സോഷ്യല്‍ മീഡിയയില്‍ തിളങ്ങി ഒരച്ഛന്

സോഷ്യല്‍ മീഡിയയില്‍ അടുത്തകാലത്ത് ഏറെ ചിത്രങ്ങള്‍ വൈറലായിട്ടുണ്ടെങ്കിലും ഇപ്പോഴത്തേത് പിതൃസ്നേഹം നിറഞ്ഞ ഒരച്ഛന്റെയും മകന്റേയും ചിത്രമാണ്. മഴയത്ത് മകനൊപ്പം നടന്നുപോകുമ്പോള്‍ മകന് നനയാതെ അവന് മാത്രം കുട ചൂടിക്കൊടുക്കുന്ന വാത്സല്യനിധിയായ ഒരച്ഛന്റെ ചിത്രം. ബാഗ് തൂക്കി അച്ഛന്റെ കൈ പിടിച്ച് നടന്നുപോകുന്ന കുട്ടി നനയാതിരിക്കാനുള്ള ശ്രമമാണ് ഓഫീസ് വേഷത്തിലുള്ള അച്ഛന്റെ ശ്രദ്ധ മുഴുവനും.
രണ്ട് ദിവസം മുന്‍പാണ് ഇമേജ് ഷെയറിംഗ് ആപ്ലിക്കേഷനായ ഇംഗറില് ചിത്രം പോസ്റ്റ് ചെയ്തത്. ഇതുവരെ മൂന്ന് ദശലക്ഷം പേരാണ് ചിത്രം കണ്ടത്. സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തിയിട്ടുണ്ട്. 'മകനെ നനയാതെ സൂക്ഷിക്കുന്നതിലാണ് അച്ഛന്റെ ശ്രദ്ധയെന്ന്' ഇംഗറിലെ ചിത്രത്തിന് ലഭിച്ച കമന്റില്‍ വ്യക്തമാക്കുന്നു. 'കുട്ടിയെ എടുത്ത് രണ്ട് പേര്‍ക്കും കൂടി കുട ചൂടിയാല്‍ പ്രശ്നം തീരുമായിരുന്നില്ലേ?' എന്നടതക്കമുള്ള നിരവധി കമന്റുകള്‍ ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്.