• 22 Sep 2023
  • 03: 05 AM
Latest News arrow

ഉരുളട്ടെ ചക്രങ്ങള്‍, വിടരട്ടെ വായനയുടെ ലോകം

കൊല്ലം: കൂടുതല്‍ വായിക്കൂ ഇന്ത്യ...എന്ന ആഹ്വാനവുമായി ഇന്ത്യ മുഴുവനും സഞ്ചരിക്കുകയാണ് ഒഡീഷ സ്വദേശികളായ ശതാബ്ദി മിശ്രയും അക്ഷയയും. ഇന്ത്യ മുഴുവനുമുള്ള എല്ലാ ആളുകളും വായനക്കാരാകണമെന്ന സ്വപ്‌നവും നെഞ്ചേറ്റിയാണ് ഈ സുഹൃത്തുക്കള്‍ രാജ്യം ചുറ്റുന്നത്. ഛത്തീസ്ഗഡ്, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ പിന്നിട്ട് ഇവരുടെ പുസ്തക വണ്ടി ഇപ്പോള്‍ കേരളത്തിലും എത്തിയിരിക്കുകയാണ്.

പാഠപുസ്തകങ്ങളുടെ വായനയ്ക്കപ്പുറം സാഹിത്യത്തിലൂടെ ചിന്തിക്കുകയും സ്വപ്‌നം കാണുകയും ചെയ്യുന്ന ഒരു ജനതയെയാണ് തങ്ങള്‍ സ്വപ്‌നം കാണുന്നതെന്ന് ശതാബ്ദി മിശ്ര പറഞ്ഞു. 

ഇവരുടെ പുസ്തക വണ്ടിയില്‍ ഏത് തരത്തിലുമുള്ള പുസ്തകങ്ങളും ലഭിക്കും. കവിതകള്‍, കഥകള്‍, നോവലുകള്‍, ചരിത്രം തുടങ്ങി കുട്ടികളുടെ താല്‍പ്പര്യത്തിന് അനുസരിച്ചുള്ള പുസ്തകങ്ങള്‍ വരെ ഈ പുസ്തക വണ്ടിയിലുണ്ട്. ആര്‍ക്കു വേണമെങ്കിലും ഇവരുടെ പക്കല്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങാം. 20 ശതമാനം വിലക്കുറവിലാണ് പുസ്തകം വില്‍ക്കുന്നത്. പുസ്തകം വായിക്കുമ്പോള്‍ ഓരോ വായനക്കാരന്റെയും മുഖത്ത് വിരിയുന്ന പുഞ്ചിരിയാണ് തങ്ങളുടെ സന്തോഷമെന്ന് ഈ പുസ്തകപ്രേമികള്‍ പറയുന്നു.

വായനയോടും യാത്രയോടുമുള്ള ഇഷ്ടമാണ് ശതാബ്ദിയെയും അക്ഷയയെയും ഇത്തരമൊരു സംരംഭത്തിലേക്ക് നയിച്ചത്. ഇനി ഇവരുടെ യാത്ര കര്‍ണാടകയിലേക്കാണ്.