• 20 Feb 2019
  • 12: 10 PM
Latest News arrow

പ്രണയമയിയായി ആമി

മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ സ്വത്തം വായനക്കാരുടെ മനസ്സില്‍ പലതാണ്. ഓരോരുത്തരും ഓരോ രീതിയിലാണ് മാധവിക്കുട്ടിയെ അവരുടെ മനസ്സില്‍ കുടിയിരുത്തുന്നത്. ചിലര്‍ക്ക് നൊസ്റ്റാള്‍ജിയ എഴുത്തുകാരി, ചിലര്‍ക്ക് തീവ്ര പ്രണയത്തിന് വേണ്ടി കൊതിക്കുന്ന സ്ത്രീ, ചിലര്‍ക്ക് വൃത്തിക്കെട്ടവളും മാനസികരോഗിയും... ഇങ്ങിനെയിങ്ങിനെ മാധവിക്കുട്ടിയുടെ രചനകളിലൂടെ വായനക്കാകര്‍ ഉണ്ടാക്കിയെടുത്ത സ്വരൂപങ്ങളിലൂടെ മാധവിക്കുട്ടിയുടെ യഥാര്‍ത്ഥ വ്യക്തിത്വം തമസ്‌കരിക്കപ്പെട്ടു, അല്ലെങ്കില്‍ ചിതറിക്കപ്പെട്ടു. സ്വന്തം സ്വപ്‌നങ്ങളെയും ഭ്രമങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെക്കാള്‍ തീവ്രമാക്കിയ ആ ചന്ദ്രലോകവാസിയുടെ മായക്കളി മനസ്സിലാകാത്തവരും അതില്‍ മതിമറന്നവരും നിരവധി. ദാമ്പത്യ ജീവിതത്തിലെ ലൈംഗിക ബന്ധത്തെക്കുറിച്ചും വിവാഹേതര ബന്ധങ്ങളെക്കുറിച്ചം സ്വവര്‍ഗരതിയെക്കുറിച്ചും 'തൊലിയുരിഞ്ഞ് പോകുന്ന' മട്ടില്‍ എഴുതാന്‍ തയ്യാറായ ഈ പെണ്ണ് ഉല്‍ക്കടമായ സ്വാതന്ത്ര്യ ബോധവും വിഭ്രാത്മകമായ കാവ്യ ഭാവനയും സദാചരത്തെ കുത്തിക്കീറുന്ന വീറും വാശിയും ആര്‍ജ്ജവും സംഗമിക്കുന്ന ജീനിയസായിരുന്നു. ഈ ജീനിയസിനെ വെള്ളിത്തിരയിലേക്ക് പകര്‍ത്തിയെഴുതുക എന്നത് കടുത്ത വെല്ലുവിളിയാണ്. ആ വെല്ലുവിളി മറികടക്കുന്നതില്‍ കമല്‍ എന്ന സംവിധായകന്‍ നന്നേ കഷ്ടപ്പെട്ടിട്ടുണ്ട്.

രചനകളിലൂടെ വായിച്ചെടുത്ത മാധവിക്കുട്ടിയെക്കാളുപരി ആ എഴുത്തുകാരിയുടെ ജീവിതത്തെ കൃതികള്‍ക്ക് പുറത്തുനിന്ന് നോക്കിക്കാണാനുള്ള ശ്രമമാണ് കമല്‍ നടത്തിയത്. ആമി എന്ന സിനിമ കാണണമെങ്കില്‍ കമല്‍ എങ്ങിനെയാണ് ആമിയെ കണ്ടതെന്ന് മനസ്സിലാക്കേണ്ടി വരും. കമലിലൂടെ വേണം ആമിയെ കാണാന്‍. എങ്കില്‍ ഈ സിനിമ ഇഷ്ടപ്പെട്ടേക്കും. അല്ലാതെ ഓരോരുത്തരും അവരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നല്‍കിയ രൂപത്തെ പ്രതീക്ഷിച്ചാണ് തിയേറ്ററിലേക്ക് പോകുന്നതില്‍ നിരാശയുടെ പടുകുഴിയിലേക്ക് എടുത്തെറിയപ്പെടും. പിടിച്ചുകയറാന്‍ ചിത്രത്തിലെ അതിമനോഹരങ്ങളായ ഗാനങ്ങള്‍ മാത്രമേ പിടിവള്ളിയായി ഉണ്ടാവൂ...

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ഈണമിട്ട് ശ്രേയ ഘോഷല്‍ പാടിയ നീര്‍മാതളം പൂവിനുള്ളില്‍ എന്നു തുടങ്ങുന്ന ഗാനവും പ്രണയമയീ രാധ എന്ന ഗാനവും ഉര്‍ദു ഗസലുമെല്ലാം നിരാശയില്‍ പൊള്ളിപ്പോയ മനസ്സിലേക്ക് കുളിര് കോരിയിട്ട് അനുഭവമായിരുന്നു. ശ്രീകൃഷ്ണനായെത്തിയ ടൊവിനോ തോമസ് സ്ത്രീപ്രേക്ഷകരിലെ പ്രണയമയിയായ രാധയെ തൊട്ടുണര്‍ത്തും. കാലരംഗപരിചരണത്തിലും സിനിമ മികച്ചു നിന്നു. 

കഥകളിലെ മാധവിക്കുട്ടിയെയും ജീവിതത്തിലെ മാധവിക്കുട്ടിയെയും ഒരു പോലെ വരച്ചുകാട്ടാനുള്ള ശ്രമമായിരുന്നതുകൊണ്ട് ഒരു ഡോക്യുമെന്ററി പോലെയാണ് സിനിമ അനുഭവപ്പെട്ടത്. ചെറുപ്പം മുതല്‍ ജീവിതാവസാനം വരെയുള്ള മാധവിക്കുട്ടിയുടെ ജീവിതത്തെ മൂന്ന് മണിക്കൂര്‍ കൊണ്ട് കാണിച്ചു തന്നു. ചിലപ്പോഴെല്ലാം ഒരു ഡോക്യുമെന്ററിയില്‍ നിന്നും നാടകത്തിന്റെ വെള്ളിത്തിര വേര്‍ഷനിലേക്ക് സിനിമ മാറി. മഞ്ജുവിന്റെ നരേഷന്‍ ഇതിന് ഊര്‍ജ്ജം പകര്‍ന്നു. എന്റെ കഥയിലെ വാചകങ്ങളാണ് നരേഷനായി പറഞ്ഞത്. എത്രത്തോളം  ബോറായി എന്റെ കഥ 'വായിക്കാമെന്ന മഞ്ജു കാണിച്ചു തന്നു. മാധവിക്കുട്ടിയെ ഉള്‍ക്കൊള്ളാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടില്ലെന്ന് അവരുടെ അഭിനയവും മുഖഭാവങ്ങളും വ്യക്തമാക്കുന്നുണ്ടായിരുന്നു. അതേസമയം മാധവിക്കുട്ടിയുടെ ബാല്യവും കൗമാരവും അവതരിപ്പിച്ച പെണ്‍കുട്ടികള്‍ തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്.

കമല ദാസ് കമലാ സുരയ്യയായപ്പോഴുണ്ടായ കോലാഹലങ്ങളുടെ തീവ്രതയും സിനിമയില്‍ അപ്രത്യക്ഷമായിരുന്നു. എല്ലാത്തിനെയും ഒന്നു തലോടി, സുഖിപ്പിക്കേണ്ടവരെ സുഖിപ്പിച്ച് അങ്ങ് പറഞ്ഞുതീര്‍ത്തു. ഇലയ്ക്കും മുള്ളിനും കേടില്ലാതെയുള്ള ഈ അവതരണം ഡോക്യുമെന്ററിയില്‍ വസ്തുത പറയുമ്പോള്‍ കാണിക്കുന്ന സീനുകള്‍ പോലെയുണ്ടായിരുന്നു. 

ആമി ഒരു ഡോക്യുമെന്ററിയല്ല സിനിമയാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ചില പ്രണയാതുര നിമിഷങ്ങളും ചിത്രത്തിലുണ്ടായിരുന്നു. കൗമാരകാലത്ത് കമലയ്ക്ക് ഡ്രോയിങ് മാസ്റ്ററോട് തോന്നുന്ന പ്രണയത്തെ ഇന്ത്യാ വിഭജനത്തിന്റെ സംഘര്‍ഷവേളയിലും കോരിച്ചൊരിയുന്ന മഴയത്തും അവതരിപ്പിച്ചത് നന്നായി. നിലാവ് പൊഴിയുന്ന രാത്രിയില്‍ കുളത്തിന്റെ ഓരത്തിരുന്നുകൊണ്ടുള്ള കമലയും അക്ബര്‍ അലിയും തമ്മിലുള്ള പ്രണയനിമിഷങ്ങളും മനോഹരമായിരുന്നു. അതുപോലെ ആകര്‍ഷകമായിരുന്നു കമലയും ശ്രീകൃഷ്ണനും തമ്മിലുള്ള രംഗങ്ങള്‍. 
 
മാധവിക്കുട്ടിയെ ഏതൊക്കെ രൂപത്തില്‍ പ്രതിഷ്ഠിച്ചാലും എല്ലാത്തിനും മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു രൂപമുണ്ട്. സ്ഥിരവും ഭദ്രവുമായ സ്‌നേഹത്തിന് വേണ്ടി കൊതിക്കുന്ന, സ്‌നേഹം ഭ്രാന്താണെന്നും ദീനമാണെന്നും വേദനയാണെന്നും തപസ്യയാണെന്നും മനസ്സിലാക്കിയ മാധവിക്കുട്ടി. ആ മാധവിക്കുട്ടിയുടെ സ്ഥാനം അപഹരിക്കാന്‍ കമലിന്റെ ആമിയ്ക്ക് കഴിയുമെന്ന് തോന്നുന്നില്ല.