• 08 Jun 2023
  • 05: 52 PM
Latest News arrow

അനുരാധ റോയിയും സഞ്ജീവ് സഹോത്തയും ബുക്കര്‍ പ്രൈസ് പട്ടികയില്‍

ലണ്ടന്‍: ഇന്ത്യന്‍ എഴുത്തുകാരി അനുരാധ റോയിയും ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ സഞ്ജീവ് സഹോത്തയും 2015 ലെ മാന്‍ ബുക്കര്‍ പ്രൈസിന്റെ അവസാന 13 പേരില്‍ ഇടം പിടിച്ചു. 

അനുരാധയുടെ വ്യാഴത്തില്‍ ഉറങ്ങുകയാണ് (സ്ലീപ്പിങ് ഓണ്‍ ജുപീറ്റര്‍) എന്ന നോവലും സഞ്ജീവിന്റെ ഒളിച്ചോടുന്നവരുടെ വര്‍ഷങ്ങളുമാണ് (ദ ഇയര്‍ ഓഫ് ദ റണ്‍എവേയ്‌സ്) ബുക്കര്‍ യോഗ്യതാ പട്ടികയില്‍ ഇരുവര്‍ക്കും സ്ഥാനം നല്‍കിയത്. 

ഒരുപാട് സമയമെടുത്താണ് ഈ പട്ടിക തയ്യാറാക്കിയത്. ചര്‍ച്ചകള്‍ ഒരിക്കലും സമാധാനപരമായിരുന്നില്ല. എങ്കിലും വളരെ സൗഹൃദപരമായി ഞങ്ങള്‍ തീരുമാനത്തിലെത്തി. ബുക്കര്‍ പ്രൈസ് സമിതി ചെയര്‍മാന്‍ മൈക്കല്‍ വുഡ് പറഞ്ഞു. 

ഇപ്പോഴത്തെ പട്ടികയ്ക്ക് ഇതിലും ഇരട്ടി നീളമുണ്ടായിരുന്നു. അത് ചുരുക്കി കൊണ്ടുവരിക വളരെ വിഷമം പിടിച്ച പണിയായിരുന്നു. എന്നിരുന്നാലും പുതിയ പട്ടികയില്‍ ഞങ്ങള്‍ക്ക് സംതൃപ്തിയുണ്ട്. സമിതിയുടെ പരിഗണനയില്‍ വന്ന നോവലുകളെല്ലാം അതിശയിപ്പിക്കുന്നതായിരുന്നു. ഓരോ എഴുത്തുകാരും അവരവരുടെ ഭാഷയില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. മൈക്കല്‍ വുഡ് കൂട്ടിച്ചേര്‍ത്തു. 

വ്യാഴത്തില്‍ ഉറങ്ങുകയാണെന്ന അനുരാധ റോയിയുടെ നോവലിന് മികച്ച പ്രതികരണമാണുണ്ടായിരുന്നത്. ഇന്ത്യന്‍ സമൂഹത്തിന്റെ ഉച്ഛനീചത്വങ്ങളെ തുറന്നു കാണിക്കുന്ന നോവലായിരുന്നു ഇത്. 

അഭയാര്‍ത്ഥികളുടെ വര്‍ഷങ്ങള്‍ എന്ന തന്റെ നോവലില്‍ ബ്രിട്ടനിലേക്ക് കുടിയേറിപ്പാര്‍ത്ത ഇന്ത്യക്കാരുടെ ജീവിതമാണ് സഞ്ജീവ് സഹാത്ത തുറന്നു കാണിക്കുന്നത്. 

ബ്രിട്ടന്‍, അമേരിക്ക, ഐര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, നൈജീരിയ, ജമൈക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാരും ഇപ്രാവശ്യത്തെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

മുന്‍ ബുക്കര്‍ പ്രൈസ് ജേതാവ് ആനി എന്റൈറ്റ് വീണ്ടും നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ദ ഗ്രീന്‍ റോഡ് എന്ന നോവലാണ് ആനിയെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പരിഗണിച്ചത്. 

സെപ്തംബര്‍ 15 ന് ആറ് പേരടങ്ങുന്ന രണ്ടാമത്തെ പട്ടിക പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ 13 നായിരിക്കും ബുക്കര്‍ പ്രൈസ് ജേതാവിനെ പ്രഖ്യാപിക്കുക.