• 08 Jun 2023
  • 05: 34 PM
Latest News arrow

എന്ന് കുട്ടികളുടെ സ്വന്തം കവി

ഒരു ദിവസം ശാസ്ത്ര അധ്യാപകന്‍ ക്ലാസില്‍ വന്നില്ല. അദ്ദേഹത്തിന് പകരം തമിഴ് അധ്യാപകന്‍ ക്ലാസില്‍ വന്നു. ഗണപതിയെന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ജീവിതം മാറ്റി മറിച്ചത് നിസ്സാരമെന്ന് ആരും വിധിയെഴുതിയേക്കാവുന്ന ഈ സംഭവമാണ്. 

ക്ലാസിലെത്തിയ തമിഴ് അധ്യാപകന്‍ ആറുമുഖനര്‍ പാഠപുസ്തകത്തിലുള്ള കാര്യങ്ങള്‍ പഠിപ്പിക്കുന്നതിന് പകരം വിദ്യാര്‍ത്ഥികളോട് അവര്‍ക്ക് തോന്നുന്നത് എഴുതാന്‍ ആവശ്യപ്പെട്ടു. കുട്ടികളെല്ലാം ആവേശത്തോടെ നോട്ടുബുക്കിലെ താളുകളില്‍ അവരുടെ ഭാവനകള്‍ കുത്തിക്കുറിച്ചു. എന്നാല്‍ അവയില്‍ ഒരെണ്ണം ആ അധ്യാപകന്‍ പ്രത്യേകം തെരഞ്ഞെടുത്തു. കവിതയുടെ ഉപഞ്ജാതാവിനെ അടുത്ത് വിളിച്ച് അധ്യാപകന്‍ പറഞ്ഞു. ''നീ ഇനിയും കവിതകള്‍ എഴുതണം.'' 

അന്ന് സയന്‍സ് അധ്യാപകന്റെ അഭാവം സൃഷ്ടിച്ച ശൂന്യമായ ഇടവേളയില്‍ ഒരു കവി പിറക്കുകയായിരുന്നു. ആ കവി ഇന്ന് സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്‌കാരം നേടിയിരിക്കുന്നു. തേടല്‍ വേട്ടൈ എന്ന കവിതാ സമാഹരത്തിനാണ് പുരസ്‌കാരം. 

''പേനയുമായി എനിക്കൊരു ബന്ധമുണ്ടെന്ന് എന്നേക്കാള്‍ മുമ്പേ ആ അധ്യാപകന്‍ തിരിച്ചറിഞ്ഞു.'' കുട്ടികളുടെ സ്വന്തം കവി ശെല്ല ഗണപതി പറഞ്ഞു തുടങ്ങുകയാണ്. 

''കുട്ടികളുടെ കവിതാ ലോകത്തേയ്ക്ക് കടന്നുചെല്ലാന്‍ എനിക്ക് പ്രചോദനം തന്നത് എന്റെ ഗുരുവായ കഴന്തൈ കവിഗ്നര്‍ അഴ വല്ലിയപ്പനാണ്. അവിടെ ഞാന്‍ കുട്ടികള്‍ക്കായി കൊച്ചു കൊച്ചു കവിതകളെഴുതി.
  
2011 ലാണ് പളനിയപ്പ ബ്രദേഴ്‌സ് തേടല്‍ വേട്ടൈ പ്രസിദ്ധീകരിക്കുന്നത്. അവര്‍ക്ക് തന്നെയാണ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നതും. കാരണം ഈ പ്രസാധകരില്ലായിരുന്നുവെങ്കില്‍ തേടല്‍ വേട്ടൈ വെളിച്ചം കാണില്ലായിരുന്നു. 

സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ചെറിയ ചെറിയ കവിതകള്‍ നോട്ടുബുക്കുകളില്‍ കോറിയിടുമായിരുന്നു. എന്നാല്‍ അന്നൊന്നും കവിതയെഴുത്ത് ഗൗരവമായെടുത്തിട്ടില്ല. പിന്നീട് ഇരുപതാമത്തെ വയസ്സില്‍ ചെന്നൈയില്‍ വെച്ച് ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. വല്ലിയപ്പയുടെ 'മലരും ഉള്ളം' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനച്ചടങ്ങായിരുന്നു അത്. മദ്രാസ് സംസ്ഥാന വിദ്യാഭ്യാസ, നിയമ, ധന മനന്ത്രിയായിരുന്നു പുസ്തക പ്രകാശനം നടത്തിയത്. അതെന്നെ വല്ലാതെ ആകര്‍ഷിച്ചു. അന്ന് ഞാന്‍ ഒരു തീരുമാനമെടുത്തു. കുട്ടികള്‍ക്ക് വേണ്ടി കവിതകളെഴുതണമെന്നും ആ പുസ്തകം മന്ത്രിയെക്കൊണ്ട് പ്രകാശനം ചെയ്യിക്കണമെന്നും.

കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍, കൃത്യമായി പറഞ്ഞാല്‍ 1960ല്‍ എന്റെ ആദ്യത്തെ കവിതാ സമാഹാരം 'വെള്ളൈ മുയല്‍' പുറത്തുവന്നു. മന്ത്രിയെക്കൊണ്ട് പുസ്തകം പ്രകാശിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും എന്റെ ആദ്യത്തെ കവിതാ സമാഹരത്തിന് അവതാരിക എഴുതിയത് വല്ലിയപ്പയായിരുന്നു. 

മന്ത്രിയെക്കൊണ്ട് പുസ്തകം പ്രകാശനം ചെയ്യിക്കണമെന്ന ആഗ്രഹവും സഫലമായി. അത് 2007 ലായിരുന്നു. മണക്കും പൂക്കള്‍ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നിര്‍വഹിച്ചത് അന്നത്തെ ധനമന്ത്രിയായിരുന്ന പി. ചിദംബരമായിരുന്നു. 

കുട്ടികള്‍ക്കായി കവിതയെഴുതിയാല്‍ അവ അംഗീകരിക്കപ്പെടില്ലെന്നും വിറ്റുപോകില്ലെന്നും മറ്റ് എഴുത്തുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കുട്ടികള്‍ക്ക് വേണ്ടി മാത്രം കവിതയെഴുതുവാന്‍ തന്നെയായിരുന്നു എന്റെ തീരുമാനം. 

എന്റെ സുഹൃത്തുക്കളിലൊരാള്‍ സിങ്കപ്പൂരിലെ തമിഴ് പാഠപുസ്തകത്തില്‍ എന്റെ കവിത ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന വിവരം പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷവും സംതൃപ്തിയും തോന്നി. തുടര്‍ന്ന് സിങ്കപ്പൂര്‍ സര്‍ക്കാര്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും കുട്ടികള്‍ക്കായി എഴുതുന്ന എഴുത്തുകാര്‍ക്കുമായി സംഘടിപ്പിച്ച ശില്‍പ്പശാലയെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ എന്നെ ക്ഷണിക്കുകയുണ്ടായി.

1987ല്‍ കുട്ടികളുടെ സാഹിത്യ വേദി എനിക്ക് ഒരു അവാര്‍ഡ് നല്‍കി. കുട്ടികള്‍ക്കായി എഴുതുന്നവരുടെ സംഘം എന്നെ അംഗീകരിച്ചതിന്റെ അടയാളമായിരുന്നു ആ അവാര്‍ഡ്. 

പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക പുരസ്‌കാരം തുടര്‍ച്ചയായി മൂന്ന് വര്‍ഷം എന്റെ പുസ്തകങ്ങള്‍ക്ക് ലഭിച്ചു. 2006ല്‍ മണക്കും പൂക്കള്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ ബാലസാഹിത്യത്തിനുള്ള അവാര്‍ഡ് ലഭിച്ചു. 

കുട്ടികള്‍ക്കായി എഴുതാന്‍ എഴുത്തുകാര്‍ തയ്യാറാകണം. മാതാപിതാക്കളും അധ്യാപകരും ഇത്തരം പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുകയും വേണം. ഇതുവഴി ചെറുപ്പം മുതലേ കുട്ടികളില്‍ വായനാശീലം വളര്‍ത്തിയെടുക്കാന്‍ കഴിയും.'' ശെല്ല ഗണപതി പറഞ്ഞുനിര്‍ത്തുന്നു.