• 09 Dec 2019
  • 03: 46 PM
Latest News arrow

മൂത്തോൻ: പാർശ്വവൽക്കരിക്കപ്പെട്ടവരുടെ നിശ്വാസങ്ങൾ

ലക്ഷദ്വീപിലെ ഭാഷയായ ജെസെരിയിൽ 'മൂത്തോൻ' എന്നാൽ ജ്യേഷ്ഠസഹോദരൻ എന്നാണ് അർത്ഥം. നിവിൻ പോളിയുടെ അക്ബർ എന്ന ഭായ് കഥാപാത്രമാണ് 'മൂത്തോൻ'. ദ്വീപിൽ നിന്നും വർഷങ്ങൾക്കു മുൻപ് നാടുവിട്ട് മുംബൈയിലേക്ക് പോയ 'മൂത്തോൻ' അക്ബറെത്തേടി മുല്ല എന്ന കുട്ടി നടത്തുന്ന അന്വേഷണമാണ് ചലച്ചിത്രത്തിന്റെ ഇതിവൃത്തം.

ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറും മുംബൈ ഇന്റർനാഷണൽ ഫിലിം  ഫെസ്റ്റിവലിൽ ഇന്ത്യൻ പ്രീമിയറും കഴിഞ്ഞാണ് മൂത്തോൻ ഇപ്പോൾ കേരളത്തിലെ തിയേറ്ററുകളിലെത്തിയിട്ടുള്ളത് .  ഈ ഫെസ്റ്റിവലുകളിലെല്ലാം ഭേദപ്പെട്ട അഭിപ്രായം നേടാൻ ഈ ചിത്രത്തിനായിട്ടുണ്ട്.

ബാലതാരമായപ്പോഴും മുതിർന്നപ്പോഴും മികച്ച അഭിനേത്രി എന്ന് തെളിയിക്കുകയും (1986-ൽ 'ഒന്ന് മുതൽ പൂജ്യം വരെ' എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ്, 2004-ൽ 'അകലെ' എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ്)  പിന്നീട്   നിരൂപക പ്രശംസയും അവാർഡുകളും നേടിയ   'കേൾക്കുന്നുണ്ടോ' എന്ന ഹ്രസ്വചിത്രവും 'ലയേഴ്‌സ് ഡൈസ്' എന്ന ഹിന്ദി റോഡ് മൂവിയും സംവിധാനം ചെയ്ത് ആ മേഖലയിലും മികവ് തെളിയിക്കുകയും ചെയ്ത വനിതയാണ് ഗീതു മോഹൻദാസ്.

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോനെ ഒരു മലയാള സിനിമയായി സമീപിക്കേണ്ടതില്ല. ദൃശ്യങ്ങളിലൂടെ ആശയവിനിമയം നടത്തുന്ന ചലച്ചിത്രങ്ങൾക്ക് ഭാഷ പ്രശ്നമല്ലല്ലോ. എങ്കിലും ലക്ഷദ്വീപിലെ മലയാളം കൂടിക്കലർന്ന ജെസെരി ഭാഷയും ഹിന്ദി ഭാഷയുമാണ് കഥാപാത്രങ്ങൾ സംഭാഷണങ്ങൾക്ക് ഉപയോഗിക്കുന്നത്.  മലയാളത്തിലുള്ള സബ് ടൈറ്റിലും നൽകിയിട്ടുണ്ട്.

ലക്ഷദ്വീപിന്റെ മനോഹര ദൃശ്യത്തിൽ നിന്നുമാണ് 118 മിനിറ്റ് ദൈർഘ്യമുള്ള ചലച്ചിത്രം ആരംഭിക്കുന്നത്. ചിത്രത്തിന്റെ മൊത്തത്തിലുള്ള ദൃശ്യചാരുതയ്ക്ക് ക്യാമറയ്ക്കുപിന്നിൽ ഗീതുവിന്റെ ഭർത്താവ് കൂടിയായ രാജീവ് രവി കൂട്ടുണ്ട്.

മുല്ല (സഞ്ജന ദീപു)യിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. മൂസയുടെ (ദിലീഷ് പോത്തൻ) സംരക്ഷണയിലാണ് കുട്ടി വളരുന്നത്. മുല്ലയുടെ പരിസരവും ചങ്ങാതിമാരും മറ്റും നൽകുന്ന ചില സൂചനകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. മൂത്തോനെത്തേടി  മുല്ല തനിച്ച് യാത്രയാരംഭിക്കുകയാണ്. രാത്രി ഒറ്റയ്ക്ക് വഞ്ചിയെടുത്ത് പോവുകയും തിരമാലകളിൽപ്പെട്ട് വഞ്ചി മറിഞ്ഞ് മുങ്ങുകയും ചെയ്ത മുല്ലയെ ഒരു കപ്പൽ രക്ഷിക്കുകയും മുംബൈ പോർട്ടിൽ ഇറക്കിവിടുകയും ചെയ്യുന്നു. അവിടെ ആദ്യം പൊലീസ് സ്റ്റേഷൻ, പിന്നെ ചിൽഡ്രൻസ് ഹോം, അവിടുത്തെ പീഡനശ്രമം... തുടർന്ന് മുംബൈയിലെ ചുവന്ന തെരുവായ കാമാത്തിപുരയിലെ ഇരുണ്ട ജീവിതങ്ങളുടെ ഓരങ്ങളിലേക്ക് എത്തിപ്പെടുകയാണ് മുല്ല.  അവിടെ ലഹരിക്കടിമയായ, എന്തും ചെയ്യാൻ മടിയില്ലാത്ത, ക്രൂരനായ ഭായിയുടെ (നിവിൻ പോളി) ജീവിതത്തിലേക്ക് മുല്ല കടന്നു ചെല്ലുന്നതോടെ ചിത്രം മറ്റൊരു തലത്തിലേക്ക് സഞ്ചരിക്കും.

ഇന്റർവെൽ പഞ്ചിൽ കഥയ്ക്ക് ട്വിസ്റ്റ് സംഭവിക്കുന്നു. നേരത്തെ നൽകിയിരുന്ന ചില സൂചനകൾ ആ ട്വിസ്റ്റിലേക്ക് നയിക്കുന്നതാണ്. അതിനു ശേഷം ഫ്ലാഷ് ബാക്കിൽ അക്ബർ എങ്ങനെ ഭായിയായി മാറിയെന്ന് പറയുന്നു.  വേശ്യാവൃത്തി, പീഡനം, മയക്കുമരുന്ന്, കള്ളക്കടത്ത്, മനുഷ്യക്കടത്ത്, സ്വവർഗ്ഗാനുരാഗം, ട്രാൻസ്‌ജെൻഡർ പ്രശ്നങ്ങൾ എന്നിങ്ങനെ പരിഷ്കൃതസമൂഹം ഇരുണ്ടതെന്ന് കരുതുന്ന പാർശ്വവൽക്കരിക്കപ്പെട്ട, പ്രേക്ഷകന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്ന ഒരു പാതയിലൂടെയാണ് ചലച്ചിത്രം സഞ്ചരിക്കുന്നത്.

നിവിൻ പോളി എന്ന നടനെ ഉടച്ചുവാർത്ത ഒരു ചലച്ചിത്രം കൂടിയാണ് 'മൂത്തോൻ'. അക്ബറായും ഭായിയായും  ശരീരഭാഷയിലൂടെ വിസ്മയകരമായ പകർന്നാട്ടമാണ് നിവിൻ പോളി കാഴ്‌ച വെച്ചത്. അനുരാഗപാൽക്കടലിൽ മുങ്ങിത്തുടിക്കുമ്പോഴുള്ള ആത്മനിർവൃതിയൊക്കെ ഈ നടൻ അവിസ്മരണീയമാക്കി. ദ്വീപിലെ  കുത്ത് റാത്തീബ്  അവതരണമൊക്കെ നിവിൻ പോളിയുടെ അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത മുഹൂർത്തങ്ങളാവും. ഈ വർഷമിറങ്ങിയ ചലച്ചിത്രങ്ങളിൽ നിന്നും മികച്ച നടനുള്ള പുരസ്ക്കാരം പരിഗണിക്കുമ്പോൾ മാറ്റിനിർത്താനാവാത്തവിധം നിവിൻ പോളി കഥാപാത്രവുമായി ഇഴുകിച്ചേർന്നിരിക്കുന്നു. 

ഗീതു മോഹൻദാസിന് 2016-ൽ അമേരിക്കയിലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ഗ്ലോബൽ ഫിലിം മേക്കിങ് അവാർഡ് നേടികൊടുത്ത തിരക്കഥയാണ് 'ഇൻശാ അല്ലാഹ്'. തന്റെ സഹോദരനെത്തേടി ദ്വീപിൽ നിന്നും വൻകരയിലേക്ക് മുല്ലക്കോയ എന്ന പതിനൊന്നുവയസ്സുകാരൻ നടത്തുന്ന യാത്രയാണ് ഈ തിരക്കഥ. ഇതിനെ അടിസ്ഥാനമാക്കിയാണ് 'മൂത്തോൻ' സംവിധാനം ചെയ്തിട്ടുള്ളത്.  ബോളിവുഡിലെ സംവിധായകനും നടനും നിർമ്മാതാവുമൊക്കെയായ അനുരാഗ് കശ്യപും മൂത്തോന്റെ നിർമ്മാണത്തിലും തിരക്കഥയിലും  പങ്കാളിയായിട്ടുമുണ്ട്.

നിവിൻപോളിയേയും ദിലീഷ് പോത്തനെയും കൂടാതെ സുജിത് ശങ്കറും റോഷൻ മാത്യുവുമാണ് മുഖപരിചയമുള്ളവർ. മറ്റെല്ലാവരും മലയാളികൾക്ക് പുതുമുഖങ്ങളായിരിക്കാം. എന്നാൽ അവരുടെ സ്വാഭാവികമായ അഭിനയം ചിത്രത്തിന്റെ നിലവാരം ഉയർത്തുന്നു. പ്രത്യേകിച്ചും മുല്ലയായ സഞ്ജന ദീപുവിന്റെ, അമീറായ റോഷൻ മാത്യുവിന്റെയൊക്കെ....

സലാം ബോംബെ, സ്ലം ഡോഗ് മില്യണെയർ തുടങ്ങിയവയുടെയൊക്കെ ഓർമ്മകളുണർത്തുന്നുണ്ട് പലപ്പോഴും മുംബൈയിലെ കഥാസന്ദർഭങ്ങളിൽ.  അതുപോലെ കടലിലെ ചില ഫാന്റസി ദൃശ്യങ്ങൾ 'ലൈഫ് ഓഫ് പൈ'യുടെയും ഓർമ്മകളുണർത്തുന്നു. ഇങ്ങനെ പറഞ്ഞു പഴകിയ പല സന്ദർഭങ്ങളും തിരക്കഥയുടെ ദൗർബല്യത്താൽ കയറി വരുന്നത് ചലച്ചിത്രത്തിന്റെ സമഗ്രതയെ ബാധിച്ചിട്ടുണ്ട്. എഡിറ്റിംഗ് പാറ്റേൺ പ്രേക്ഷകനെ ചിലപ്പോഴൊക്കെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. അതേസമയം, പലപ്പോഴും ഇഴഞ്ഞു നീങ്ങുന്ന വൈകാരിക രംഗങ്ങളിൽ നിന്നും ചടുലമായ, ത്രസിപ്പിക്കുന്ന ചില രംഗങ്ങളിലേക്ക് ഇടയ്ക്കൊക്കെ പ്രേക്ഷകനെ കൊണ്ടുപോകുന്നുമുണ്ട്.

'ഭായ് അറൈവ്സ്' എന്നൊക്കെ കണ്ട് മസാലയുള്ള ഒരു ആക്ഷൻ ത്രില്ലർ പ്രതീക്ഷിച്ച് പോകുന്നവർക്ക് നിരാശയായിരിക്കും ഫലം എന്ന് പറയട്ടെ.  ഒരു ഫിലിം ഫെസ്റ്റിവൽ മൂഡിൽ മനോഹരദൃശ്യങ്ങളുടെ അകമ്പടിയോടെ കഥ പറയുന്ന ചിത്രമാണ് 'മൂത്തോൻ'.