരുടെ പ്രതിനിധിയാണ് പ്രകാശന്‍. ഡിഗ്രിയുണ്ടായിട്ടും പണി കിട്ടാതെ തേരാപാരാ നടക്കുന്ന ചെറുപ്പക്കാരില്‍പ്പെട്ടയൊരാള്‍. കുശുമ്പും കുന്നായ്മയും ഒക്കെ വേണ്ടുവോളമുള്ള നമ്മുക്ക് ചുറ്റും കാണുന്ന ഒരോ ചെറുപ്പക്കാരനെയും പ്രകാശനില്‍ കാണാം.  പ്രകാശനെ ചൂണ്ടിക്കാട്ടി ഇതൊക്കെയാണ് മലയാളി എന്ന് ആര്‍ക്കും പറയാം. ഇങ്ങിനെയുള്ള പ്രകാശനെ അദ്ദേഹത്തിന്റെ മാനറിസങ്ങളിലൂടെ പരിചയപ്പെടുത്തിയാണ് സിനിമ തുടങ്ങുന്നത്. ശ്രീനിവാസനാണ് നരേഷന്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ട് നരേഷന്‍ കേട്ടുപോലും ചിരിക്കാന്‍ സാധിക്കുന്നു്. 

തന്റെ പേരില്‍ പോലും തൃപ്തിയില്ലാത്തയാളാണ് പ്രകാശന്‍. അതുകൊണ്ട് പ്രകാശന്‍ എന്ന പേര്, പിആര്‍ ആകാഷ് എന്നാക്കി പരിഷ്‌കരിക്കാനും പുള്ളി തയ്യാറായി. ലോകം മുഴുവന്‍ ചുറ്റി സഞ്ചരിക്കണമെന്ന ആഗ്രഹമാണ് പ്രകാശന്. കാശുള്ള ഏതെങ്കിലും വീട്ടിലെ പെണ്‍കൊച്ചിനെയും കെട്ടി ആ കാശുകൊണ്ട് ലോകം മുഴുവന്‍ കറങ്ങാന്‍ പറ്റുവാണേല്‍ അത്രെയും സന്തോഷം. അതിന് എന്ത് തറവേലയും കാണിക്കാനും പ്രകാശന്‍ തയ്യാര്‍. നാവിന് ആവശ്യത്തിലേറെ നീളമുള്ളതുകൊണ്ട് എവിടെയും പിടിച്ചുനില്‍ക്കും. കള്ളം പറയുന്നതില്‍ പ്രത്യേക വൈദഗ്ധ്യവുമുണ്ട്. ഇങ്ങിനെയൊക്കെയുള്ള ആകാഷ്, ആകാശത്തില്‍ നിന്നും ഭൂമിയിലേക്ക്‌ ഇറങ്ങി വരുന്നതിന്റെ കഥയാണ് 'ഞാന്‍ പ്രകാശന്‍'

പണ്ട് പണക്കാരിയല്ലെന്ന ഒറ്റക്കാരണത്താല്‍ തേച്ചിട്ട് പോയ പെണ്ണിന്, നല്ല കാലം വന്നുവെന്ന് അറിഞ്ഞപ്പോള്‍, വീണ്ടും പഴയ പ്രണയമൊക്കെ പൊടി തട്ടിയെടുത്ത്, ആ നല്ലകാലത്തിന്റെ പങ്ക് പറ്റാന്‍ പോകുന്ന പ്രകാശനെയാണ് ആദ്യ പകുതിയില്‍ കാണുന്നത്. ആ പ്രണയം വിജയിക്കാനും അവളെ കെട്ടി ജര്‍മ്മനിയിലേക്ക് പോകാനും പ്രകാശന്‍ നടത്തുന്ന വേലത്തരങ്ങളിലൂടെ സിനിമ മുന്നേറുന്നു. 

ഫഹദ് ഫാസിലിന്റെ കരിസ്മയാണ് ചിത്രത്തിന് മുതല്‍ക്കൂട്ടായത്. പ്രകാശന്‍ എന്ന ചെറുപ്പക്കാരന്റെ സംഭവ ബഹുലമായ ജീവിതത്തിലൂടെ കേറിയിറങ്ങുന്ന സിനിമ അദ്ദേഹത്തിന്റെ കള്ളത്തരങ്ങളും ഒപ്പിക്കുന്ന വേലത്തരങ്ങളും ചെന്നുപെടുന്ന ഗുലുമാലുകളും ഒക്കെയാണ് കാണിച്ചു തരുന്നത്. ഫഹദ് ഫാസില്‍ എന്ന നടന്റെ നടനവിസ്മയത്തില്‍ കത്തിക്കയറി ചിരിയുടെ അമിട്ട് പൊട്ടിക്കുകയാണ് ഓരോ രംഗങ്ങളും. അദ്ദേഹത്തിന്റെ മുഖത്തെ ഭാവങ്ങളും ഡയലോഗ് ഡെലിവെറിയുമാണ് ചിത്രത്തിന്റെ നട്ടെല്ല്. ഫഹദ് ഫാസിലിന്റെ ഓട്ടവും ആ രംഗം ചിത്രീകരിച്ചിരിക്കുന്ന രീതിയും ഒക്കെ എടുത്ത് പറയേണ്ടതാണ്.  

ചില സീനുകളില്‍ പഴയ ശ്രീനിവാസനെ വീണ്ടും കാണാന്‍ സാധിച്ചുവെന്നതും സന്തോഷം തരുന്നതാണ്. ശ്രീനിവാസന്റെയും ഫഹദ് ഫാസിലിന്റെയും കോമ്പിനേഷന്‍ അപാരമാണ്. 

തിരക്കഥാകൃത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രം എന്നൊക്ക വിശേഷിപ്പിക്കാമെങ്കില്‍ അതാണ് 'ഞാന്‍ പ്രകാശന്‍'. രചന നിര്‍വ്വഹിച്ചത് ശ്രീനിവാസനാണെന്ന് ചിത്രത്തിലെ സംഭാഷണങ്ങളില്‍ നിന്ന് തന്നെ വ്യക്തമാകും. കാരണം കൗണ്ടര്‍ അടികള്‍ തന്നെ. ഈ കൗണ്ടര്‍ അടികളാണ് പ്രേക്ഷകരെ ചിരിപ്പിക്കുന്നതും. മൂന്നാറിലെ കയ്യേറ്റവും ബംഗാളികളെക്കൊണ്ട് ഞാറ് നടീക്കുന്നതും ജോലി ചെയ്യുന്നതില്‍ മലയാളി കാണിക്കുന്ന ദുരഭിമാനവുമെല്ലാം ആക്ഷേപഹാസ്യം നിറച്ച് അവതരിപ്പിച്ചിട്ടുണ്ട്. 

ചിത്രത്തിന്റെ രണ്ടാം പകുതി പ്രകാശന്റെ ജീവിതത്തില്‍ സംഭവിക്കുന്ന വഴിത്തിരിവാണ്. ചില തത്ത്വങ്ങളും ജീവിത യാഥാര്‍ത്ഥ്യങ്ങളുമൊക്കെ ഇവിടെ വേരുപിടിക്കുന്നുണ്ടെങ്കിലും തമാശ കൈവെടിയാതെ തന്നെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. 

മനോഹരമായ ഫ്രെയിമുകളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.  'എന്തൊരു ഭംഗിയാ' എന്ന് പ്രേക്ഷകനെക്കൊണ്ട് പറയിപ്പിക്കുകയാണ് ഓരോ ഫ്രെയിമുകളും.പച്ചയും ചുമപ്പും നിറങ്ങളുടെ ചേര്‍ച്ചയാണ് എടുത്ത് പറയേണ്ടത്. പച്ച നിറം തിമിര്‍ത്താടുകയാണ്. പച്ചപ്പുല്ലും നെല്‍പ്പാടങ്ങളും മരങ്ങളും ചെടികളുമൊക്കെയായി ആകെ പച്ചമയം. പച്ചയോട് ചേര്‍ന്ന് ചുമപ്പു നിറം കൂടി വരുന്നതോടെ വല്ലാത്ത അനുഭൂതിയാണ് പ്രേക്ഷകന് ലഭിക്കുന്നത്. വളരെ ഇന്റലിജന്റായാണ് ഓരോ രംഗവും ചിത്രീകരിച്ചിരിക്കുന്നത്. ശ്രീനിവാസനും ഫഹദ്ഫാസിലും നെല്‍പ്പാടത്തുകൂടി നടന്ന് വന്ന് ബസിലേക്ക് കയറുന്ന രംഗം ഒരു ഉദാഹരണം. 

അഭിനേതാക്കളെല്ലാം മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്. സലോമിയുടെ (നിഖില വിമല്‍) അപ്പച്ചനും അമ്മച്ചിയും ആയി അഭിനയിക്കുന്ന രണ്ട് അഭിനേതാക്കളും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. പ്രത്യേകിച്ച് അമ്മച്ചിയായി അഭിനയിച്ച നടി. അവരുടെ സംഭാഷണങ്ങളും ഭാവാഭിനയവുമെല്ലാം അടിപൊളിയായിരുന്നു. ഓരോ അഭിനേതാവിന്റെയും സംഭാഷണത്തിലും നര്‍മ്മം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതായത് ചിത്രത്തില്‍ നമ്മെ ചിരിപ്പിക്കാത്ത ഒരു കഥാപാത്രം പോലും ഇല്ലെന്ന് പറയാം. 

ചിത്രത്തിലെ പാട്ടുകള്‍ അധികം ശ്രദ്ധിക്കപ്പെടുന്നില്ല. പക്ഷേ ഹിന്ദി ഞാറ്റുപാട്ട് അവതരിപ്പിച്ച് മലയാളികളെ 'ശരിക്കും ആക്കിയത്' കൊള്ളാമായിരുന്നു.  

സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍-ഫഹദ്ഫാസില്‍ കൂട്ടുകെട്ടിന്റെ മാജിക് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ചിത്രമാണ് 'ഞാന്‍ പ്രകാശന്‍'. ഇന്റലിജന്റായ ഒരു തിരക്കഥയ്ക്ക് ഏറ്റവും അനുയോജ്യനായ സംവിധായകനും മറ്റൊരാളെ മാറ്റി പ്രതിഷ്ഠിക്കാന്‍ സാധിക്കാത്ത അഭിനേതാവുമെത്തിയതുകൊണ്ടാണ് 'ഞാന്‍ പ്രകാശന്‍' ഒരു മികച്ച സിനിമയായത്. ഈ മൂന്ന് ചേരുവകളില്‍ എന്തെങ്കിലും മാറ്റം വന്നിരുന്നെങ്കില്‍ പ്രതീക്ഷയുടെ അമിതഭാരം ഇറക്കിവെയ്ക്കണമെന്ന് പ്രേക്ഷകര്‍ക്ക് വീണ്ടും വീണ്ടും മനസ്സില്‍ പറഞ്ഞ് ഉറപ്പിക്കേണ്ടി വരുമായിരുന്നു.