ഇസ്ലാമിന്റെ സ്ത്രീവിരുദ്ധതയെ ചോദ്യം ചെയ്ത എഴുത്തുകാരി ഫാത്തിമ മെര്‍നീസി അന്തരിച്ചു

റബാറ്റ്: സ്ത്രീകളുടെ അവകാശങ്ങളും സ്ത്രീപക്ഷ വാദങ്ങളും വരികളിലൂടെ ആവിഷ്കരിച്ചിരുന്ന പ്രശസ്ത എഴുത്തുകാരി ഫാത്തിമ മെര്‍നീസി അന്തരിച്ചു. ഇസ്ലാമിക വ്യാഖ്യാനങ്ങളെ മുന്‍നിര്‍ത്തിയുള്ള മെര്‍നീസിയുടെ എഴുത്തുകള്‍ ഇസ്ലാമിനകത്തും പുറത്തും ഒരു പോലെ ചര്‍ച്ചാ വിഷയമായിരുന്നു.
1940ല്‍ മൊറോക്കയിലെ ഫെസിലാണ് മെര്‍നീസി ജനിച്ചത്. പാരീസിലെ സോര്‍ബോണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും, 1974ല്‍ കെന്റക്കിയിലെ ബ്രാന്‍ഡിസ് യൂണിവേഴ്സിറ്റിയില്‍ നിന്നും സാമുഹിക ശാസ്ത്രത്തില്‍ ഡോക്റ്ററേറ്റും മെര്സീനി കരസ്ഥമാക്കി. പിന്നീട് മൊറോക്കയില്‍ തിരിച്ചെത്തിയ ഫാത്തിമ മെര്‍നീസി റാബത്ത് മുഹമ്മദ് വി യൂണിവേഴ്സിറ്റിയില്‍ അധ്യാപികയായി.
പുരോഗമന സ്ത്രീപക്ഷ വാദത്തെ പരമ്പരാഗത ഇസ്ലാമുമായി കൂട്ടിവായിക്കുവാനുള്ള ശ്രമങ്ങളാണ് ഫാത്തിമ മെര്സീനി നടത്തിയത്. തന്റെ ചിന്തകളെ പതിനഞ്ചിലേറെ പുസ്തകങ്ങളില്‍ അവര്‍ വിവരിച്ചു. ബിയോണ്ട് ദി വെയ്ല്, ദി വെയില് ആന്റ് ദി മേല്‍ എലൈറ്റ്, ഇസ്ലാം ആന്റ് ഡെമോക്രസി, ഡ്രീംസ് ഓഫ് ട്രെസ്പാസ്, വുമണ്‍സ് റെബല്യണ്‍ ആന്‍ഡ് ഇസ്ലാമിക് മെമ്മറി തുടങ്ങിയവ മെര്‍നീസിയുടെ അറിയപ്പെടുന്ന പുസ്തകങ്ങളാണ്.
അതില്‍ തന്നെ ഏറ്റവും ശ്രദ്ധേയം ബിയോണ്ട് ദി വെയ്ല് എന്ന പുസ്തകമാണ്. യുക്തികള്‍ക്ക് ചേരാത്ത മതവിശ്വാസങ്ങളെ അവര്‍ വിമര്‍ശിച്ചു. മതത്തിന്റെ ധാര്‍മ്മിക വശങ്ങളെ സ്ത്രീപക്ഷ കാഴ്ചപ്പാടുകളില്‍ നിന്നും നോക്കിക്കണ്ട മെര്‍നീസി അവയെ വിമര്‍ശിക്കുകയും ചര്‍ച്ചാ വിഷയമാക്കുകയും ചെയ്തു.
1995ല്‍ യൂട്ടീന് റീഡര്‍ തെരഞ്ഞെടുത്ത 100 ഭാവനാശാലികളില്‍ ഇടം നേടിയ ഫാത്തിമ മെര്‍നീസി പിന്നീട് 2013ല്‍ അറേബ്യന്‍ ബിസിനസ് മാഗസിന് തെരഞ്ഞെടുത്ത കരുത്തരായ 100 അറബ് വനിതകളില്‍ പതിനഞ്ചാം സ്ഥാനവും നേടിയിരുന്നു.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ