• 24 May 2018
  • 01: 35 PM
Latest News arrow

"കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത്?"- ഉത്തരം 2017 ഏപ്രില്‍ 28ന്

"കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത്?"- 'ബാഹുബലി ദ ബിഗിനിങ്' കണ്ട പ്രേക്ഷകരുടെ ഈ ജിജ്ഞാസയ്ക്ക് അടുത്തവര്‍ഷം ഏപ്രിലില്‍ വിരാമമാകും.'ബാഹുബലി ദ കണ്‍ക്ലൂഷന്‍' എന്ന രണ്ടാം ഭാഗത്തിന്റെ റിലീസ് തീയ്യതി അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ഫേസ്ബുക്ക് പേജിലൂടെയാണ് 2017 ഏപ്രില്‍ 28ന് 'ബാഹുബലി ദ കണ്‍ക്ലൂഷന്‍ ' തിയറ്ററുകളിലെത്തുമെന്ന് അറിയിച്ചിട്ടുള്ളത് .ഈ വര്‍ഷം ഡിസംബറില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നേരത്തേ പ്രഖ്യാപിച്ചത്.

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത 'ബാഹുബലി ദ  ബിഗിനിങ് ' എന്ന ചിത്രം ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാണ്.ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിച്ച ഈ ചിത്രം  ദേശീയ പുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകളും നേടി. കട്ടപ്പ എന്ന കഥാപാത്രം എന്തിനാണ് ബാഹുബലിയെ കൊന്നത്  എന്നൊരു ചോദ്യം പ്രേക്ഷകന്റെ മനസ്സില്‍ അവശേഷിപ്പിച്ച്  ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ്.എസ് രാജമൗലി അവസാനിപ്പിച്ചത്.

ഹൈദരാബാദിലെ രാമോജി ഫിലിംസിറ്റി, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തിന്റെ ആദ്യഭാഗത്തെ ചില രംഗങ്ങള്‍  ആതിരപ്പിള്ളിയിലും രണ്ടാം ഭാഗത്തെ രംഗങ്ങള്‍  കണ്ണൂരിലും ചിത്രീകരിച്ചിരുന്നു.