• 22 Sep 2023
  • 03: 00 AM
Latest News arrow

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ടിപി രാജീവനും വിആര്‍ സുധീഷിനും അവാര്‍ഡ്

തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ 2014ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നിരൂപകന്‍ പ്രഫ്. എം തോമസ് മാത്യുവിനും കവിയും നാടക പ്രവര്‍ത്തകനുമായ കാവാലം നാരായണപ്പണിക്കര്‍ക്കും വിശിഷ്ടാംഗങ്ങള്‍ക്കുള്ള പുരസ്‌കാരം ലഭിച്ചു. 50,000 രൂപയും രണ്ട് പവന്റെ സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് വിശിഷ്ടാംഗങ്ങള്‍ക്ക് നല്‍കുന്നത്.

സമഗ്ര സംഭാവന പുരസ്‌കാരത്തിന് ശ്രീധരന്‍ ചമ്പാട്, വേലായുധന്‍ പണിക്കശ്ശേരി, ഡോ. ജോര്‍ജ് ഇരുമ്പയം, മേതില്‍ രാധാകൃഷ്ണന്‍, ദേശമംഗലം രാമകൃഷ്ണന്‍, ചന്ദ്രകല എസ്. കമ്മത്ത് എന്നിവര്‍ അര്‍ഹരായി. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവന നല്‍കിയ 60 വയസ്സ് കഴിഞ്ഞ എഴുത്തുകാര്‍ക്കാണ് സമഗ്രസംഭാവന പുരസ്‌കാരം നല്‍കുന്നത്. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.

കവിത: ഇടിക്കാലൂരി പനമ്പട്ടടി- പി.എന്‍. ഗോപീകൃഷ്ണന്‍
നോവല്‍ : കെ.ടി.എന്‍. കോട്ടൂര്‍: എഴുത്തും ജീവിതവും - ടിപി രാജീവന്‍
ചെറുകഥ : ഭവനഭേദനം - വിആര്‍ സുധീഷ്
നാടകം : ഏറ്റേറ്റ് മലയാളന്‍ - വികെ പ്രഭാകരന്‍
സാഹിത്യ വിമര്‍ശം : ഉണര്‍വിന്റെ ലഹരിയിലേക്ക് - ഡോ. എം ഗംഗാധരന്‍
വൈജ്ഞാനിക സാഹിത്യം : പരിസ്ഥിതി പഠനത്തിന് ഒരാമുഖം - ഡോ. എ അച്യുതന്‍
ജീവചരിത്രം/ആത്മകഥ : പരല്‍മീന്‍ നീന്തുന്ന പാടം - സിവി ബാലകൃഷ്ണന്‍
യാത്രാവിവരണം : പൊറ്റെക്കാട്ടും ശ്രീയാത്തൂണും ബാലിദ്വീപും - കെ എ ഫ്രാന്‍സിസ്
വിവര്‍ത്തനം : ചോഖേര്‍ബാലി - സുനില്‍ ഞാളിയത്ത്
ഹാസ്യ സാഹിത്യം : മഴ പെയ്ത് തീരുമ്പോള്‍ - ടിജി വിജയകുമാര്‍
ബാലസാഹിത്യം : ആനത്തൂക്കം വെള്ളി - എം ശിവപ്രസാദ് (ശ്രീപത്മനാഭ സ്വാമി സമ്മാനം)

25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കുന്നത്. 

ഭാഷാശാസ്ത്രം, വ്യാകരണം, ശാസ്ത്രപഠനം (ഐ.സി. ചാക്കോ എന്‍ഡോവ്‌മെന്റ്) : ബ്യാരിഭാഷാനിഘണ്ടു - ഡോ. എഎം ശ്രീധരന്‍
ചെറുകഥാ സമാഹാരം ( ഗീത ഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്) : മരണസഹായി - വിഎം ദേവദാസ്

രണ്ടിനും 5,000 രൂപ വീതമാണ് സമ്മാനം.

ഉപന്യാസം (സി.ബി. കുമാര്‍ എന്‍ഡോവ്‌മെന്റ്): ഒറ്റയാന്‍ - ടിജെഎസ് ജോര്‍ജ്  
വൈജ്ഞാനിക സാഹിത്യം (ജി.എന്‍. പിള്ള എന്‍ഡോവ്‌മെന്റ്) : കേരളത്തിലെ ആദിവാസികള്‍: കലയും സംസ്‌കാരവും - മനോജ് മതിരപ്പള്ളി

രണ്ട് എന്‍ഡോവ്‌മെന്റിനും 3,000 രൂപയാണ് സമ്മാനത്തുക. 

നിരൂപണം/പഠനം (കുറ്റിപ്പുഴ എന്‍ഡോവ്‌മെന്റ്) : ഭാവുകത്വത്തിന്റെ ഭൂമിശാസ്ത്രം - പിപി രവീന്ദ്രന്‍
കവിത (കനകശ്രീ എന്‍ഡോവ്‌മെന്റ്) : ശ്വസിക്കുന്ന ശബ്ദം മാത്രം - എന്‍പി സന്ധ്യ
വൈദിക സാഹിത്യം (കെആര്‍ നമ്പൂതിരി എന്‍ഡോവ്‌മെന്റ് ) : ഒരു തുള്ളഇ വെളിച്ചം - പിഎന്‍ ദാസ്

2,000 രൂപ വീതമാണ് സമ്മാനം. 

ജൂറി തുല്യ മാര്‍ക്ക് നിശ്ചയിച്ചപ്പോള്‍ നാടക അവാര്‍ഡില്‍ മാത്രമാണ് അക്കാദമി നിര്‍വാഹകസമിതിക്ക് ഇടപെടേണ്ടി വന്നതെന്ന് പ്രസിഡന്റ് പെരുമ്പടവും ശ്രീധരനും സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അക്കാദമി അവാര്‍ഡ് പ്രഖ്യാപനം വൈകിയെന്ന ആക്ഷേപത്തില്‍ കഴമ്പില്ല. നടപടിക്രമങ്ങള്‍ പാലിച്ചാണ് അവാര്‍ഡ് നിശ്ചയിച്ചത്. ജൂറിയില്‍ ചിലരുടെ ഭാഗത്തുനിന്ന് അവാര്‍ഡ് നിശ്ചയിച്ചുകിട്ടാന്‍ വൈകിയിട്ടുണ്ടെന്ന് സെക്രട്ടറി പറഞ്ഞു. മാര്‍ച്ചില്‍ നടക്കുന്ന അക്കാദമി വാര്‍ഷികത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. 

അതേസമയം സാഹിത്യരംഗത്ത് സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം പ്രമുഖ സാഹിത്യകാരന്‍ മേതില്‍ രാധാകൃഷ്ണന്‍ നിരസിച്ചു. സമ്മാനം നല്‍കാന്‍ സാഹിത്യം ഒരു സ്‌പോര്‍ട്‌സ് അല്ല. രണ്ടും രണ്ടു ലോകമാണ്. സാഹിത്യ അക്കാദമിക്ക് ശരിയായ എഴുത്തുകാരനെ തിരിച്ചറിയാന്‍ കഴിവുണ്ടോയെന്ന സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.