• 23 Sep 2023
  • 03: 44 AM
Latest News arrow

സ്വാതന്ത്ര്യത്തിന്റെ ഉപ്പുകുറുക്കിയ കോഴിക്കോട് കടപ്പുറത്ത് സാഹിത്യത്തിന്റെ ഉപ്പു നോക്കുന്നു

കോഴിക്കോട്: ജീവിതത്തെ നിയന്ത്രിക്കുന്ന ഘടകങ്ങളിലൊന്നാണ് സാഹിത്യം. മതവും നീതിന്യായ വ്യവസ്ഥയും പോലെ സാമൂഹിക ജീവിതത്തില്‍ നിര്‍ണയാകമായ സ്വാധീനം സാഹിത്യത്തിനുണ്ട്. സാഹിത്യം കൊണ്ട് എന്ത് പ്രയോജനമുണ്ടെന്ന ചോദ്യമുയരുന്നു. ജീവിതത്തിന്റെ നിയാമക ശക്തികളിലൊന്നാണിത്. അതില്‍ വിനോദമുണ്ട്, അറിവിന്റെ അക്ഷയ ഖനിയുണ്ട്. ജ്ഞാനപീഠ ജേതാവും മലയാളത്തിന്റെ അഭിമാനവുമായ എംടി വാസുദേവന്‍ നായര്‍ കോഴിക്കോട് നാല് ദിവസത്തെ സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഉദ്‌ബോധിപ്പിച്ചു. 

എഴുത്തിനെയും പുസ്തകങ്ങളെയും ആഘോഷമാക്കുന്നതാണ് ഈ സാഹിത്യോത്സവം. പുതിയ സാഹിത്യ കൂട്ടായ്മകള്‍ ഉണ്ടാവുകയും കാതലായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നത് സ്വാഭാവികമായും സാംസ്‌കാരിക മേഖലയ്ക്ക് ഉണര്‍വ് പകരും. എഴുത്തിനെയും പുസ്തകങ്ങളെയും ആഘോഷിക്കുകയാണ് ഈ സാഹിത്യോത്സവം. 

മലയാളത്തിന്റെ പാരമ്പര്യം നിലനിര്‍ത്താനും ഭാഷ സമ്പുഷ്ടമാക്കാനും സാഹിത്യോത്സവം സഹായകമാവുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. സാഹിത്യങ്ങളെ വേട്ടയാടുന്ന അസഹിഷ്ണുതയും എഴുത്തുകാരന്റെ മേലുള്ള നിയന്ത്രണങ്ങളും ആവിഷ്‌കാര സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റവും വര്‍ധിക്കുന്ന കാലത്ത് സാഹിത്യോത്സവത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

സാംസ്‌കാരിക മാനവികതയ്ക്കായി വാതായനങ്ങള്‍ തുറന്നിടേണ്ട കാലമാണിതെന്ന് പ്രശസ്ത സാഹിത്യകാരി പ്രതിഭാ റായ് പറഞ്ഞു. സാഹിത്യം സാര്‍വ്വലൗകികമാകാനുള്ള കരുത്ത് നേടുന്നത് സ്വന്തം മണ്ണില്‍ കാലുറപ്പിച്ച് നില്ക്കുമ്പോഴാണ്. അര്‍ത്ഥരഹിതമായ വാക്കുകളെക്കാള്‍ നല്ലത് അര്‍ത്ഥപൂര്‍ണ്ണമായ മൗനമാണെന്നും പ്രതിഭ റായ് അഭിപ്രായപ്പെട്ടു.

സ്വതന്ത്യമായ സാംസ്‌കാരിക ഇടങ്ങള്‍ കമ്പോളവത്കരിക്കപ്പെടുകയാണെന്ന് ഗീതാ ഹരിഹരന്‍ പറഞ്ഞു. നാവുകള്‍ നിയന്ത്രിക്കപ്പെടുന്ന കാലത്ത് ഭൂരിപക്ഷത്തിന്റെ അധികാരവും ആശയങ്ങളും എല്ലാറ്റിലും ഇടപെടുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വിപണിവത്കൃതമായ സങ്കല്പങ്ങള്‍ ഉപേക്ഷിക്കുകയും സാംസ്‌കാരികവൈവിദ്ധ്യത്തെ ഉള്‍ക്കൊള്ളുകയുമാണ് നാം ചെയ്യേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു. 

ഇന്ന് ഇന്ത്യയിലെ ചെറിയ നഗരങ്ങളില്‍പോലും സാഹിത്യോത്സവങ്ങളുണ്ട്. സാഹിത്യത്തിന്റെ സംസ്‌കാരം വ്യാപിക്കുന്നതിന്റെ തെളിവുകളാണ് സാഹിത്യോത്സവങ്ങള്‍. കേരളത്തില്‍ മുമ്പ് നടന്ന സാഹിത്യോത്സവങ്ങള്‍ വിജയിക്കാതെ പോയത് സാമ്പത്തികപ്രശ്‌നം കാരണമല്ല, നമ്മുടെ എഴുത്തുകാര്‍ക്ക് പരിമിതമായ പങ്കാളിത്തമേ അവയില്‍ ഉണ്ടായിരുന്നുള്ളൂ എന്നതിനാലാണ്. സാഹിത്യവും ഇതരകലകളും തമ്മിലുള്ള സംവാദം കേരള സാഹിത്യോത്സവത്തിലെന്നതുപോലെ വേറെ എവിടെയുമില്ല. മലയാളസാഹിത്യത്തിന്റെ ഔന്നത്യം ആഘോഷിക്കുന്നതോടൊപ്പം വിമര്‍ശനാത്മകമായ പരിശോധനകള്‍ക്കും സാഹിത്യോത്സവം അവസരമൊരുക്കും. കേരളത്തിലെ വായനക്കാര്‍ നെരൂദയേയും മാര്‍ക്കേസിനെയും സ്വന്തം എഴുത്തുകാരുടെ കൂട്ടത്തില്‍ കണക്കാക്കുന്നവരാണ്. നവീനചിന്തയിലൂടെ എല്ലാറ്റിനെയും പുതുക്കി നിര്‍മ്മിക്കുവാന്‍ അറുപതുകളിലെ മലയാളസാഹിത്യം കാണിച്ച താല്പര്യം ഇന്നും പ്രസക്തമാണ്. എഴുത്തും വായനയും ഒത്തുചേരുന്ന ഉത്സവങ്ങളായി സാഹിത്യോത്സവങ്ങള്‍ മാറുന്നു. 

ഡിസി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഈ സാഹിത്യോത്സവം ഭാവിയില്‍ ഇന്ത്യയില്‍ മറ്റ് പല നഗരങ്ങളിലും കാലുറപ്പിച്ച സാഹിത്യോത്സവങ്ങളുടെ നിരയിലേക്ക് ഉയര്‍ത്തുമെന്ന് പരിപാടിയുടെ ചീഫ് കോര്‍ഡിനേറ്റര്‍ ഡിസി രവിയും ഡയറക്ടര്‍ സച്ചിദാനന്ദനും പറഞ്ഞു.