• 19 Jun 2019
  • 05: 42 PM
Latest News arrow

ചലച്ചിത്രമേളകളുടെ പ്രിയങ്കരിയായി 'നവൽ എന്ന ജ്യൂവൽ'

രഞ്ജിലാൽ ദാമോദരൻ സംവിധാനം ചെയ്ത്, മലയാളത്തിലും ഇംഗ്ളീഷിലുമായി ചിത്രീകരിച്ച 'നവൽ ദ ജ്യൂവൽ ' എന്ന ചലച്ചിത്രം ഫിലിം ഫെസ്റ്റിവലുകളിൽ നിന്നും ഫിലിം ഫെസ്റ്റിവലുകളിലേക്ക് പ്രയാണം തുടരുകയാണ് . നേപ്പൽ ഓഫ് ഗൾഫ് , ഇറ്റലി ഇൻഡിപെൻഡൻസ് ഇന്റർനാഷണൽ ഫെസ്റ്റിവൽ, ആംസ്റ്റർഡാം ഇന്റർനാഷണൽ ഫിലിം മേക്കേഴ്സ് ഫെസ്റ്റിവൽ,വെബ് ഡാൻസ് ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ പങ്കെടുത്തുകഴിഞ്ഞ ഈ ചിത്രം കൊൽക്കത്ത ഫിലിം ഫെസ്റ്റിവൽ, ഷിംല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ , ഡൽഹി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ , മിലാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ-ഇറ്റലി എന്നിവയിലേക്കും പ്രവേശനം നേടി. ഗോവയിൽ നടക്കുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഫിലിം ബസാറിലും ഈ ചിത്രം പ്രദർശിപ്പിക്കും . ഈ ചിത്രത്തിന്റെ മലയാളം പതിപ്പിന് സംസ്ഥാനസർക്കാറിന്റെ ഒരു അവാർഡും കേരള ഫിലിം  ക്രിട്ടിക്സിന്റെ മൂന്നു അവാർഡുകളും ലഭിച്ചിട്ടുണ്ട് . എന്നിട്ടും ഈയടുത്ത്  തിയേറ്ററുകളിൽ എത്തിയ ഈ ചലച്ചിത്രത്തെ അടുത്തറിയാൻ മലയാളിപ്രേക്ഷകർ  ശ്രമിച്ചിട്ടില്ല . 

ഇൻഡസ് വാലി  ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ സംവിധായകൻ കൂടിയായ രഞ്ജിലാൽ ദാമോദരനും സിറിയക്ക് മാത്യു ആലഞ്ചേരിയും ചേർന്ന് നിർമ്മിച്ച  ഈ  ചിത്രത്തിൽ,  ഓസ്കർ അവാർഡ് സിനിമയായ 'ലൈഫ് ഓഫ് പൈ ' യിൽ അഭിനയിച്ച ആദിൽ ഹുസൈൻ അഭിനയിക്കുന്നു എന്നതും മലയാളത്തിന്റെ പ്രിയ നടിയായ ശ്വേതാ മേനോൻ ആൺവേഷത്തിൽ അഭിനയിക്കുന്നു എന്നതും പ്രത്യേകതയാണ് . ആദിൽ ഹുസൈൻ ഇതാദ്യമായാണ് ഒരു ദക്ഷിണേന്ത്യൻ സിനിമയിൽ  അഭിനയിക്കുന്നത്. 'ഇംഗ്ളീഷ് വിംഗ്‌ളീഷ്‌ ' എന്ന ചിത്രത്തിൽ ശ്രീദേവിയുടെ  ഭർത്താവായി അഭിനയിച്ചത് ആദിൽ ഹുസൈൻ ആയിരുന്നു. 

ഇറാഖിലെ ബാഗ്ദാദിൽ നിന്നും ഹോളിവുഡിൽ എത്തിയ റീം ഖാദിം എന്ന അറേബ്യൻ സുന്ദരിയാണ് ചിത്രത്തിലെ നായിക. സംവിധായകൻ രഞ്ജിലാൽ ദാമോദരന്റെ തന്നെ  കഥയ്ക്ക് അദ്ദേഹവും വി.കെ അജികുമാറും ചേർന്നാണ് തിരക്കഥ രചിച്ചത്. ഹോളിവുഡിൽ നിന്നുള്ള എഡി ടോറസ് ആണ് പശ്ചാത്തല സംഗീതം. ജോബി ജെയിംസ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു  . ഡോ . ജെ. തുളസീധരക്കുറുപ്പ് ആണ് അസ്സോസിയേറ്റ് ഡയറക്ടർ . 

സ്ത്രീയുടെ സഹനത്തിന്റേയും പൊരുതലുകളുടെയും കഥയാണ് 'നവൽ എന്ന ജ്യൂവൽ '.

'നവൽ ദ ജ്യൂവൽ ' എന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് ഇറാനിലെ ബലൂചിസ്ഥാൻ  പ്രവിശ്യയിലാണ്. 16 വയസ്സിൽ അമ്മയായ അസ്മ തന്റെ പെൺകുഞ്ഞിനെ തനിച്ച് വളർത്തി വലുതാക്കുന്നതാണ് കഥ. മകൾക്ക് 20 വയസ്സാകുമ്പോൾ അവളുടെ സംരക്ഷണത്തിനായി കഷ്ടപ്പെടുന്ന 36 കാരിയായ ആ അമ്മയുടെ ശ്രമകരമായ ജീവിതം സിനിമ  പറയുന്നു. പുരുഷകേന്ദ്രീകൃതമായ ലോകത്ത് ആണധികാരങ്ങളുടെയും പിടിച്ചടക്കലിന്റെയും കീഴ്പ്പെടുത്തലിന്റെയും മുന്നിൽ പകച്ചുനിൽക്കുകയാണ് സുന്ദരിയായ അമ്മയും മകളും. ഒടുവിൽ മകൾക്കു രക്ഷയൊരുക്കാൻ സ്വന്തം അസ്തിത്വം മറച്ചുവെച്ച് ആൺവേഷം ധരിക്കുകയാണ് ആ അമ്മ. 

തന്നെ ബലാത്സംഗം ചെയ്യാനൊരുങ്ങിയ ഇറാനിയൻ ഇന്റലിജൻസ് ഓഫീസറെ വെടിവെച്ചുകൊന്ന കുറ്റത്തിന് അറസ്റ്റിലായ നവലിന് വധശിക്ഷ വിധിക്കുന്നു. വിധിക്കു ശേഷം കോടതിയിൽനിന്ന് നവലിനെ ജയിലിലേക്ക് കൊണ്ടുവരുന്നിടത്താണ് ചലച്ചിത്രം തുടങ്ങുന്നത് . മറ്റൊരു കേസിൽ തൂക്കിലേറ്റാൻ വിധിക്കപ്പെട്ട് അടുത്ത സെല്ലിൽ കിടക്കുന്ന മലയാളിയായ നഴ്സ് റീനാ ഡേവിഡും നവലും സൗഹൃദത്തിൽ ആവുന്നു. ഇരുവരും തമ്മിൽ നടക്കുന്ന സംഭാഷണങ്ങളിലൂടെയാണ് കഥ വിരിയുന്നത്.  

ജയിലിനുപുറത്ത്,  നവലിന്റെ കാമുകനായ അസ്‌ലാം,  വേൾഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിനെ ഈ കേസിൽ ഇടപെടുത്തുന്നു. ഇവരുടെ ഇടപെടലിൽ അമ്മ അസ്മയ്ക്ക് ജയിലിൽ എത്തി മകളെ സന്ദർശിക്കാൻ കഴിയുന്നു. അമ്മയും മകളും തമ്മിലുള്ള ഈ കൂടിക്കാഴ്ചയ്ക്കും സിനിമ പ്രാധാന്യം നൽകുന്നു . ആൺമേൽക്കോയ്മയുള്ള  സമൂഹത്തിൽ ജീവിക്കുവാനും മാനം കാക്കുവാനും വേണ്ടി  പോരാടേണ്ടിവരുന്ന മൊത്തം സ്ത്രീകളുടെ കഥയാണ് നവലും  അസ്മയും നമ്മോട് പറയുന്നത് . ഒരു പൊളിച്ചെഴുത്തിനെക്കുറിച്ചാണ് ഇവർ സംസാരിക്കുന്നത് .

ലോകത്തെ പ്രധാനപ്പെട്ട പത്ത് ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നായ 'ആംസ്റ്റർഡാം ഇന്റർനാഷണൽ ഫിലിം മേക്കേഴ്സ് ഫെസ്റ്റിവലി'ൽ നാല് നോമിനേഷനുകളാണ് 'നവൽ ദ ജ്യൂവൽ 'ന്  ലഭിച്ചത്.  മികച്ച ഫീച്ചർഫിലിം ( സംവിധായകൻ : രഞ്ജിലാൽ  ദാമോദരൻ ) , മികച്ച നടി ( റീം ഖാദിം ) , മികച്ച സഹനടി ( ശ്വേതാ മേനോൻ ), മികച്ച പശ്ചാത്തല സംഗീതം ( എഡി ടോറസ്-ഹോളിവുഡ് ) എന്നിവയ്ക്കായിരുന്നു നോമിനേഷനുകൾ . സംവിധായകനടക്കം ചലച്ചിത്രവുമായി ബന്ധപ്പെട്ട നാലുപേർ ആംസ്റ്റർഡാമിൽ നടന്ന ഫെസ്റ്റിവലിൽ പങ്കെടുക്കുകയുണ്ടായി. വെബ് ഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ജോബി ജെയിംസിനു മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം 'നവൽ ദ ജ്യൂവ'ലിലൂടെ ലഭിച്ചു. ഡിസംബറിൽ നടക്കാൻ പോകുന്ന കൊൽക്കൊത്ത ഫിലിം ഫെസ്റ്റിവലിലെ 'ബെസ്റ്റ് ഔട്ട്സ്റ്റാൻഡിങ് അച്ചീവ്മെന്റ്' അവാർഡ് ഇപ്പോൾത്തന്നെ ഈ ചിത്രത്തിന് ലഭിച്ചിട്ടുമുണ്ട് .

"ഈ സിനിമയുടെ ആലോചനയിൽ തന്നെ  അതിന്റെ മേക്കിങ്, സ്റ്റൈൽ, ടേക്കിങ്സ്, total mood എന്നിവ ഒരു ഇന്റർനാഷണൽ സ്കെയിൽ ലെവലിൽ തന്നെ ആയിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.കാരണം ഇത്തരത്തിൽ ഒരു subject അതിന്റെ മാക്സിമം output ലക്ഷ്യമാക്കി ഉള്ളതായിരുന്നു. അത് പൂർണമായും സാധ്യമാക്കാൻ ആവുന്നതെല്ലാം ചെയ്തിട്ടുണ്ട്.. ഉദ്ദേശിച്ച reach ൽ ഒരളവു വരെ എങ്കിലും എത്താൻ ദൈവാനുഗ്രഹവും ഉണ്ടായി". -രഞ്ജിലാൽ ദാമോദരൻ thekeralapost.com നോട് പറഞ്ഞു. 

ഒരു ചലച്ചിത്രം തയ്യാറാക്കി തിയേറ്ററിലേക്ക് തള്ളിവിട്ട് നടന്നകലുന്നവരിൽ നിന്ന് വ്യത്യസ്തനാവുകയാണ് ഈ സംവിധായകൻ. താൻ തയ്യാറാക്കിയ ചലച്ചിത്രത്തിന്റെ കൂടെനിന്ന് അതിനെ അന്താരാഷ്ട്രസമൂഹത്തിന് കൂടി പരിചയപ്പെടുത്തുകയാണ് രഞ്ജിലാൽ ദാമോദരൻ . ഈ പരിചയപ്പെടുത്തലുകളാവട്ടെ സംവിധായകന്റെ തൊപ്പിയിൽ അംഗീകാരത്തിന്റെ പൊൻതൂവലുകളായി മാറുകയും ചെയ്യുന്നു.