മലയാള നോവലിന്റെ സമകാലികാവസ്ഥ

ഇംഗ്ലണ്ടില്‍ രണ്ടു പ്രാവശ്യം പ്രധാനമന്ത്രിയായിരുന്ന (1868,1874-1880) ബെഞ്ചമിന്‍ ഡിസ്‌റേലി (1804-1881) ബീക്കണ്‍സ് ഫീല്‍ഡ് എന്ന തൂലികാനാമത്തില്‍ എഴുതിയ 'ഹെന്റീറ്റ ടെമ്പിള്‍' (1837) എന്ന നോവലാണ് ഒയ്യാരത്തു ചന്തുമേനോനെ 'ഇന്ദുലേഖ' എഴുതാന്‍ പ്രേരിപ്പിച്ചത്. പ്രണയത്തിന്റെ മധുരോദാരമായ അനുഭൂതികളെയും അനുഭവങ്ങളെയും കാല്‍പനികതയുടെ ഉദാത്തമായ വരദാനമായി ചിത്രീകരിക്കുന്ന ഇന്ദുലേഖ, മണിപ്രവാളകാലത്തെയും വെണ്മണികാലത്തെയും മാംസനിബദ്ധമായ രാഗത്തിന്റെ പാരമ്പര്യത്തില്‍ നിന്ന് മലയാള സാഹിത്യത്തെ രക്ഷിച്ചുമാറ്റിയ ഗദ്യകാവ്യമാണ്. മലയാളത്തിലെ സ്‌തോത്രങ്ങള്‍ പോലും രതികാവ്യങ്ങളായിരുന്ന കാലത്ത് പാശ്ചാത്യലോകത്ത് രതികാവ്യങ്ങള്‍ പോലും സ്‌തോത്രങ്ങളായിരുന്നു എന്ന് നമ്മുടെ ഒരു കവി നിരീക്ഷിച്ചിട്ടുണ്ട്. ഫെര്‍ഡിനാന്റ് ആര്‍മിനും സമ്പന്നയായ മിസ്സ് ടെമ്പിളും തമ്മില്‍ പ്രേമിക്കുകയും തെറ്റിദ്ധാരണയാല്‍ വിട്ടുപോവുകയും ചെയ്യുന്നു. പിന്നീടാണ് ഹെന്റീറ്റയുമായി അയാള്‍ പ്രേമബന്ധത്തിലേര്‍പ്പെടുന്നത്. ആദ്യപ്രണയത്തിന്റെ തെറ്റിദ്ധാരണ മാറിയപ്പോള്‍ ആര്‍മറിനു താന്‍ പ്രണയിച്ച സുന്ദരിമാരില്‍ ആരെയാണു സ്വീകരിക്കേണ്ടതെന്ന് വിഭ്രമമായി. അയാള്‍ക്ക് ഇന്ദുലേഖയുടെ കാമുകനായ മാധവനുമായി ബന്ധമൊന്നുമില്ലെങ്കിലും അയാളെ മനസ്സില്‍ വെച്ചു കൊണ്ടാണ് മാധവനെ രൂപപ്പെടുത്തിയതെന്നു മനസിലാവും. ഇന്ദുലേഖയും സൂരി നമ്പൂതിരിയുമായുള്ള വിവാഹം കഴിഞ്ഞു എന്ന് കേട്ടയുടനെ നാടു വിട്ടു പോയ മാധവനും താന്‍ എന്തിനാണ് മിസ് ടെമ്പിളുമായി തെറ്റിയതെന്നു ഓര്‍ക്കാന്‍ പോലും കഴിയാത്ത ഫെര്‍ഡിനന്റും സ്വഭാവത്തില്‍ വലിയ വ്യത്യാസമില്ല. കാല്‍പനിക പ്രണയത്തിന്റെ ഉദാത്തമായ അവസ്ഥകള്‍ ചിത്രീകരിക്കുവാന്‍ ഡിസ്‌റേലി ശ്രമിക്കുന്നു. എന്നാല്‍, പാരമ്പര്യരീതിയിലുള്ള മാംസനിബദ്ധമായ ശൃംഗാരം സൂരി നമ്പൂതിരിയിലൂടെയും ഉദാത്തമായ പ്രണയം ഇന്ദുലേഖാമാധവന്മാരിലൂടെയും ചിത്രീകരിക്കാനാണ് ചന്തുമേനോന്‍ ശ്രമിക്കുന്നത്. ആദര്‍ശപ്രേമത്തിന്റെയും മാംസനിബദ്ധമായ രതിയുടെയും സവിശേഷതകള്‍ എടുത്തുകാട്ടി ജീവിതത്തില്‍ ആദര്‍ശപ്രേമത്തിനാണ് ഉയര്‍ന്നസ്ഥാനം എന്ന് ചന്തുമേനോന്‍ വ്യക്തമാക്കുന്നു.
ചന്തുമേനോന്‍ ബ്രീട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രവശ്യയിലെ ഒരു കോടതിയിലെ ജഡ്ജായിരുന്നു. അദ്ദേഹം ഇംഗ്ലണ്ടിലെ പ്രധാനമന്ത്രിയായ ഡിസറേലി തൂലികാനാമത്തില്‍ എഴുതിയ നോവല്‍ വായിച്ചത് അദ്ദേഹത്തിന്റെ യജമാനഭക്തിയുടെയും വിശ്വസ്തതയുടെയും ആവശ്യം കൂടിയായിരുന്നു. തോമസ് ഹാര്‍ഡി, ചാര്‍ലസ് ഡിക്കണ്‍സ് തുടങ്ങിയ മഹാരഥന്മാരായ നോവലിസ്റ്റുകളുടെ നോവലുകള്‍ ധാരാളമായി കിട്ടുമെന്നിരിക്കേ ചന്തുമേനോന്‍ ഹെന്റീറ്റ ടെംപിള്‍ തന്നെ വായിച്ചു പ്രചോദനം കൊണ്ടതെങ്കില്‍ മലയാള നോവലിന്റെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു.
സി.വി രാമന്‍പിള്ളയുടെ ചരിത്രനോവലുകളായ മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാ, രാമരാജബഹദൂര്‍ എന്നീ നോവലുകളില്‍ കാല്‍പനികതയുടെ ഉദാത്തമായ പ്രേമം വ്യത്യസ്തമായ രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. മാര്‍ത്താണ്ഡവര്‍മ്മയില്‍ അവതരിപ്പിക്കുന്ന പാറുകുട്ടിയുടെയും അനന്തപത്മനാഭന്റെയും പ്രണയം അസാധാരണമായ മിഴിവുള്ളതാണ്. മരിച്ചു എന്ന് ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുന്ന അനന്തപത്മനാഭന്‍ തിരിച്ചുവരും എന്ന പ്രതീക്ഷയോടെ കാത്തുകാത്ത് രോഗബാധിതയാകുന്ന പാറുകുട്ടി മലയാളനോവലിലെ പില്‍ക്കാല നായികമാരെ സ്വാധീനിക്കുവാന്‍വരെ പോന്നവളായിരുന്നു. ഹാക്കിംജിയുടെ സംഘത്തില്‍പ്പെട്ടു നാടുചുറ്റുകയും ഒടുവില്‍ തിരുവനന്തപുരത്ത് എത്തിപ്പെടുകയും ചെയ്യുന്ന അനന്തപത്മനാഭന്‍ ഹാക്കിമിന്റെ സഹോദരപുത്രിയായ സുലേഖയെ പാറുക്കുട്ടിയെ കാണുന്നതിനു മുന്നേ കണ്ടുമുട്ടിയിരുന്നെങ്കില്‍ പ്രേമിച്ചുപോകുമായിരുന്നു. ഹാക്കിം സ്വന്തം പുത്രിയായി കരുതുന്ന സുലേഖയെ ഷംഷുധീന്‍ എന്ന പേരില്‍ കൂടെ കഴിയുന്ന അനന്തപത്മനാഭനെ മതം മാറ്റിച്ച് വിവാഹം കഴിപ്പിക്കണം എന്നു മോഹിക്കുന്നു. എന്നാല്‍, പാറുക്കുട്ടിയുമായുള്ള ഷംഷുധീന്റെ പ്രണയകഥ മകന്‍ നൂറുദ്ദീനില്‍ നിന്നു കേട്ടപ്പോള്‍ അയാളെ നാട്ടിലേക്കു പോകാനനുവദിക്കുന്നു. ആ വൃദ്ധന്റെ സ്‌നേഹവാത്സല്യം വായനക്കാരെ വല്ലാതെ ആകര്‍ഷിക്കുന്നു. ഹൈദരാബാദിലെ ഒരുന്നത മുസ്ലീം ഗൃഹത്തില്‍ ഒന്നരവര്‍ക്കാലം കുടുംബത്തിലെ ഒരംഗത്തെപ്പോലെ കഴിഞ്ഞുകൂടിയ സി വി രാമന്‍പിള്ള, സുലേഖയ്ക്ക് ഷംഷുധീനോടുള്ള പ്രേമത്തെ ഒരു നിഗൂഢരഹസ്യം പോലെ ആവിഷ്‌കരിക്കുന്നു. അത്തരം ഒരു ദിവ്യപ്രണയത്തിന്റെ വികാസമാണ് മീനാക്ഷിയമ്മയും രാജകേശവദാസിനും തമ്മിലുള്ള പറയാനറിയാത്ത പഌട്ടാണിക് പ്രേമത്തിലൂടെ സി വി അവതരിപ്പിക്കുന്നത്. ശ്രദ്ധയോടെ വികാരസംശുദ്ധിയോടെ സി വി അവതരിപ്പിക്കുന്ന കാല്‍പനിക പ്രണയം മലയാളനോവലിസ്റ്റുകളില്‍ അധികം പേര്‍ക്കും കയ്യെത്തിപ്പിടിക്കാനാവാത്തതാണ്.
ചന്തുമേനോന്റെയും സി വിയുടെയും പ്രേമസങ്കല്‍പങ്ങള്‍ പാശ്ചാത്യ നോവലില്‍നിന്നു നേരിട്ടു വന്നതാണെങ്കിലും പില്‍ക്കാല മലയാള നോവലില്‍ ആ പ്രേമസങ്കല്‍പങ്ങള്‍ സ്വാധീനിക്കുന്നതായി കാണാം. തകഴിയുടെ 'രണ്ടിടങ്ങഴി'യിലെ ചിരുതയും ചാത്തനും തമ്മിലുള്ള പ്രണയം മാംസനിബദ്ധമല്ല. ചിരുതയെ പ്രണയിക്കുകയും പെണ്‍പണം നല്‍കാനില്ലാത്തിനാല്‍ വിവാഹത്തില്‍ നിന്നും പിന്തിരിയേണ്ടി വരികയും ചെയ്ത ചാത്തന്റെ കൈയില്‍ ഭാര്യയെ ഏല്‍പ്പിച്ചിട്ടാണ് കോരന്‍ ജയിലിലേക്കു പോകുന്നത്. എന്നാല്‍, അയാള്‍ ജയിലില്‍നിന്നു വരുമ്പോള്‍ ചാത്തന്‍ ചിരുതയെ തിരിച്ചേല്‍പ്പിക്കുന്ന സന്ദര്‍ഭം ടെനിസന്റെ ' ഈന്ക് ആര്‍ഡനി'ല്‍ കാണുന്ന ഉദാത്തമായ പ്രണയത്തെ ഓര്‍മ്മിപ്പിക്കുന്നു. ഇതേ പ്രണയസങ്കല്‍പം 'ചെമ്മീനി'ല്‍ കുറേകൂടി ലൗകികമായ തലത്തില്‍ തകഴി അവതരിപ്പിക്കുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു' എന്ന നോവലിലെ കുഞ്ഞുപ്പാത്തുമ്മയ്ക്ക് സി വിയുടെ പാറുക്കുട്ടിയുടെ നിര്‍മ്മലതയും ശാലീനതയും നിഷ്‌ക്കളങ്കതയുമാണുള്ളത്. അവള്‍ക്ക് പ്രേമം എന്ത് എന്നുപോലും അറിയില്ല. 'കരളിലൊരുബേദന' എന്നു മാത്രമേ അവള്‍ക്കറിയൂ. ഒരെഴുത്തുകാരനും തന്റെ കഥാപാത്രം മറ്റൊരെഴുത്തുകാരന്റെ കഥാപാത്രം പോലെ ആകാന്‍ ആഗ്രഹിക്കുകയില്ല. എന്നാല്‍, സാഹിത്യത്തില്‍ അത്തരം സാമ്യങ്ങള്‍ കണ്ടെത്താനാവും. 'ബാല്യകാലസഖി'യിലെ പ്രേമം ലൗകികപ്രേമമല്ല. ഡിസ്‌റേലിയുടെ ജീവചരിത്രം വായിച്ചിട്ടുള്ളവര്‍ക്കറിയാം. ഹെന്റീറ്റ എന്ന പേരുള്ള ഒരു സ്ത്രീയെ അദ്ദേഹം പ്രണയിച്ചിരുന്നു. അതുപോലെ ബഷീര്‍ ഒരു സുഹറയെ സ്‌നേഹിച്ചിരുന്നു എതാനും വര്‍ഷങ്ങള്‍ക്കു ശേഷം സുഹറയുടെ മകനെ എറണാകുളത്തുവെച്ച് കണ്ടുമുട്ടി എന്നും ബഷീര്‍ പറഞ്ഞിട്ടുള്ള കാര്യം ഓര്‍ത്തുപോവുകയാണ്. അടുത്തകാലത്ത് എംടി 'അസുരവിത്തി'നെക്കുറിച്ച് പറയുകയുണ്ടായി. 'ഞാന്‍ എന്റെ നാട്ടിന്‍പുറത്തെ മനുഷ്യരെ പേരുപോലും മാറ്റാതെ അവതരിപ്പിച്ചത് വലിയ തെറ്റായിപ്പോയി. കാരണം, പലര്‍ക്കും അസുഖമുണ്ടാക്കുന്ന പരാമര്‍ശങ്ങളും ചിത്രീകരണങ്ങളും അതില്‍ അടങ്ങിയിരിക്കുന്നു' (ഡിസി ബുക്‌സ് പുസ്തകോത്സവം 2013ല്‍ ചെയ്ത പ്രസംഗം)
വരും വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'മഞ്ഞി'ലെ വിമല ആദര്‍ശപ്രേമത്തിന്റെ പ്രതീകമാണ്. സുധീര്‍കുമാര്‍മിശ്ര ഒരിക്കലും വരില്ലെന്ന് അവള്‍ക്ക് അറിയാം. എങ്കിലും വരും എന്ന മോഹത്തോടെ, ആശയോടെ അവള്‍ കാത്തിരിക്കുന്നു. അതേ, ജീവിതം വ്യര്‍ത്ഥമായ അഭിലാഷങ്ങളും സ്വപ്‌നങ്ങളും മാത്രം അവശേഷിപ്പിച്ചുകൊണ്ട് തേങ്ങിക്കരച്ചിലുകളായും നിലവിളികളായും മാറിപ്പോകുന്നു. വിലാസിനിയുടെ 'അവകാശികളി'ല്‍ കാല്‍പനിക പ്രേമം സാവകാശം ലൗകികപ്രേമമായി മാറുന്നതു കാണാം. കൃഷ്ണനുണ്ണിയും രാജേശ്വരിയും തമ്മിലുള്ള പ്രേമത്തിലൂടെ അര്‍ദ്ധനാരീശ്വരസങ്കല്‍പത്തിലേക്ക് പ്രേമത്തെ വിലാസിനി ഉയര്‍ത്തിക്കൊണ്ടു പോകുന്നു. സ്ത്രീ സ്ത്രീയായും പുരുഷന്‍ പുരുഷനായും പിരിഞ്ഞു നിന്നാല്‍ ജീവിതം പൂര്‍ണ്ണമാവുകയില്ല. വാക്കും അര്‍ത്ഥവും എന്ന പോലെ സ്ത്രീയും പുരുഷനും ഒന്നായിച്ചേരുമ്പോഴേ ജീവിതത്തിന് അര്‍ത്ഥമുണ്ടാവുകയുള്ളു എന്ന് വിലാസിനി എന്ന എം കെ മേനോന്‍ വിശ്വസിച്ചിരുന്നു.
പില്‍ക്കാലത്തെ മലയാളനോവലുകളില്‍ എന്തുകൊണ്ടോ ആദര്‍ശപ്രേമം കണികാണാനില്ലാതായി. ഒരുപക്ഷേ, മാറിവന്ന ജീവിതത്തിന്റെ ശൈലീഭേദങ്ങളാവാം കാരണം. വായനക്കാരെ എളുപ്പത്തില്‍ വശീകരിക്കാവുന്ന ലൈംഗീക പ്രണയം മലയാളനോവലുകളില്‍ അടുത്തകാലത്തായി വല്ലാതെ വര്‍ദ്ധിച്ചിരിക്കുന്നു.' ജീവിതത്തിന്റെ പുസ്തകം', 'ഫ്രാന്‍സിസ് ഇട്ടിക്കോര' തുടങ്ങിയ നോവലുകളില്‍ മാംസനിബദ്ധമായ രാഗത്തിന്റെ കെട്ടിമറിയലുകളാണുള്ളത്. 'ജീവിതത്തിന്റെ പുസ്തക'ത്തില്‍ കഥാനായകന്‍ പതിനഞ്ചു വയസ്സുമാത്രം പ്രായമായ പെണ്‍കുട്ടിയോട് കാട്ടുന്നത് ലൈംഗികതയെ വിശദമായി വര്‍ണ്ണിച്ചിട്ടുണ്ട്. ബ്‌ളഡ് കാന്‍സര്‍ ബാധിച്ച പെണ്‍കുട്ടിയോടുള്ള അതിക്രമം ഭീകരവും മനുഷ്യത്വരഹിതവുമാണ്. കാര്യം കഴിഞ്ഞിട്ട് കഥാനായകന്‍ 'ജീവിതം എത്ര അര്‍ത്ഥവത്തും മഹനീയവുമാണ്' എന്ന് ആശ്വസിക്കുകയും ചെയ്യുന്നു. മനുഷ്യമാംസം ഭക്ഷിക്കുകയും സുന്ദരിമാരായ സ്ത്രീകളെ ഉടലോടെ ഭക്ഷിക്കുകയും ചെയ്യുന്ന ഒരുവന്റെ നിഗൂഢ രഹസ്യങ്ങളുടെ ആവിഷ്‌കാരമാണ് 'ഫ്രാന്‍സിസ് ഇട്ടിക്കോര'. മലയാളത്തില്‍ പുറത്തിറങ്ങുന്ന പല നോവലുകളിലും ഇത്തരം ക്രൂരമായ ബലാത്സംഗങ്ങളും മനുഷ്യത്വരാഹിത്വങ്ങളും ചിത്രീകരിക്കുന്നുണ്ട്. ജീവിതത്തെ ഈ നോവലിസ്റ്റുകള്‍ അനുകരിക്കുകയാണോ, ഈ നോവലുകള്‍ വായിച്ചിട്ട് നമ്മുടെ യുവജനം അത്തരത്തില്‍ ജീവിക്കുവാന്‍ തുനിയുകയാണോ എന്നു സംശയിക്കണം. ഇത്തരം നോവലുകളാണ് മഹത്തായ നോവലുകള്‍ എന്ന തെറ്റായ സന്ദേശം എവിടെനിന്നൊക്കെയോ വന്നുകൊണ്ടിരിക്കുന്നു.
വായിക്കുംമുമ്പ് ഞാന്‍ എന്തായിരുന്നുവോ അതിനെക്കാള്‍ സംസ്‌കാരസമ്പന്നനായ മനുഷ്യനാവാന്‍ തലനാരിഴയ്‌ക്കെങ്കിലും പ്രേരിപ്പിക്കാത്ത ഒരു നോവലിനെയും നല്ലതെന്നോ മികച്ചതെന്നോ വിശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മികച്ച നോവലുകള്‍ അപൂര്‍വ്വമായിട്ടേ ഉണ്ടാകുന്നുള്ളു. 'ആടുജീവിതം' ജീവിതാവിഷ്‌കാരത്തില്‍ യാഥാര്‍ത്ഥ്യതയും വസ്തുതാപരവുമായ യാഥാര്‍ത്ഥ്യവും പുലര്‍ത്തുന്നുണ്ടെങ്കിലും ശില്‍പപരമായോ കലാപരമായോ മേന്മയുള്ളതല്ല. പരുക്കന്‍ ജീവിതത്തെ പത്രഭാഷയില്‍ അവതരിപ്പിച്ചാല്‍ മഹത്തായ നോവലാകുമോ? 'ആതി' പരസ്പരം ചോരാത്ത ഉപകഥകള്‍ വാരിനിറച്ച് പ്രധാന പ്രമേയത്തെ ദുര്‍ബ്ബലവും വികലവുമാക്കിത്തീര്‍ത്തിരിക്കുന്നു.
'ആരാച്ചാര്‍' മഹത്തായ നോവലാകുവാനുള്ള സാദ്ധ്യതകളുള്ളതായിരുന്നു. പക്ഷേ നോവലിന്റെ കേന്ദ്രസ്ഥാനത്തെക്കുറിച്ചുള്ള എഴുത്തുകാരിയുടെ അങ്കലാപ്പും പശ്ചാത്തലത്തെക്കുറിച്ചുള്ള അറിവില്ലായ്മയും പരത്തിപ്പറയാനുള്ള വ്യഗ്രതയും സാധാരണ ഒരു നോവലാക്കി മാറ്റിക്കളഞ്ഞു. 'ജീവിതത്തിനൊരു മുഖവുര' തലമുറകളുടെ ജീവിതം ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും അവിടത്തേക്ക് എത്തിപ്പെടാന്‍ നോവലിസ്റ്റ് ബഹുദൂരം സഞ്ചരിക്കണം. ആമുഖമായി കൊടുത്തിരിക്കുന്ന ഡയറിക്കുറിപ്പുകള്‍ക്ക് പ്രധാന പ്രമേയവുമായിട്ടോ കഥാഗതിയുമായിട്ടോ യാതൊരു ബന്ധവുമില്ല. എന്തിനാണ് അവ എഴുതിച്ചേര്‍ത്തിരിക്കുന്നത് എന്ന് കഥാകൃത്തിനു തന്നെ പിടിപാടില്ലെന്ന തോന്നലുണ്ടാക്കുന്നു. 'അന്ധകാരനഴി' അറിയാത്ത വിഷയത്തെക്കുറിച്ച് പഠിച്ചെഴുതുമ്പോള്‍ സംഭവിക്കുന്ന ആശയകാലുഷ്യവും പാത്രസ്വഭാവവൈരുദ്ധ്യവും കാരണം ദുര്‍ബ്ബലമാണ്.
മലയാളത്തില്‍ ഉണ്ടാകുന്ന നോവലുകള്‍ മുന്നോട്ടു വെക്കുന്ന സാംസ്‌കാരിക സൗന്ദര്യപ്രതീകങ്ങളും വ്യക്തിപരമായ ജീവിതവിശുദ്ധികളും എന്തൊക്കെയാണ്? സാഹിത്യവും സംസ്‌കാരവും തമ്മിലുള്ള ബന്ധവും അവയുടെ രൂപീകരണവും വികാസവും മനുഷ്യവ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സംസ്‌കാരം, സമൂഹം, വ്യക്തി ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുണ്ടെങ്കിലും സംസ്‌കാരം എന്ന ഘടകം എപ്പോഴും മുന്നിട്ടു നില്‍ക്കുന്നതു കാണാം. സര്‍ഗാത്മക സാഹിത്യം സാംസ്‌കാരിക പ്രതീകങ്ങളെയും സാമൂഹിക ബന്ധങ്ങളെയും വ്യക്തികളുടെ മോട്ടിവേഷനുകളെയുമാണ് സൃഷ്ടിക്കേണ്ടത്. അവ എഴുത്തുകാരന്റെ മൂല്യബോധത്തെയും സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുക മാത്രമല്ല, സമൂഹസംസ്‌കാരത്തെ കരുപ്പിടിപ്പിക്കുകയും മികച്ച മൂല്യങ്ങള്‍ അവതരിപ്പിക്കേണ്ടത് മികച്ച കഥാപാത്രസൃഷ്ടികളിലൂടെയാണ്. കഥാപാത്രങ്ങളെ അന്തരീക്ഷസൃഷ്ടിക്കും രംഗസജ്ജീകരണത്തിനും മറ്റുകഥാപാത്രങ്ങളുമായിട്ടുള്ള സംഘര്‍ഷങ്ങള്‍ക്കും ഉപയോഗിക്കുമ്പോള്‍ നോവലിന്റെ കേന്ദ്രം മാറിപ്പോകുന്നു.
മലയാളത്തില്‍ ഇന്നിറങ്ങുന്ന പല നോവലുകളും വൃഥാസ്ഥൂലവും ആഖ്യാനത്തില്‍ അശ്രദ്ധവും ഭാഷയിലും ശൈലിയിലും ദുഷ്ടവും വായനാസുഖം നല്‍കാത്തവയുമാണ്. പ്രധാനദോഷം നോവല്‍ ഒരു കലാസൃഷ്ടിയാണ് എന്ന മൗലികമായ വസ്തുത നമ്മുടെ നോവലിസ്റ്റുകള്‍ മറന്നുപോകുന്നു എന്നതാണ്. നോവലിനെ കച്ചവടച്ചരക്കാക്കി മാറ്റുന്ന അവസ്ഥ. ആദര്‍ശപ്രേമം ജീവിതത്തില്‍ നിന്നും അകന്നുപോയതുപോലെ നോവലുകളില്‍ നിന്നും അപ്രത്യക്ഷമായത് സ്വാഭാവികമാവാം. പക്ഷേ, ആഖ്യാനചാരുതയും ഭാഷാവിശുദ്ധിയും മലയാളനോവലുകളില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. എങ്ങനെ അവയെ തിരിച്ചുപിടിക്കാം എന്നതാവണം പുതിയ നോവലെഴുത്തുകാരുടെ ലക്ഷ്യം.
നോവല്‍ കീറച്ചാക്കാണ് എന്ന ചൊല്ലിന് ഇന്നത്തെ പാശ്ചാത്യനോവല്‍ ഉദാഹരിക്കാനിവില്ല. നോവല്‍ കലാസൃഷ്ടിയാണ് എന്നും അത് ജൈവരൂപമാണെന്നുമുള്ള ചിന്ത പാശ്ചാത്യരായ എഴുത്തുകാര്‍ക്കുണ്ട്. പുതിയ എഴുത്തുകാരുടെ പല നോവലുകളിലും ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളും പുതിയ അനുഭാവാവസ്ഥകളും ആദര്‍ശപ്രേമത്തിന്റെയും വിശുദ്ധജീവിതത്തിന്റെയും മഹത്വവും ആവിഷ്‌കരിക്കുന്നതു കാണാം. നമ്മുടെ നോവലെഴുത്തുകാര്‍ അതൊന്നും കാണുന്നില്ല.
ചന്തുമേനോനും സി വിയും പിന്നാലെ വന്ന നോവലിസ്റ്റുകളും അവതരിപ്പിച്ച കാല്‍പനികതയുടെ പഌറ്റോണിക് പ്രേമത്തിന്റെയും കാലം കഴിഞ്ഞിരിക്കുന്നു. മലയാളനോവലിന്റെ പാരമ്പര്യത്തെക്കുറിച്ചോ പാശ്ചാത്യനോവലുകളുടെ ഔചിത്യഭംഗികളെക്കുറിച്ചോ അജ്ഞരാണ് നമ്മുടെ നോവലെഴുത്തുകാര്‍. അവരില്‍ പലരും മാര്‍ക്കറ്റ് സംസ്‌കാരത്തെ ആവേശത്തോടെ വാരിപ്പുണരുന്നു. വര്‍ത്തമാനകാല ജീവിതത്തില്‍ കാണുന്ന അവസ്ഥകളെ ഞങ്ങള്‍ സത്യസന്ധതയോടെ ആവ്ഷികരിക്കുന്നു എന്നു അവര്‍ അവകാശപ്പെടുന്നു. ഇത്തരം നോവലുകളാണോ നമുക്കുവേണ്ടത്?
നമുക്കു പ്രതീക്ഷയുള്ളവരായിരിക്കാം. സാഹിത്യത്തില്‍ അപചയത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും കാലങ്ങള്‍ മാറിമാറി വന്നുകൊണ്ടിരിക്കും. അത് ഒരു ചാക്രികവൃത്തിയാണ്. മലയാള നോവല്‍ ഇന്ന് അപചയത്തിന്റെ രാശിയിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് പരിതപിക്കേണ്ടതില്ല. കാരണം താത്കാലികമായ ആ പ്രതിഭാസത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് പ്രതിഭാശാലികള്‍ കടന്നുവരിക തന്നെ ചെയ്യും.