യൗവ്വനം നശിക്കാത്ത നൂറാം പിറന്നാള്‍

കാലം എത്ര പിന്നിട്ടാലും കോഴിക്കോടിന്റെ തെരുവുകള്‍ ആ കഷണ്ടിയും കണ്ണടയും കാലന്‍ കുടയും ഒരിക്കലും മറക്കില്ല. കാലം എന്നും യൗവ്വനം നശിക്കാത്തവന്‍ എന്നും അര്‍ത്ഥമുള്ള ഉറൂബ് എന്ന പദം സ്വന്തം പേരാക്കി മാറ്റിയ പിസി കുട്ടികൃഷ്ണന്‍ എന്ന മഹാനായ കഥാകാരനെ അറിയാവുന്നവര്‍ക്ക് ഇന്നും ആ ഓര്‍മകള്‍ മനസില്‍ നിറയുന്നു. വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ ഉറൂബ് കൃതികള്‍ നെഞ്ചേറ്റിയ വായനക്കാര്‍ക്കും പ്രിയ കഥാകാരനെ ഓര്‍ക്കാന്‍ പിറന്നാള്‍ ദിനത്തിന്റെ അകമ്പടി എന്തിന്?. സാധാരണ മനുഷ്യരുടെ അസാധാരണ കഥകളാണ് ഉറൂബ് പകര്‍ത്തിവെച്ചത്. കോഴിക്കോടിന്റെ തെരുവുകളിലലഞ്ഞ്, സൗഹൃദ കൂട്ടായ്മകളില്‍ മുഴുകി, നഗരത്തിന്റെ മുക്കിലും മൂലയിലും പരതി തന്റെ കഥാപാത്രങ്ങളെ ഉറൂബ് കണ്ടെത്തി. ഉറൂബ് വരച്ചിട്ട കഥാപാത്രങ്ങള്‍ക്ക് വരികളിലൂടെ ജീവന്‍ വെക്കുകയല്ല, മറിച്ച് ജീവനുള്ള കഥാപാത്രങ്ങളെ വരികളില്‍ ആവാഹിക്കുകയാണ് അദ്ദേഹം ചെയ്തത്.
കോഴിക്കോട്ടെ സാംസ്‌കാരിക വേദിയുടെ ചിരിച്ചെപ്പായിരുന്നു ഒരു കാലത്ത് പിസി. കോഴിക്കോട് വയനാട് റോഡില്‍ അശോക ആശുപത്രിയ്ക്ക് എതിര്‍ വശത്തെ കൃഷ്ണന്‍കുട്ടി വൈദ്യരുടെ വൈദ്യശാലയ്ക്ക് സാഹിത്യ വൈദ്യശാല എന്ന വിശേഷണം പിസിയുടെ സാന്നിദ്ധ്യം നേടികൊടുത്തു. അങ്ങനെ കോഴിക്കോടിന്റെ ഓരോ മുക്കും മൂലയും പിസിയുടെയും സഹചാരികളുടെയും സാന്നിദ്ധ്യം കൊണ്ട് സാഹിത്യ സമ്പന്നമായിരുന്ന ഒരു കാലം തന്നെയാണ് നൂറാം പിറന്നാളിന്റെ ഏറ്റവും വലിയ ഓര്‍മ്മ.
ഉറൂബിനെയോ സുന്ദരികളും സുന്ദരന്മാരും എന്ന കൃതിയോ കേള്‍ക്കാത്ത മലയാളികളുണ്ടാകില്ല. മലപ്പുറം ജില്ലയിലെ പൊന്നാനിയ്ക്കടുത്തുള്ള പള്ളിപ്രം ഗ്രാമത്തില്‍ കരുണാകര മേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1915 ജൂണ്‍ എട്ടിനാണ് പി സി കുട്ടികൃഷണന്‍ ജനിച്ചത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ എഴുത്തിന്റെ ലോകത്തേക്ക് ആദ്യ കാല്‍വയ്പ്പ് നടത്തി. 1948ല്‍ ഇടശ്ശേരിയുടെ ഭാര്യാ സഹോദരി ദേവകിയമ്മയെ വിവാഹം കഴിച്ചു. 1961ല്‍ സുന്ദരികളും സുന്ദരന്മാരും എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
കലാലോകത്ത് വിഹരിക്കുന്ന കോഴിക്കോട്ടുകാരന്റെ ഇഷ്ടങ്ങളെല്ലാം ഉറൂബിന്റെയും ഇഷ്ടങ്ങളായിരുന്നു. നാടകത്തെയും സിനിമയേയുംമെല്ലാം സാഹിത്യത്തെപ്പോലെ തന്നെ ഉറൂബ് പ്രണയിച്ചു. നാടകാഭിനയയവും എഴുത്തുമെല്ലാമായി കോഴിക്കോടിന്റെ വേദികളില്‍ ഉറൂബ് സജീവമായിരുന്നു. ഇടശ്ശേരിയുടെ കൂട്ടുകൃഷി എന്ന നാടകത്തില്‍ അബൂബക്കറായി വേഷമിട്ടത് ഉറൂബാണ്. മണ്ണും പെണ്ണും , തീകൊണ്ടു കളിക്കരുത്, എന്നീ നാടകങ്ങളും രചിച്ചിട്ടുണ്ട്. പിറന്നാള്‍ എന്ന ഒരു കവിതാ സമാഹാരവും ഉറൂബ് എഴുതിയിട്ടുണ്ട്. പ്രസിഡന്റിന്റെ അവര്‍ഡ് നേടിയ നീലക്കുയില്‍ എന്ന സിനിമയുടെ കഥയും സംഭാഷണവും ഉറൂബിന്റെതാണ്. ഇതിനു പിന്നാലെ രാരിച്ചന്‍ എന്ന പൗരനും, നായരുപിടിച്ച പുലിവാലുമെല്ലാം ആ തൂലികയില്‍ നിന്നും പിറന്നു.
കുട്ടിക്കാലത്ത് വെളിച്ചപ്പാടാകാന്‍ ആഗ്രഹിച്ച് ജീവിത പ്രാരാബ്ധങ്ങള്‍ കാരണം നാടുവിടേണ്ടി വന്ന പിസി കുട്ടികൃഷണന് അണിയാന്‍ ഒരുപാട് വേഷങ്ങളാണ് ദൈവം കരുതി വെച്ചത്. ആറുവര്‍ഷം രാജ്യത്തിന്റെ പലഭാഗങ്ങളില്‍ കറങ്ങി കണക്കെഴുത്തുകാരനും, കമ്പൗണ്ടറും, അദ്ധ്യപകനും, ക്ലാര്‍ക്കുമൊക്കെയായി ജോലി ചെയ്തു. പിന്നീട് പൊന്നാനിയില്‍ തിരിച്ചെത്തിയ പിസി കുട്ടികൃഷ്ണന്‍ ആകാശവാണിയില്‍ പ്രൊഡ്യൂസറും, കഥാകാരനും, പത്രാധിപരുമെല്ലാമായി വേഷ പകര്‍ച്ച നടത്തി. ഒടുവില്‍ പേരുപോലെ തന്നെ യൗവ്വനം നശിക്കത്ത ഓര്‍മ്മകള്‍ ബാക്കിയാക്കി 1979ല്‍ അരങ്ങൊഴിഞ്ഞു.
പൊന്നാനിയില്‍ ജനിച്ച് രാജ്യമൊട്ടുക്കും കറങ്ങി അവസാനം കോഴിക്കോട്ടുകാരനായി ജീവിച്ച്, കോട്ടയത്താണ് ഉറൂബ് കണ്ണടച്ചത്. പക്ഷെ അന്നും ഇന്നും എന്നും ഉറൂബിന്റെ പ്രിയ സങ്കേതം കോഴിക്കോടു തന്നെയാണ്. പ്രിയ കഥാകാരനും കൃതികളും കാലാതീതമാണെങ്കിലും ഓര്‍മ്മിക്കാനും ഒത്തുചേരാനും ഉറൂബിന്റെ ഓര്‍മ്മകള്‍ക്ക് മുകളില്‍ കോഴിക്കോട് ഒരു സ്മാരകം പോലും പണിതിട്ടില്ല. ശതാബ്ദിയുടെ പൂര്‍ണ്ണതയിലും അപൂര്‍ണ്ണതയുടെ ഏടായി ഉറൂബ് സ്മാരകം ബാക്കിയാണ്.