• 01 Feb 2023
  • 07: 46 AM
Latest News arrow

'ഇല്ലാത്ത കാര്യത്തിന് വല്ലാത്ത പുകില്'

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ അവണൂരിലുള്ള ഗ്രാമീണ നാടകവേദിയായ 'ആക്ട', വിശ്വവിഖ്യാത നാടകകൃത്ത് വില്ല്യം ഷേക്സ്പിയറിന്റെ ' MUCH ADO ABOUT NOTHING' എന്ന നാടകത്തിന്റെ മലയാള രംഗഭാഷ ഒരുക്കിയത് ശ്രദ്ധേയമായി. പി. നാരായണക്കുറുപ്പിന്റെ പരിഭാഷയിൽ 'ഇല്ലാത്ത കാര്യത്തിന് വല്ലാത്ത പുകില്' എന്ന പേരിലാണ് 1958-ൽ രചിക്കപ്പെട്ട ഈ നാടകം അരങ്ങിലെത്തിയത്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ സഹകരണവും നാടകത്തെ അരങ്ങിലെത്തിക്കാൻ സഹായിച്ചു.

തെറ്റിദ്ധാരണകൾ എങ്ങനെ പ്രണയത്തെ തിരസ്കരിക്കുന്നുവെന്നും അതേ തെറ്റിദ്ധാരണകൾ എങ്ങനെ പ്രണയബദ്ധരാക്കുന്നുവെന്നും നർമ്മബോധത്തോടെ അവതരിപ്പിക്കുകയാണ് 'ഇല്ലാത്ത കാര്യത്തിന് വല്ലാത്ത പുകില്' എന്ന നാടകത്തിൽ. തെറ്റിദ്ധാരണകളിൽ കുടുങ്ങാനുള്ള മനുഷ്യസഹജമായ പ്രവണതയാണ് നാടകത്തിന്റെ വശ്യതയ്ക്ക് കാരണം. ശുഭാന്ത്യത്തെ ദുരന്തത്തിലെത്തിക്കാനും അവിടെനിന്നും കൗശലപൂർവ്വം ശുഭാന്ത്യത്തിലെത്തിക്കാനും  ഷേക്സ്പിയർക്കുള്ള പ്രത്യേക കഴിവ് ഈ നാടകത്തിൽ കാണാം. (ഈ നാടകത്തെ അധികരിച്ച് ഇതേ പേരിൽ 1993-ലും 2012-ലും ഹോളിവുഡിൽ സിനിമ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.)  

ഷേക്സ്പിയർ നാടകങ്ങൾ സംവിധാനം ചെയ്യുന്നതിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഡോ. ജെ. തുളസീധരക്കുറുപ്പാണ്  'ഇല്ലാത്ത കാര്യത്തിന് വല്ലാത്ത പുകില്' സംവിധാനം ചെയ്തിട്ടുള്ളത്. ഷേക്സ്പിയറിന്റെ 'ട്വെൽഫ്ത്ത് നൈറ്റ്' , 'മെർച്ചന്റ് ഓഫ് വെനീസ്' തുടങ്ങിയ നാടകങ്ങൾ ഡോ. ജെ. തുളസീധരക്കുറുപ്പ്  ഇതിനു മുൻപ് സംവിധാനം ചെയ്തത് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കോ-ഡയറക്ടർ ആയി നാടകപ്രവർത്തകനും നാടക ഗവേഷകനുമായ രാജീവ് വിജയൻ പ്രവർത്തിച്ചു.

ജോർജ്ജ് സി.എം, സുമേഷ് മണിത്തറ, അമർനാഥ്, അഭിലാഷ്, വിദ്യാശങ്കർ, ഉണ്ണികൃഷ്ണൻ വി.എ, സുരേഷ് വെളപ്പായ, പ്രശോഭ്  ഭാസ്കരൻ, ആനന്ദൻ അവണൂർ, ശശി നാട്ടിൻപുറം, വിപിൻ ചന്ദ്രൻ, ഫ്രാൻസിസ് അവണൂർ, സന്തോഷ് അരങ്ങത്ത്, ദീപിക കെ.എസ്, ബിനി, സീന സുരേഷ്, ഐശ്വര്യ വി.എ, അക്ഷയ് വി.എ  എന്നീ  നാടക കലാകാരന്മാരും കലാകാരികളുമാണ് ഷേക്സ്പീരിയൻ കഥാപാത്രങ്ങളായി അരങ്ങിലെത്തിയത്.

പി.കെ ഉണ്ണിക്കൃഷ്ണൻ ( ആക്ട),  സുബീഷ് കുമാർ ടി.ജി (സംഗീതം), സനന്ദൻ (സാങ്കേതിക സഹായം), ഷിബു മണിത്തറ (ലൈറ്റ് ഡിസൈൻ), ശശി നാട്ടിൻപുറം (മേക്കപ്പ്), ആനന്ദൻ അവണൂർ, അഭിലാഷ്, സുമേഷ് മണിത്തറ (സെറ്റ്& പ്രോപ്പർട്ടി), ബിനി, സീന സുരേഷ് (കോസ്റ്റ്യൂം), ശിവൻ കോലഴി (ശബ്ദം), സന്തോഷ് അരങ്ങത്ത്( സ്റ്റേജ് മാനേജർ), സുനിൽ അവണൂർ, നന്ദൻ അവണൂർ ( കോ-ഓർഡിനേറ്റർമാർ) എന്നിവർ അണിയറയിലും പ്രവർത്തിച്ചു.

ഗ്രാമീണ നാടകവേദിയുടെ ഉന്നമനത്തിനുവേണ്ടി പത്തുവർഷം മുൻപ് രൂപീകരിച്ച 'ആക്ട അവണൂർ' നാടകാവതരണങ്ങൾ നടത്തുകയും പുതിയ അവതരണ രീതികൾ പരിചയപ്പെടുത്തുകയും ചെയ്യുന്നതിന് 'നാട്ടകം' എന്ന പേരിൽ എല്ലാ വർഷവും നാടകോത്സവവും സ്‌കൂളുകളിൽ പരിശീലനക്കളരികളും സംഘടിപ്പിക്കാറുണ്ട്.