''എന്റെ വാക്കുകള്‍ക്ക് സുഖമില്ല, താളമില്ല, നിറമില്ല, ഉള്ളത് വേദന നിറഞ്ഞ സ്നേഹം മാത്രം''

ശരീരത്തില്‍ കാമവെറി കുത്തിയിറക്കപ്പെട്ടതിന്റെ വേദനകളെ അക്ഷരങ്ങളാക്കി പരിവര്‍ത്തനം ചെയ്യുകയാണ് സായ. ചണ്ടിയും പിണവുമായി വലിച്ചെറിയപ്പെട്ടേക്കാമായിരുന്ന ജീവിതത്തിലേക്ക് അക്ഷരങ്ങള്‍ പകര്‍ന്നു നല്കിയ വെളിച്ചത്തില്‍ അവള് നടക്കാന്‍ തുടങ്ങിയിരിക്കുന്നു. അക്ഷരങ്ങളുടെ ശക്തി തന്നെ ശക്തയാക്കുമെന്ന് സായക്കിപ്പോള് ഉറപ്പുണ്ട്. കാരണം സര്‍ഗാത്മകതയുടെ ഉറപ്പില്‍ പണിയപ്പെട്ട 'ഞാന്‍ എന്ന മുറിവ്' അവള്‍ക്കു മുന്നില്‍ ദീപമായി നിലകൊള്ളുന്നു. സായയുടെ കവിതകളുടെയും കഥയുടെയും സമാഹാരമാണ് 'ഞാന്‍ എന്ന മുറിവ്'.
സായയെ നമ്മള് അറിയും. എരഞ്ഞിപ്പാലത്തെ ഫ്ളാറ്റില്‍വെച്ച് എതിര്ക്കാന്പോലുമാകാതെ കയറിന്മേല് കുരുക്കപ്പെട്ട് കൂട്ടബലാത്സംഗത്തിനിരയായ ബംഗ്ലാദേശ് യുവതി. വ്യാപാര ഉദ്യോഗസ്ഥ പ്രമുഖരുടെയും രാഷ്ട്രീയ പ്രമാണിമാരുടെയും ക്രൂരമായ മ്ലേച്ഛത ശരീരത്തിനും മനസ്സിനും ഏല്‍പ്പിച്ച ആഴത്തിലുള്ള മുറിവുകള്‍ വീണ്ടും വീണ്ടും പൊട്ടിയൊലിക്കുമ്പോള്‍ അതില്‍ നിന്നും രക്ഷപെടാന്‍ അവള് കൂട്ടുപിടിച്ചത് അക്ഷരങ്ങളെയാണ്. വെള്ളിമാടുകുന്നിലെ സര്‍ക്കാര്‍ മഹിളാമന്ദിരത്തിലിരുന്ന് തന്റെ ഡയറില്‍ കോറിയിട്ട വാക്കുകളെ സായ വിശേഷിപ്പിക്കുന്നതിങ്ങനെ; ''എന്റെ വാക്കുകള്‍ നിങ്ങള്‍ക്ക് സുഖമാവണമെന്നില്ല, അവയ്ക്ക് താളമുണ്ടാവില്ല, നിറമുണ്ടാവില്ല, ഉള്ളത് വേദന നിറയുന്ന സ്നേഹം മാത്രം.''
സായയെ പീഡിപ്പിച്ചവരുടെ ക്രൂരത നിയമത്തിന്റെ മുമ്പില്‍ വിസ്തരിക്കപ്പെടാന്‍ പോകുന്ന അവസരത്തില്‍ തന്നെയാണ് അവളുടെ ആത്മാവിഷ്കാരം അച്ചടിമഷി പുരണ്ട് പുറത്തിറങ്ങുന്നത്. സഹതാപത്തേക്കാളേറെ കുത്തുവാക്കുകളുടെ ക്രൂരമ്പുകള്‍ ഏറ്റുവാങ്ങാന്‍ ശേഷിയില്ലാത്ത ആ യുവതി സായ (നിഴല്‍) എന്ന പേരിലാണ് തന്റെ സമാഹാരം പുറത്തിറക്കുന്നത്.
ജീവതദു:ഖങ്ങളില്‍ ഒറ്റപ്പെട്ടുപോയ മഹിളാമന്ദിരത്തിലെ അന്തേവാസികള്‍ക്ക് സ്നേഹ, സാന്ത്വനങ്ങള്‍ പകരാന്‍ എത്തിയ അനൂപ് ജി എന്ന മനുഷ്യ സ്നേഹിയാണ് സായയിലെ സര്‍ഗാത്മകതയെ കണ്ടെത്തിയത്. ബംഗ്ലാ ഭാഷയിലെഴുതിയ കവിതകളും കഥയും ധാക്കയിലുള്ള സുഹൃത്ത് ഇന്ദുവര്മ്മയുടെ സഹായത്തോടെ അനുപ് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തു. തുടര്‍ന്ന് അനൂപ് തന്നെ സായയുടെ കഥ മലയാളത്തിലേക്കും മൊഴിമാറ്റി. കവിതകള്‍ മലയാളത്തിലേക്ക് മാറ്റിയത് പത്രപ്രവര്‍ത്തകയായ അനുപമാ മിലിയാണ്. തുടര്‍ന്ന് ഡോ. സുനിത കൃഷ്ണന്റെ ആമുഖക്കുറിപ്പോടെ ആം ഓഫ് ജോയ് പുസ്തകം പ്രസിദ്ധീകരിച്ചു.
എന്റെ നല്ലമ്മ, പ്രാര്‍ത്ഥന ചൊല്ലുന്ന താളം, പ്രിയ ബംഗാള്‍, എന്നാണിങ്ങിനെ, മരുഭൂവിനു നടുവില്‍, കണ്ണാടി, മൂന്ന് മക്കള്‍, ഞാന്‍ എന്ന മുറിവ് തുടങ്ങി 18 കവിതകളും പനിനീര്‍ച്ചെടിയുടെ മുള്ള് എന്ന കഥയുമാണ് പുസ്തകത്തിലുള്ളത്. ഈ പുസ്തകം വിറ്റു കിട്ടുന്ന പണം മുഴുവന്‍ സായയ്ക്കും അവളെപ്പോലെ നിഴലായി മാറേണ്ടി വരുന്ന, ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാവുന്ന പെണ്‍കുട്ടികള്‍ക്കുമായി മാറ്റിവെയ്ക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. പുസ്തകത്തിനു വേണ്ട ചിത്രങ്ങളും പുറംചട്ടയും വരച്ചിരിക്കുന്നത് സായ തന്നെയാണ്. '34 ഫീമെയില്‍ ബംഗ്ലാദേശ്' എന്ന പേരില്‍ സായയുടെ ചിത്രങ്ങളുടെ പ്രദര്‍ശനം നവംബര്‍ 14ന് കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട് ഗ്യാലറിയില്‍ നടത്തും.
മൂന്ന് പെണ്‍കുട്ടികളുടെ അമ്മയായ മുപ്പത്തിനാലുകാരി സായ പന്ത്രണ്ടാം വയസ്സിലാണ് വിവാഹിതയാകുന്നത്. ഓട്ടോ ഡ്രൈവറാണ് ഭര്‍ത്താവ്. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സായയെ നല്ല ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് സെക്സ് റാക്കറ്റ് എരഞ്ഞിപ്പാലത്തെത്തിച്ചത്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ