ശ്രീമതി ടീച്ചര്‍ മുതല്‍ സുരേന്ദ്രന് വരെ; നേതാക്കള്‍ക്കെതിരെയുള്ള സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്കെതിരെ റിമ കല്ലിങ്കല്‍

ഭാഷ സംസാരിക്കുന്നതിലുള്ള പ്രാവീണ്യത്തിന്റെ പേരില്‍ ജനപ്രതിനിധികള്‍ പലവേദികളിലായി പരിഹസിക്കപ്പെടുമ്പോള്‍ ഇതിനെതിരെ നിലപാട് വ്യക്തമാക്കി നടി റിമ കല്ലിങ്കല്‍. ഭാഷ ആശയ സംവാദത്തിനുള്ള ഒരു വഴി മാത്രമാണ്, ഭാഷയില്‍ വൈദഗ്ധ്യം ഉള്ളതു കൊണ്ടോ ഇല്ലാത്തതു കൊണ്ടോ മാത്രം ഒരു വ്യക്തിയെ വിലയിരുത്താന്‍ കഴിയില്ലെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു. ഫെയ്സ്ബുക്കില്‍ പോസ്റ്റിലാണ് റിമ നിലപാട് വ്യക്തമാക്കിയത്.
നേരത്തെ ചെന്നൈ വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തില്‍ പാര്‍ലമെന്റില്‍ ശ്രീമതി ടീച്ചര്‍ നടത്തിയ പ്രസംഗത്തിലും ഇന്നലെ കെ സുരേന്ദ്രന്റെ പരിഭാഷയിലും തെറ്റുകള്‍ വന്നതിനെ വലിയ പരിഹാസത്തോടെയാണ് സോഷ്യല്‍ മീഡിയകളില്‍ കൈകാര്യം ചെയ്യുന്നത്. ഇതൊക്കെ മലയാളികള്‍ എത്രമാത്രം വിചിത്രമായ സ്വഭാവത്തിന് അടിമകളാണെന്നാണ് വ്യക്തമാക്കുന്നത്. ഇത്തരം പ്രവണതകള്‍ പ്രോത്സാഹിപ്പിക്കുന്നതു വഴി നാം എന്താണോ നേടിയെടുക്കാന്‍ ശ്രമിക്കുന്നത് അത് നമുക്ക് നഷ്ടപ്പെടുക മാത്രമേ ചെയ്യുകയുള്ളൂവെന്നും റിമ ഫെയ്സ്ബുക്കില്‍ പറയുന്നു. നിലവാരമില്ലാത്ത ട്രോളുകളും പരസ്പരമുള്ള ചെളിവാരിയെറിയലും നമ്മുടെ ലക്ഷ്യത്തിന്റെ പ്രാധാന്യം കുറയ്ക്കുമെന്നും റിമ കുറിച്ചു.
ചെന്നൈ പ്രളയത്തെക്കുറിച്ചും മഴക്കെടുതിയെക്കുറിച്ചും പാര്‍ലമെന്റില്‍ ഇംഗ്ലീഷില്‍ സംസാരിച്ചതിനാണ് ശ്രീമതി ടീച്ചര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പരിഹാസം നേരിടേണ്ടിവരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്നലെ നടന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതില്‍ തെറ്റുപറ്റിയതിനാണ് കെ സുരേന്ദ്രനെതിരെ സോഷ്യല്‍ മീഡിയകളില്‍ ട്രോളുകളുയര്ന്നത്. ഇതിനെതിരെയാണ് റിമ കല്ലിങ്കല്‍ ഫെയ്സബുക്കിലൂടെ പ്രതികരിച്ചിട്ടുളളത്.