കാഴ്ചകളും ഉള്‍ക്കാഴ്ചകളുമായി കാര്‍ബണ്‍

മുന്നറിയിപ്പിന് ശേഷം വേണു കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് കാര്‍ബണ്‍. മനുഷ്യന്റെ ഭ്രാന്തവും കാല്പ്പനികവുമായ വികാരങ്ങളെ വെള്ളിത്തിരയിലെത്തിക്കാന്‍ ഈ രണ്ട് ചിത്രങ്ങളിലും വേണു ശ്രമിച്ചിട്ടുണ്ട്. നായക കഥാപാത്രത്തിന്റെ നിര്‍മ്മിതിയില്‍ വേണു കാണിക്കുന്ന സൂക്ഷ്മത മുന്നറിയിപ്പിലെന്ന പോലെ കാര്‍ബണിലും കാണാം.
സിബിയെന്ന കഥാപാത്രത്തെ ഊന്നിയാണ് കാര്‍ബണ്‍ കഥ പറയുന്നത്. കാര്‍ബണിന്റെ രണ്ട് വകഭേദങ്ങളാണ് കരിയും വജ്രവും. ഈ സിനിമയില്‍ സിബി തന്നെയാണ് കാര്‍ബണ്‍. സിബി തന്നെ കരിയും വജ്രവുമാകുന്നതാണ് സിനിമയുടെ ആദ്യപകുതിയും രണ്ടാം പകുതിയുമെന്ന് വ്യാഖ്യാനിക്കാം. സിനിമയില്‍ പക്ഷേ ഇതിനെക്കുറിച്ച് പരാമര്‍ശമൊന്നുമില്ല.
പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ചില്ലറ തരികിടകളുമായി അങ്ങിനെ ജീവിച്ച് പോകുന്ന ചെറുപ്പക്കാരന്. പെട്ടെന്ന് പണക്കാരനാകണം എന്നതാണ് സിബിയുടെ ആഗ്രഹം. സിബിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ റിയലിസ്റ്റിക്കായി ഒരു തട്ടുകടയിടുന്നതിനോട് അവന് താല്‍പ്പര്യമില്ല. പകരം ഫാന്റസിയില്‍ വിശ്വസിക്കാനാണ് ഇഷ്ടം. ഈ ഭ്രമവും വിചിത്ര കല്‍പ്പനകളുമെല്ലാം ചിലപ്പോഴെല്ലാം അവനെ പേടിപ്പിക്കുന്നുമുണ്ട്. അതോടൊപ്പം പ്രേക്ഷകനെ കണ്‍ഫ്യൂഷനാക്കുകയും ചെയ്യും. റിയലിസവും ഫാന്റസിയും തമ്മില്‍ നേര്‍ക്ക് നേര് വരുമ്പോള്‍ കഥാപാത്രത്തിന് ഉണ്ടാകുന്ന കണ്ഫ്യൂഷന് പ്രേക്ഷകനിലും ഉണ്ടാകുന്നു. അതുകൊണ്ട് തന്നെ ചിലര്‍ക്കെങ്കിലും സിനിമ കടിച്ചാപൊട്ടാത്തതാകും.
മരതകം, വെള്ളിമൂങ്ങ തുടങ്ങിയവയുടെ പേരും പറഞ്ഞ് തട്ടിപ്പ് നടത്തി അങ്ങിനെയങ്ങ് ജീവിച്ചു പോന്ന സിബി ഒരു പ്രത്യേക സാഹചര്യത്തില്‍ കാട്ടിലെത്തപ്പെടുന്നു. അഞ്ച് പൈസ കയ്യിലില്ലെങ്കിലും ആയിരങ്ങളും ലക്ഷങ്ങളുമല്ല കോടികള്‍ തന്നെ സമ്പാദിക്കാനുള്ള മോഹം കാട്ടിലും സിബിയെ വെറുതെയിരുത്തുന്നില്ല. ഒരു പ്രത്യേക ലക്ഷ്യവുമായി സിബി കാടിനുള്ളിലേക്ക് കയറിപ്പോവുകയാണ്. ഇതാണ് സിനിമയുടെ രണ്ടാം പകുതി.
അനില്‍ സി രാധാകൃഷ്ണമോനോന്റെ ലോര്‍ഡ് ലിവിങ്സ്റ്റണ് 7000 കണ്ടി എന്ന സിനിമയിലാണ് കാടിന്റെ മനോഹാരിത ശരിക്കും ആസ്വദിച്ചത്. കാര്‍ബണും കാടിനോട് കൊതി തോന്നിപ്പിക്കുന്നതില്‍ ഒട്ടും പിന്നിലായില്ല. കെയു മോഹനന്റേതാണ് ഛായാഗ്രഹണം. പുറത്ത് നിന്ന് കാട് കാണുന്ന തോന്നലല്ല, മറിച്ച് കാടിന് അകത്ത് പെട്ടുപോയതുപോലുള്ള പ്രതീതിയാണ് സിനിമ നല്‍കുന്നത്. കാടിന്റെ വശ്യതയും ഭീകരതയും ഒരുപോറലുമേല്‍ക്കാതെ പ്രേക്ഷകന് അനുഭവപ്പെടും. അതിമനോഹരങ്ങളായ മോഹിപ്പിക്കുന്ന കാഴ്ചകളാണ് കാര്ബണിലുള്ളത്.
സിനിമയിലെ പല കഥാപാത്രങ്ങളെയും ദുരൂഹതയുടെ മേമ്പൊടി ചേര്‍ത്താണ് അവതരിപ്പിച്ചിട്ടുള്ളത്. പലരുടെയും പശ്ചാത്തലവും സിനിമ വ്യക്തമാക്കിത്തരുന്നില്ല. പ്രവീണയും സൗബിനും ഒരുമിച്ച് വരുന്ന രംഗങ്ങള്‍ ദുരൂഹതയും ഫാന്റസിയും ഇടകലര്‍ന്ന് വല്ലാത്ത ഒരു ഭാവതലത്തിലേക്കെത്തി. കൊച്ചുപ്രേമന്റെ കഥാപാത്രത്തില്‍ ദുരൂഹതയും റിയലിസവും തമ്മിലുള്ള കൂട്ടുകെട്ടാണ് കണ്ടത്. മമ്ത മോഹന്‍ദാസ് അവതരിപ്പിക്കുന്ന നായിക കഥാപാത്രമായ സമീറയുടെ പശ്ചാത്തലത്തെക്കുറിച്ച് യാതൊരു സൂചനയവും ചിത്രം നല്‍കുന്നില്ല. സമീറയാരാണ്, എന്തിന് ഇവര്‍ കാട്ടിലേക്ക് വന്നു തുടങ്ങിയ ചോദ്യങ്ങള്‍ ചോദ്യങ്ങളായി തന്നെ അവശേഷിക്കുന്നു.
ഒറ്റ ഷോട്ടില്‍ കഥ പറയുന്ന നിരവധി സീനുകളും ചിത്രത്തില്‍ കാണാന്‍ കഴിയും. സിബിയുടെ പൂര്‍വ്വകാലത്തെക്കുറിച്ച് സമീറ ചോദിക്കുമ്പോള്‍ കാണിക്കുന്ന സീന്‍ ഇതിനുദ്ദാഹരണമാണ്. ഓടുന്ന ജീപ്പിന്റെ കണ്ണാടിയിലുടെ പുറകോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന വഴി. ഈ വഴി പക്ഷേ ശൂന്യമാണ്. ഇത്തരത്തില്‍ ചെറുതും പെട്ടെന്ന് കണ്ണില്പ്പെടാത്തതുമായ പല സീനുകളും ഇമേജുകള്‍ക്കും വരെ കാര്‍ബണില്‍ കഥ പറയാനുണ്ട്.
മെല്ലെപ്പോകുന്ന ആദ്യ പകുതി അല്‍പ്പം വിരസമാണ്. ഒപ്പം ഫാന്റസി കൂടി കലരുന്നതോടെ എളുപ്പം ദഹിക്കാന്‍ പറ്റാത്ത സംഗതിയായി ആദ്യ പകുതി മാറുന്നുണ്ട്. ഫഹദ് ഫാസിലിന്റെ അഭിനയ മികവാണ് ആദ്യപകുതിയെ തളര്‍ന്നുപോകാതെ പിടിച്ചു നിര്‍ത്തുന്നത്. എങ്കിലും ചടച്ചുപോയ മനസ്സുമായിട്ടായിരിക്കും രണ്ടാം പകുതി കാണാനിരിക്കുക. പക്ഷേ, രണ്ടാം പകുതി കുറച്ചുകൂടി ചടുലമാണ്. കാട്ടിലൂടെ ഒരു പ്രത്യേക ലക്ഷ്യത്തിനായുള്ള യാത്ര ആകാംഷഭരിതമാണ്. ക്ലൈമാക്സ് വരെ ആ ആകാംഷ നിലനിര്‍ത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുമുണ്ട്.
രണ്ട് ഗാനങ്ങളാണ് ചിത്രത്തില്‍ പ്രധാനമായും ഉള്ളത്. ഇതില്‍ സിബിയുടെ ഭ്രമമായി കാണിക്കുന്ന ദൂരെ ദൂരെ എന്ന ഗാനം വല്ലാത്ത മൂഡാണ് നല്‍കുന്നത്. വിശാല്‍ ഭരദ്വാജ് സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് രേഖ ഭരദ്വാജാണ്. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍. തന്നെത്താനെ എന്ന് തുടങ്ങുന്ന ഗാനവും കഥയോട് നീതി പുലര്‍ത്തുന്നതാണ്. സിബിയെക്കുറിച്ച് തന്നെയാണ് ഈ ഗാനം.
നമ്മുടെ ജീവിതത്തില്‍ കണ്ടാല്‍ മനസ്സിലാകാത്ത കുറേ കാര്യങ്ങളുണ്ടെന്ന് സൗബിന്റെ കഥാപാത്രം പറയുന്നുണ്ട്. ഈ സിനിമയിലും കണ്ടാല്‍ മനസ്സിലാകാത്ത കുറേ കാര്യങ്ങളുണ്ടെന്ന് സിനിമ കണ്ടുകഴിയുമ്പോള്‍ പ്രേക്ഷകനും പറയും. ഇതിനുള്ള സംവിധായകന്റെ മറുപടിയാകും ട്രെയിലറിലുള്ള ഫഹദിന്റെ ഡയലോഗ്. ''കുറച്ചൊക്കെ ഫാന്റസി വേണം, എന്നാലല്ലേ ജീവിതത്തിലൊക്കെ ഒരു ലൈഫുള്ളു...ഏ...ഏ..''
- ലോകകപ്പ് കൗണ്ട്ഡൌൺ തുടങ്ങി; ജൂൺ 16 ന് ഇന്ത്യ-പാക് പോര്; മത്സരക്രമത്തിൽ മാറ്റം വരുത്തില്ലെന്ന് ഐസിസി
- കൊലപാതകികളുടെയും പ്രേരിപ്പിച്ചവരുടെയും കുടുംബങ്ങളും കരഞ്ഞുകാണണം
- മാതൃകാ കായിക കൂട്ടായ്മയ്ക്കുള്ള ലോറസ് സ്പോർട്സ് പുരസ്കാരം 'യുവ'യിലൂടെ ഇന്ത്യയ്ക്ക്
- ഡയൽ '100' മറന്നേക്കൂ; ഇനി മുതൽ ഡയൽ '112'
- യുവതികള്‍ മലചവിട്ടിയിട്ടേ ഇല്ലെന്ന് പറഞ്ഞൂടെ ദേവസ്വം മന്ത്രീീ.....