• 22 Sep 2023
  • 03: 54 AM
Latest News arrow

എഴുത്തുകാര്‍ പുരസ്‌കാരം തിരിച്ചു നല്‍കിയത് കാപട്യം; ദേവേന്ദ്ര ഫട്‌നാവിസ്

മുംബൈ: എഴുത്തുകാര്‍ അവര്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നത് വെറും കാപട്യമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. ഇന്ത്യയില്‍ എഴുത്തുകാര്‍ അസഹിഷ്ണുത ഉളവാക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇത് ശരിയായ നടപടിയല്ല. തുല്യ ബഹുമാനത്തോടെ അവാര്‍ഡുകള്‍ അവര്‍ക്ക് മടക്കി നല്‍കുവാന്‍ തങ്ങള്‍ തയ്യാറാണെന്നും ഫട്‌നാവിസ് പറഞ്ഞു. 

എഴുത്തുകാര്‍ക്ക് ബുദ്ധിപരമായ സംവാദത്തിലൂടെയും വിമര്‍ശനത്തിലൂടെയും പൊതു വികാരം ഉണര്‍ത്താവുന്നതാണ്. എന്നാല്‍ പുരസ്‌കാരം തിരിച്ചുകൊടുക്കലല്ല അതിനുള്ള വഴിയെന്ന് ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.

രാജ്യത്ത് അസഹിഷ്ണുത വളര്‍ത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നുള്ള എഴുത്തുകാരുടെ വിമര്‍ശനത്തെ അദ്ദേഹം കുറ്റപ്പെടുത്തി. ദാദ്രി, കല്‍ബുര്‍ഗി സംഭവങ്ങള്‍ പോലെ പലതും ഇന്ത്യയില്‍ മുമ്പും നടന്നിട്ടുണ്ട്. എന്നാല്‍ അന്നൊന്നും എഴുത്തുകാര്‍ എന്തുകൊണ്ട് അവാര്‍ഡ് തിരിച്ചു നല്‍കിയില്ലെന്നും ദേവേന്ദ്ര ഫട്‌നാവിസ് ചോദിച്ചു. എഴുത്തുകാരുടെ പ്രവൃത്തി സംശയം ഉളവാക്കുന്നതാണ്. ഇതേ ചോദ്യം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചോദിച്ചപ്പോഴും എഴുത്തുകാര്‍ക്ക് മറുപടിയില്ലായിരുന്നു. പുരസ്‌കാരം തിരിച്ചുകൊടുത്തതിലൂടെ അവരുടെ കാപട്യമാണ് പുറത്തുവന്നതെന്നും ദേവേന്ദ്ര ഫ്ടനാവിസ് ആരോപിച്ചു.