പപ്പേട്ടന്റെ കഥയും ജീവിതവും

മലയാളത്തില്‍ എത്ര നല്ല കഥകളുണ്ടായാലും ചിലര്‍ക്ക് പിടിക്കില്ല. അവര്‍ക്ക് സായിപ്പ് എഴുതുന്നതേ പിടിക്കൂ. കഥ എഴുതുന്നവരൊന്നും സാഹിത്യകാരന്മാരല്ല എന്നാണ് ചിലരുടെ വിചാരം. സാഹിത്യകാരന്മാരാവാന്‍ നോവല്‍ എഴുതണം. അവ സിനിമയാവുകയും വേണം മലയാളത്തിലെ പ്രശസ്ത കഥാകൃത്ത് കഥയുടെ കാലഭൈരവന്‍ എന്ന് പ്രകീര്‍ത്തിക്കപ്പെടുന്ന ടി പത്മനാഭനാഭന്റെ വിമര്‍ശനം. മലയാളത്തില്‍ മികച്ച കഥാകാരന്മാരുണ്ടെങ്കിലും പലര്‍ക്കും അവരെ അംഗീകരിക്കാന്‍ മടിയാണ്.
സായിപ്പിന്റെ ഭാഷയില്‍ എഴുതണമെന്ന് തന്നോട് ആദ്യമായി ഉപദേശിച്ചത് മലയാള കഥകളുടെ സുല്‍ത്താന്‍, വൈക്കം മുഹമ്മദ് ബഷീറാണ്. അതും ഏതാണ്ട് ആറു പതിറ്റാണ്ട് മുമ്പ്. അന്നേ അദ്ദേഹത്തിന് അറിയാമായിരുന്നു മലയാളികളുടെ മനസ്സിലിരുപ്പ്. അതറിഞ്ഞുകൊണ്ടാവണം അദ്ദേഹം തന്റെ 'ബാല്യകാലസഖി' ആദ്യം എഴുതിയത് ഇംഗ്ലീഷിലായിരുന്നു.
കോഴിക്കോട് ഒലീവ് ബുക്‌സിന്റെ പുസ്തകമേളയില്‍ താന്‍ എഴുതിയ 'എന്റെ കഥ എന്റെ ജീവിതം' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു പത്മനാഭന്‍. പുസ്തകങ്ങള്‍ മരിക്കുന്നുവെന്ന ധാരണയിലോ പ്രചാരണത്തിലോ വലിയ കഴമ്പില്ല. നല്ല പുസ്തകങ്ങള്‍ അതിജീവിക്കും, എന്നും വായനക്കാരുമുണ്ടാവും.
എഴുത്തുകാരനെന്ന നിലയിലും വ്യക്തി എന്ന നിലയിലും എനിക്ക് പോരായ്മകളുണ്ടാവാം. എന്നാല്‍ എന്നോട് സത്യസന്ധത പുലര്‍ത്തിയാണ് ഇക്കാലമത്രയും ജീവിച്ചത്. ഇനിയും അങ്ങിനെതന്നെയാവും. വളരെ കുറച്ചു കഥകളെ എഴുതിയിട്ടുള്ളൂ. വയസ് 85 ആയി. ഇതുവരെ 180ല്‍പ്പരം കഥകള്‍. അതു മതി. നോവലൊന്നും ഇതുവരെ എഴുതിയിട്ടില്ല.
'എന്റെ കഥ, എന്റെ ജീവിതം' എന്ന പുസ്തകത്തിലെ ആദ്യത്തെ കഥ 'ആത്മാവിന്റെ മുറിവുകള്‍' എഴുതാനിടയായ സന്ദര്‍ഭവും പപ്പേട്ടന്‍ വിവരിച്ചു.
പ്രശസ്ത ചിത്രകാരനും ചെന്നൈയിലെ ചോളമണ്ഡലത്തിന്റെ ആസൂത്രകനുമായ കെ സി എസ് പണിക്കരുടെ ഒരു ആരാധകനായിരുന്നു താന്‍. കാണാനോ പരിചയപ്പെടാനോ ധാരാളം അവസരമുണ്ടായിട്ടും സാധിച്ചില്ല. മദ്രാസില്‍ ഒരു കോഴ്‌സിന് ചെന്ന കാലത്തായിരുന്നു പണിക്കരുടെ അന്ത്യം. പണിക്കരെ കാണാന്‍ സാധിക്കാത്തതില്‍ അതിയായ ദുഃഖം തോന്നി. മൃതദേഹമെങ്കിലും കാണാമല്ലോ എന്ന് കരുതി പിറ്റേ ദിവസം ചോളമണ്ഡലത്തില്‍ ചെന്നു. അപ്പോഴേക്കും സംസ്‌കാരം നടന്നിരുന്നു. കലാഗ്രാമത്തില്‍ ധാരാളം കലാകാരന്മാര്‍ അവിടവിടെ കൂടിനിന്ന് കലപില പറയുന്നുണ്ട്. തങ്ങളുടെ സൃഷ്ടികള്‍ക്ക് വില പേശുന്നുമുണ്ട്. കൂട്ടത്തില്‍ ഒരാളോട് അന്വേഷിച്ചു, പണിക്കരെ സംസ്‌ക്കരിച്ചതെവിടെയാണ്? അയാള്‍ക്ക് മറുപടി പറയാന്‍ നേരമില്ല. അയാള്‍ അകലേക്ക് ചൂണ്ടിക്കാണിച്ചു. കടലോരത്തേക്ക്. താന്‍ ആ ഭാഗത്തേക്ക് നടന്നു. പട്ടടയില്‍ തീ അണഞ്ഞിരുന്നില്ല. ആരംഗം തന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു.
മദ്രാസില്‍ വരുന്നതിന് കുറേനാള്‍ മുമ്പ് കോട്ടയത്ത് മലയാള മനോരമയുടെ മുഖ്യപത്രാധിപര്‍ കെ എം മാത്യുവില്‍ നിന്ന് ഒരു കത്ത് ലഭിച്ചിരുന്നു. ഭാഷാപോഷിണി സാസ്‌കാരിക മാസിക പുനഃപ്രസിദ്ധീകരണം ആരംഭിക്കുന്നുണ്ടെന്നും പ്രഥമ ലക്കത്തില്‍ ഒരു കഥ ചേര്‍ക്കുന്നുണ്ടെന്നും അത് പത്മനാഭന്റെതാവണമെന്നുമാണ് ആഗ്രഹമെന്നും, ഉടനെ ഒരു കഥ അയച്ചു തരണമെന്നുമായിരുന്നു കത്തിലെ താല്‍പ്പര്യം. കഥ അയക്കാനോ മറുപടി അയക്കാനോ സാധിച്ചില്ല. രണ്ടുമൂന്നു തവണ റിമൈന്‍ഡര്‍ വന്നെങ്കിലും തിരക്ക് മൂലം കഥ എഴുതാനും കഴിഞ്ഞില്ല.
പണിക്കരുടെ നിര്യാണത്തിന്റെ ആഘാതം മനസില്‍ നിന്നും വിട്ടൊഴിയാതെ മദ്രാസിലെ എഫ് എ സി ടി ഗസ്റ്റ് ഹൗസില്‍ തിരിച്ചെത്തിയപ്പോള്‍ പനി പിടിച്ചു കിടപ്പിലായി. 100 ഡിഗ്രിയിലേറെ പനി. അപ്പോഴാണ് കെ എം മാത്യുവില്‍ നിന്നും വീണ്ടുമൊരു കത്ത് വന്നത്. ഭാഷാപോഷിണി ഇന്ന തിയതിക്ക് പ്രസിദ്ധീകരിക്കുമെന്നും താങ്കളുടെ കഥ ലഭിക്കായ്കയാല്‍ ആദ്യ ലക്കം കഥയൊന്നും ചേര്‍ക്കതെയാണ് പ്രസിദ്ധീകരിക്കുന്നതെന്നുമായിരുന്നു കത്തിലെ സൂചന.
ആ വാചകങ്ങള്‍ തന്റെ മനസില്‍ തറച്ചു. തന്റെ കഥ ഇഷ്ടപ്പെടുന്നവരുണ്ടല്ലൊ എന്നറിഞ്ഞതിലുള്ള സന്തോഷം. പണിക്കരുടെ മൃതദേഹം കാണാന്‍ പോയതും പട്ടട കണ്ടു മടങ്ങിയതും എഴുതി. അതാണ് ആത്മാവിന്റെ മുറിവുകള്‍ എന്ന തലക്കട്ടില്‍ ഭാഷാപോഷിണിയുടെ പുനഃപ്രസിദ്ധീകരണ പതിപ്പില്‍ വന്ന ആദ്യ കഥ. മഹാനായ പണിക്കര്‍ക്ക് സമര്‍പ്പിച്ച കഥ.