ഇസ്ലാമിലെ അനാചാരങ്ങളെക്കുറിച്ച് വാട്ട്സ്ആപ്പ് ചര്‍ച്ച: യുവാവിന്റെ സ്റ്റുഡിയോക്ക് അജ്ഞാതര്‍ തീയിട്ടു

കണ്ണൂര്‍: ഇസ്ലാമിലെ അനാചാരങ്ങള്‍ക്കെതിരെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച നടത്തിയ യുവാവിന്റെ സ്റ്റുഡിയോ അജ്ഞാതര്‍ നശിപ്പിച്ചു. കണ്ണൂര്‍ സ്വദേശിയായ റഫീഖ് തളിപ്പറമ്പയുടെ സ്റ്റുഡിയോയാണ് അജ്ഞാതര്‍ ആക്രമിച്ചത്. സ്റ്റുഡിയോയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ക്യാമറയും അഗ്നിക്കിരയായി. വാട്ട് ഈസ് ഇസ്ലാം എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചകളാണ് സംഭവത്തിന് വഴി തെളിച്ചത്.
റഫീഖ് ഇസ്ലാമിന് ഭീഷണിയാണെന്നാരോപിച്ചായിരുന്നു ആക്രമണം. മുസ്ലീംസമുദായത്തില്‍ സ്ത്രീകള്‍ തലയില്‍ തട്ടമിടുന്നത് സംബന്ധിച്ച റഫീഖിന്റെ നിലപാടുകളാണ് ഗ്രൂപ്പില്‍ ചര്‍ച്ചയായതിന് പിന്നാലെ നാട്ടില്‍ നിന്നുതന്നെ റഫീഖിന് വധഭീഷണിയുണ്ടായിരുന്നു. ഇതിന് പുറമേ ഇസ്ലാമിനെ അവഹേളിക്കുന്നുവെന്നാരോപിച്ച് സോഷ്യല്‍ മീഡിയ വഴി റഫീഖിനെതിരായി വ്യാപക പ്രചരണവും നടന്നിരുന്നു. താന്‍ പലകാര്യങ്ങളിലുമുള്ള അഭിപ്രായങ്ങള്‍ വോയ്സ് മെസേജായാണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാറ് ഇത്തരം വോയ്സ് ക്ലിപ്പുകള്‍ എഡിറ്റ് ചെയതാണ് റഫീഖിനെതിരെയുള്ള പ്രചരണത്തിനുപയോഗിക്കുന്നതെന്ന് റഫീഖ് പറയുന്നു.
ഭീഷണി സന്ദേശങ്ങളും ഓഡിയോ ക്ലിപ്പുകളും ഉള്‍പ്പെടെ റഫീഖ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തനിക്ക് യോജിക്കാന്‍ കഴിയാത്ത കാര്യങ്ങളെ താന്‍ വിമര്‍ശിച്ചത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നതായി വ്യക്തമാക്കിക്കൊണ്ട് റഫീഖ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പിന്നീടായിരുന്നു സ്റ്റുഡിയോക്ക് നേരെ ആക്രമണമുണ്ടായത്.
താനൊരു വിശ്വാസിയല്ല, എന്നാല്‍ മറ്റുള്ളവരുടെ വിശ്വാസങ്ങളെ താന്‍ ഹനിക്കാറില്ല. തന്റ ഭാര്യയും വീട്ടുകാരും ഉള്‍പ്പെടെ എല്ലാവരും വിശ്വാസികളാണെന്നും റഫീഖ് പറയുന്നു.