• 16 Oct 2019
  • 09: 52 PM
Latest News arrow

കൂടത്തായി കൊലപാതകപരമ്പര സിനിമയാക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍; അന്വേഷണ ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍

സംഭവബഹുലമായ കൂടത്തായി കൊലപാതകപരമ്പര നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ സിനിമയാക്കുന്നു. ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിന് വേണ്ടി നേരത്തെ ഒരു കുറ്റാന്വേഷണ കഥ തയ്യാറാക്കിയിരുന്നു. ഇതിന് പകരമാണ് കൂടത്തായി കൊലക്കേസ് സിനിമയാക്കുന്നതെന്നാണ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രം ആര് സംവിധാനം ചെയ്യും, മറ്റ് അഭിനേതാക്കള്‍ ആരൊക്കെ, തിരക്കഥ ആരുടെ തുടങ്ങിയ കാര്യങ്ങളൊന്നും തന്നെ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

ഫെബ്രുവരിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സിനിമയില്‍ നേരത്തെ തയ്യാറാക്കിയ തിരക്കഥയില്‍ നിന്നുള്ള ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. 1966ല്‍ കോളിളക്കം സൃഷ്ടിച്ച മാടത്തരുവി കൊലക്കേസിനെ ആധാരമാക്കി 'മാടത്തരുവി'യെന്നും 'മൈനത്തരുവി കൊലക്കേസെ'ന്നും രണ്ട് സിനിമകള്‍ 1967ല്‍ ഒരേ സമയത്ത് തിയേറ്ററുകളിലെത്തുകയുണ്ടായി. അതുപോലെ കൂടത്തായി കൊലക്കേസ് ആന്റണി പെരുമ്പാവൂര്‍ സിനിമയാക്കാന്‍ ഉദ്ദേശിച്ചതിന് പിന്നാല അതിന് വെല്ലുവിളിയായി മറ്റാരെങ്കിലും ഈ കേസിനെ ആധാരമാക്കി സിനിമാ പ്രഖ്യാപനം നടത്തുമോയെന്നാണ് ഇനി അറിയേണ്ടത്.