• 22 Sep 2023
  • 03: 44 AM
Latest News arrow

ഈ വര്‍ഷത്തെ 'പെന്‍ പിന്റര്‍' പുരസ്‌കാരം മതനിന്ദയാരോപിച്ച് സൗദി ജയിലിലടച്ച ബ്ലോഗര്‍ റെയ്ഫ് ബദാവിക്ക്

റിയാദ്: മതനിന്ദ നടത്തിയെന്നാരോപിച്ച് സൗദി അറേബ്യ ജയിലിലടച്ച ബ്ലോഗര്‍ റെയ്ഫ് ബദാവിക്ക് 2015ലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള 'പെന്‍ പിന്റര്‍' പുരസ്‌കാരം. ബ്രിട്ടീഷ് എഴുത്തുകാരനായ ജെയിംസ് ഫെന്റണ്‍ ജൂണില്‍ 'പെന്‍ പിന്റര്‍' പുരസ്‌കാരാഹര്‍ഹനായിരുന്നു. അദ്ദേഹമാണ് തനിക്കൊപ്പം ബദാവിയുടെ പേരുകൂടി പുരസ്‌കാരത്തിനായി നിര്‍ദ്ദേശിച്ചത്. നൊബേല്‍ ജേതാവായ വിഖ്യാത നാടകകൃത്ത് ഹരോള്‍ഡ് പിന്ററുടെ ഓര്‍മക്കായി 2009ലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

റെയ്ഫിന്റെ മോചനത്തിനായി പോരാടുന്ന വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വേല്‍സ് ബദാവിക്കായി പുരസ്‌കാരം ഏറ്റുവാങ്ങി. മോചനത്തിനായി ഇടപെടാതെ ഉദാസീനരായിരിക്കുന്ന ബ്രിട്ടീഷ് ഗവര്‍ണ്‍മെന്റിന്റെ സമീപനത്തെ വേല്‍സ് കുറ്റപ്പെടുത്തി.

2012 ലാണ് മതനിന്ദാപരമായ ബ്ലോഗുകളുടെ പേരില്‍ 10 വര്‍ഷത്തെ തടവും ആയിരം ചാട്ടയടിയും ശിക്ഷയായി നല്‍കി റെയ്ഫിനെ സൗദി ജയിലിലടച്ചത്. ഇതിനെതിരെ ശക്തമായ അന്താരാഷ്ട്ര പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ശിക്ഷയില്‍ അയവ് വരുത്തിയിരുന്നു.

അന്താരാഷ്ട്ര സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലടക്കം നിരവധി ലോകസംഘടനകള്‍ ശിക്ഷ പിന്‍വലിക്കണമെന്ന് സൗദിയോട് ആവശ്യപ്പെട്ടിരുന്നു.